Monday, July 23, 2012

മാനവൻ


മനുഷ്യനെ തേടി ഞാൻ നടന്നു.. കാണാനായതേയില്ല…
എഴുതപ്പെട്ട പുസ്തകങ്ങളിൽ, പറയപ്പെട്ട വാക്കുകളിൽ, ചൊല്ലിപ്പതിഞ്ഞ കവിതകളിൽ, രസിച്ചു വായിച്ച കഥകളിൽ മനുഷ്യനുണ്ടായിരുന്നു. എന്നിട്ടും ചുറ്റുവട്ടത്തിലെങ്ങും അവനുണ്ടായതേയില്ല.
ഞാൻ ചിന്തിച്ചു മനുഷ്യൻ ഒരു സങ്കല്പം മാത്രമോ?
എന്റെ കുഞ്ഞു ശരീരത്തിലെ ചെറിയ വിവേകബുദ്ദി ഉപയോഗിച്ച് ഞാൻ കണ്ടെത്താൻ ശ്രമിച്ചു..
 ആകാശത്തിന്റെ നെറുകയിൽ നിന്നും ആയിരം മാലാഖമാർ ജീവന്റെ തുടിപ്പിനെ സൂക്ഷിച്ച സ്വർണ്ണപ്പാത്രവും കയ്യിലേന്തി ദൈവ മഹത്വത്തെ പ്രകീർത്തിച്ചുകൊണ്ട് ഭൂമിയിലേക്ക് മെല്ലെ പറന്നുകൊണ്ടിരുന്നു. ആ മഹത്തായ ജീവന്റെ തുടിപ്പിനെ മൺ രൂപത്തിലേക്ക് പകർന്ന് കൈകളുയർത്തി മാലാഖമാർ ആശീർവദിച്ചു,
“ പുതു ജീവനാകുന്ന മഹത്വമേ, നീ ലോകം മുഴുവൻ നിറഞ്ഞു സുഗന്ധംപരത്തുക..! ഏഴാകാശങ്ങളിലും ഏഴു ഭൂമികളിലും അതിനിടയിലെ പരമാണുക്കളിലും നിന്റെ മഹത്വം മനുഷ്യൻ എന്ന പേരിലറിയപ്പെടട്ടെ..!“
അങ്ങനെ ഭൂമിയിൽ ആദ്യത്തെ മനുഷ്യ ജീവൻ മുളപൊട്ടിയുണർന്നു.“
ആദ്യ മനുഷ്യനായി ഇണയെ നൽകപ്പെട്ടു. സുന്ദരമായ ലോകമെങ്കിലും അഘോഷിക്കാനോ ആഹ്ലാദിക്കാനോ ആവശ്യമായ അംഗബലമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ച് മനുഷ്യക്കുഞ്ഞുങ്ങൾ പിറവികൊണ്ടുകൊണ്ടിരുന്നു.
പിറക്കുന്ന ഓരോ കുഞ്ഞിനുമൊപ്പം മനസു നിറയെ സ്വാർഥതയും അസൂയയും  നിറച്ച് മനുഷ്യന് നൽകപ്പെട്ട പദവിയിൽ അസൂയപൂണ്ട അസൂയാലുക്കൾ മനുഷ്യ വർഗ്ഗത്തെ ഇടിച്ചു താഴ്ത്താൻ പദ്ധതിയിട്ടുകൊണ്ടിരുന്നു.
ഏറ്റവും ബുദ്ധിമാനായ വിവേകി സ്വാർഥതയുടെയും അസൂയയുടെയും അവിവേകത്തിൽ മനുഷ്യൻ എന്ന വാക്കിന്റെ അർഥം മറന്നു. മനുഷ്യത്വമെന്ന പദത്തിന്റെ അർഥം നോക്കാൻ അവൻ പലപ്പോളും  നിഘണ്ടു തപ്പിത്തിരഞ്ഞു.
സഹോദരങ്ങൾ പരസ്പരം വെട്ടിച്ചാവാൻ മതങ്ങളെ, പാർട്ടികളെ, വർണ്ണ വർഗ്ഗ ഭേദങ്ങളെ അവൻ മറയാക്കി മാറ്റുമ്പോൾ വിവേകമെന്ന പദത്തെയും അവൻ മറന്നുപോയിരുന്നു.
മനുഷ്യ ശരീരത്തിൽ മൃഗീയതയുടെ അമ്പത്തൊന്ന് വെട്ടുകൾ പതിഞ്ഞു. മണ്ണിൽ വീണു പിടയുന്ന വേദനിക്കുന്ന മനുഷ്യരെ നോക്കി വിവേകിയായ മനുഷ്യൻ ചിരിച്ചു. ന്യായങ്ങളും അന്യായങ്ങളും നിരത്തി ഘോരഘോരം ഗർജ്ജനങ്ങൾ നടന്നു.
കയ്യിലെത്തുന്ന കറൻസികളുടെ സ്വപ്നഭാരം നിറച്ച് അവൻ സഹോദരന്റെ കഴുത്തറക്കാൻ മൂർച്ചയേറിയ കഠാര കരുതി വെച്ചുകൊണ്ടിരുന്നു.
നെഞ്ചു പിടഞ്ഞ് കണ്ണു തളർന്ന് കരളിലെ രക്തം വാർന്ന് ഞാൻ ഇരുന്നു
ഒരു മനുഷ്യനെപ്പോലും കാണാനായില്ലല്ലോ എന്നാ വേദനാ ഭാരത്തോടെ തെരുവോരങ്ങളിലേക്ക് ഞാൻ ഇറങ്ങി നടന്നു.
അവിടെ മനുഷ്യരുണ്ടായിരുന്നു. കുപ്പത്തൊട്ടിയിലെറിഞ്ഞ സമ്പന്നന്റെ ഭക്ഷണാവിശഷ്ടങ്ങൾ ആർത്തിയോടെ വാരിയെടുത്ത് ഭക്ഷിക്കുന്ന മനുഷ്യക്കോലങ്ങള്. കിട്ടിയ അപ്പക്കഷ്ണങ്ങളെ പങ്കിട്ടെടുത്ത് സ്വയം വിശന്നും സഹോദരന്റെ വിശപ്പകറ്റാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയിൽ ഞാൻ ഒരു മനുഷ്യനെ കണ്ടെത്തി.
പിന്നെ എന്റെ കണ്ണുകൾ തെരുവോരങ്ങളിലെ മനുഷ്യപ്പേക്കോലങ്ങളെ അന്വേഷിച്ചു നടന്നു. അതിലൊരു മനുഷ്യനുണ്ടാവുമെന്ന പ്രതീക്ഷയോടെ, അപ്പോൾ എന്റെ മനസിലെ സന്ദേഹം ഞാനൊരു മനുഷ്യൻ തന്നെയോ എന്ന കാര്യത്തിലായിരുന്നു.
വീണ്ടും, എന്റെ പോക്കറ്റിലെ ചില്ലറത്തുട്ടുകളെ വാങ്ങാൻ വിസമ്മതിച്ച് ജോലി ചെയ്യാതെ കൂലി വേണ്ടെന്ന് പ്രഖ്യാപിച്ചൊരു വൃദ്ധനിൽ ഞാൻ കണ്ടു. വിവേകിയും അഭിമാനിയുമായൊരു മനുഷ്യനെ.!
തേടി നടന്ന യാത്രകളിൽ ചില്ലുമേടകളിൽ സ്വയം അഭിമാനികളും മാന്യരുമെന്ന് പ്രഖ്യാപിച്ച മനുഷ്യ രൂപങ്ങളെ നോക്കി ഉറക്കെ വിളിച്ചു പറയാൻ എന്റെ നാവു കൊതിച്ചു.
“അല്ലയോ സ്വയം പൂജിതരായ അവിവേകികളേ. മഹത്വമേറുന്ന മനുഷ്യ വർഗ്ഗത്തിലെ ചുരുക്കം ചിലരെ ഞാൻ കണ്ടെത്തിയിരിക്കുന്നു. മനുഷ്യനെന്ന വാക്കിന്റെ യഥാർഥ അർഥത്തിനുടമസ്ഥരായ ചിലരെ.“
എന്നാൽ അവരും നിങ്ങളും തമ്മിൽ എത്രയോ അകലത്തിലാണ് എന്ന സത്യം നിങ്ങളിപ്പോളും അറിഞ്ഞിട്ടില്ല.
എന്റെ കണ്ടെത്തലുകളെ പിൻ തലമുറകളിലെ മനുഷ്യാന്വേഷകർക്ക് ഉപകാരപ്പെടുന്ന വിധം എഴുതിവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഒരു കരിക്കട്ടയും ഒരു കരിങ്കൽ കഷ്ണവും നിങ്ങളെനിക്ക് നൽകിയേക്കുക.
അതിനാവുകയില്ലെങ്കിൽ കാണുന്നിടങ്ങളിലെല്ലാം നിങ്ങളിത് എഴുതി വെക്കുക. മനുഷ്യൻ എന്താണെന്ന് മനുഷ്യൻ മനസിലാക്കട്ടെ.! ജീവിതമെന്താണെന്ന് അവനറിയട്ടെ.!
“പ്രപഞ്ച വീണയിൽ വിരലു തട്ടാതെ ഉറങ്ങുന്ന മനോഹര രാഗങ്ങളാണ് ജീവിതം, എത്ര മനോഹരമായി നമുക്കതിനെ തഴുകാനാവുന്നുവോ അത്രയും മനോഹരമായ സംഗീതമായി ആ ജീവിതം ലോകത്തിന്റെ നെറുകയിൽ എഴുതപ്പെടുന്നു“

Friday, July 20, 2012

അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടും..!


ശൈശവം
ഓർമ്മകളിലെ വസന്തത്തിന് അമ്മിഞ്ഞപ്പാലിന്റെ മധുരം.
താരാട്ട് പാട്ടിന്റെ ഈരടികളിൽ വാത്സല്യത്തിന്റെ തലോടൽ.
ബാല്യം.
സ്നേഹവിരാസങ്ങളുടെ തഴുകലുകൾക്കൊപ്പം
എവിടെയോ സഹതാപം നിഴലിക്കുന്ന നോട്ടങ്ങൾ,
നഷ്ടപ്പെട്ട സ്നേഹ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ അശ്രുപൂജ,
 സമ്പത്തിന്റെ നെറുകയിൽ നിന്നും അർദ്ദപട്ടിണിക്കാരനായി മാറ്റപ്പെടുന്ന വിധിയുടെ വിളയാട്ടം. അക്ഷരപ്പൂട്ടുകൾ തുറന്ന് ലോചനങ്ങളുടെ സഹായത്താൽ മനസിന്റെ അകത്തളങ്ങളിലേക്ക് ആവാഹനം. ഇണങ്ങാത്ത കൂട്ടുകാർക്കും ഇണക്കം നൽകുന്ന പുഞ്ചിരി സമ്മാനം.
സ്നേഹത്തിന്റെ പൂത്തിരി കത്തിച്ച് കളിക്കൂട്ടുകാർ മനസിന്റെ കോണിൽ ഇടം നേടുന്നു.
കൌമാരം.
പുതിയ പ്രയാണം, യുദ്ദ ഭൂമിയിൽ ആയുധം നഷ്ടപ്പെട്ടവന്റെ ഭീതി.
വിദ്യാലയമെത്തുവോളം ചുമക്കപ്പെടുന്ന പുസ്തകക്കെട്ടുകളുടെ ഭാരം
സ്നേഹവും സൌഹാർദ്ദവും നിറഞ്ഞ സഹപാഠികളുടെ ചിരിയിൽ സന്തോഷം
മൂകമായി വിങ്ങുന്ന നഷ്ടസ്വപ്നങ്ങളുടെ കടന്ന് കയറ്റം.
അറിവിന്റെ ലോകം പിടിച്ചടക്കാനുള്ള ആർത്തി. പാഠ പുസ്തകങ്ങളോട് പുച്ചം,
പുതിയ അറിവുകൾക്കായുള്ള തേടലിൽ ലൈബ്രറികളിലെ അംഗത്വം.
ഓർഗാനിക് കെമിസ്ട്രിയുടെ പൊട്ടാത്ത കണ്ണികൾ ലളിതമായി പൊട്ടിച്ചുടക്കുന്ന പ്രിയ മിസ്
ഓംസ് ലോ യുടെ കൂടെ സാഹിത്യം പഠിപ്പിക്കുന്ന ഹരിദാസ് പനങ്ങാട് എന്ന എഴുത്തുകാരൻ
പുറം ലോകത്തിന്റെ സൌഭാഗ്യങ്ങളിൽ നിന്നകന്ന് കഴിയാൻ കൊതിക്കുന്ന ബാലക്രിഷ്ണ സാർ
പക്ഷികൾക്കും ജീവജാലങ്ങൾക്കും സംരക്ഷണം നല്കി ഇടക്കിടെ കാട് കയറുന്ന മനു
കുരുക്കുന്ന പൊടിമീശയിൽ അഭിമാനവും അഹങ്കാരവുമായി മനസിന്റെ സന്തോഷം
യൌവനം.
പ്രണയത്തിന്റെ തുടക്കം. ഹ്രുദയം കീഴടക്കുന്ന പ്രണയിനി, അവളുടെ പ്രണയാർദ്ര വചനങ്ങൾ നിറയുന്ന ആദ്യ പ്രണയ ലേഖനം.
“പ്രണയത്തിന്റെ അഗാത തീരങ്ങളിൽ
നീ ചാലിക്കുന്ന വർണ്ണങ്ങളിൽ
ചേർന്നലിയാൻ പറന്നുയരാൻ
ഓരുപാട് ഒരുപാട് മോഹിക്കുന്നു“
വിടരും മുൻപേ പൊഴിയുന്ന പൂവായി മാറിയ പ്രണയിനിയുടെ വിടവാങ്ങൽ.
വേദനിക്കുന്ന ഹ്രുദയത്തിന് രണ്ട് തുള്ളി കണ്ണുനീരിൽ ബാഷ്പാഞ്ജലി. മറവിയുടെ ആഴങ്ങളിലേക്ക് ഒളിപ്പിക്കാനൊരുങ്ങുന്ന ഓർമ്മകൾ.
പുതിയ കണ്ടെത്തലുകളിൽ ജീവിതത്തിന് ഐശ്വര്യം. ജീവിതം ആഡംബരങ്ങളിലേക്കെത്തിക്കുന്ന ജീവിത ശൈലിയുടെ മാറ്റം. പഴയ പ്രതാപത്തിലേക്ക് പടവുകൾ കയറുന്ന കുടുംബം.
മറവികളുടെ ബന്ധനത്തിൽ കഴിയുന്ന ഓർമ്മകൾ ചങ്ങല പൊട്ടിക്കുമ്പോൾ കണ്ണുകളിൽ തളം കെട്ടുന്ന അശ്രുബിന്ദുക്കളുടെ സംഗമങ്ങൾ.
പുതിയ പ്രതീക്ഷകൾ പുതിയ നഷ്ടങ്ങൾക്ക് കാരണ ഹേതു.
സ്വപ്നങ്ങളിൽ ചിറകടിക്കുന്ന കടവാവലുകളുടെ ശബ്ദം പുതിയ ഭീതി.
പുതിയ ചിന്തകളുടെ തുടക്കം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ..! ഓർമ്മകൾക്ക് വിട, സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും
പുതിയ കണ്ടുപിടുത്തം. പ്രതീക്ഷകളില്ലെങ്കിൽ നിരാശതകളില്ല.
മാറ്റിയെഴുതപ്പെടുന്ന ജീവിതത്താളുകൾക്ക് ഓർമ്മകളുടെ അസഹനീയ വേദന.
കൂട്ടിന് പത്രത്താളുകളിലെ മഹത് വചനങ്ങളിൽ എന്നും നായകനായ ഖലീൽ ജിബ്രാൻ
“ഓർമ്മകൾ ഒരു തരം കണ്ട് മുട്ടലാണ്, മറവി ഒരു തരം മോക്ഷവും“
ജിബ്രാന്റെ കണ്ടെത്തലുകൾക്ക് ഐക്യദാർഡ്യം. മുന്നോട്ടുള്ള യാത്രകളിൽ മറവിയുടെ മൂടുപടം. പ്രതീക്ഷകൾക്കും സ്വപനങ്ങൾക്കും നേരെ പുതിയ ബോർഡുകൾ
“Trespassers will be prosecuted“

Wednesday, July 18, 2012

മതവിഭ്രമം.


മതത്തിന്റെ പേരിൽ , ദൈവത്തിന്റെ പേരിൽ , കുലത്തിന്റെ പേരിൽ, വിഭാഗങ്ങളുടെ പേരിൽ ഘോരഘോരം വാചാലരാവുന്ന വിഭാഗീയതയുടെ വിഷവിത്തുകൾ പാകി വരും തലമുറയെക്കൂടി അക്ഷരാർഥത്തിൽ കെണിയിലാക്കുന്ന വിഭാഗീയതയുടെ പുത്തൻ തലങ്ങൾ കണ്ടുപിടിക്കാൻ ജന്മസിദ്ദവാസനയുള്ള വിഭാഗീയതയുടെ മേലാളന്മാർക്കും അതിനു ഓശാന പാടുന്ന കീഴാളന്മാർക്കും എതിരെയുള്ള മരണം വരെ മനുഷ്യനായി ജീവിക്കുക എന്ന ഒടുങ്ങാത്ത ആഗ്രഹം നടക്കാത്ത എന്റെ രോഷമാണ് ഈ എഴുത്ത്.
പണ്ട് ഞാൻ സ്കൂളിൽ പടിക്കുന്ന കാലത്ത് അർച്ചന ടീചർക്ക് ഒരു ക്ലാസ്സ് മുറി വിനോദമുണ്ടായിരുന്നു. ടീചർ ഒരു ദിവസം ഏറ്റവും മുന്നിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടിയുടെ കാതിൽ ആരും കേൾക്കാതെ my name is Archana എന്നു പറഞ്ഞു. രണ്ടാമത് ആവർത്തിക്കാതെ അത് അടുത്ത കുട്ടിയുടെ കാതിൽ പറയുവാൻ ആ കുട്ടിയോട് ആവശ്യപ്പെട്ടു. അങ്ങനെ ആ പ്രവർത്തി അവസാനത്തെ കുട്ടിയിലെത്തിയപ്പോൾ ടീച്ചർ ആ കുട്ടിയോട് താൻ കേട്ടത് ഉച്ചത്തിൽ വിളിച്ച് പറയുവാൻ ആവശ്യപ്പെട്ടു. ആ കുട്ടി പറഞ്ഞത് ടീച്ചർ പറഞ്ഞ my name is archana എന്ന പദത്തിനോട് യാതൊരു ബന്ധവുമില്ലാത്ത the dog bites rice എന്നായിരുന്നു. വെറും നാല്പത്തി എട്ട് കുട്ടികളിലൂടെ കടന്നു പോയപ്പോളാണ് my name is archana എന്നത് the dog bites rice എന്നായി മാറിയത്. ഇവിടെ നാം മനസ്സിലാവുന്നത് എന്താണ്?? ആദ്യം ടീച്ചർ പറഞ്ഞത് ശരിയായി കേട്ടത് ആദ്യത്തെ ഒന്നോ രണ്ടോ കുട്ടി മാത്രമാണ്. അകലേക്ക് പോകുംതോറും അതിലെ സത്യസന്ധത നശിച്ച് ടീച്ചർ മനസ്സിൽ പോലും കരുതാത്ത ഒന്നായി മാറി. ഇതു തന്നെയാണ് മതത്തിനും ദൈവത്തിനുമൊക്കെ സംഭവിച്ചിരിക്കുന്നത്.യഥാർത്ത യേശു ക്രിസ്തുവും മുഹമ്മദ് നബിയും നാരായണനുമൊക്കെ തലമുറകളിലൂടെ നശിച്ചു.ഇന്നു കാണുന്നത് ഇവരുടെയൊക്കെ പ്രാക്രുത രൂപങ്ങളാണ് പ്രത്യയ ശാസ്ത്രങ്ങളല്ല. കച്ചവട സംസ്കാരത്തിന്റെ ഭീമാകാരമായ പാദങ്ങൾക്ക് അടിയിൽപ്പെട്ട് മനുഷ്യന്റെ സർവസ്വവും ഞെരിഞ്ഞമർന്നു. മതവും, സംസ്കാരങ്ങളും ആചാരങ്ങളും എല്ലമെല്ലാം വില്പനച്ചരക്കുകളായി മാറി. ഇന്നത്തെ മതമേലധ്യക്ഷന്മാരും വർഗ്ഗ നേതാക്കളുമൊക്കെ മതത്തെയും സംസ്കാരത്തെയും മനുഷ്യ സ്വാതന്ത്രങ്ങളെയും ഒക്കെ വില്പനച്ചരക്കുകളാക്കി ലാഭം കൊയ്ത് കൊഴുക്കുന്നു. മനുഷ്യൻ വർഗീയതയുടെ പേരിൽ തമ്മിലടിക്കുമ്പോൾ തന്റെ വ്യാപാര തന്ത്രങ്ങളുടെ വിജയം വർഗീയതയുടെ നേതാക്കൾ തന്റെ ചില്ലുമേടകളിൽ ഇരുന്നു അഘോഷിക്കുന്നു.ദംഷ്ട്രകളിലെ അവസാന തുള്ളി രക്തവും നക്കിത്തുടച്ച് അവർ പുതിയ കച്ചവട തന്ത്രങ്ങൾ മെനയുമ്പോൾ മൂർത്തികളേക്കാൾ വലിയ പൂജാരികൾ ഉണ്ടാകുന്നു. ദൈവങ്ങളെ പിന്തള്ളി മനുഷ്യ ദൈവങ്ങൾ വിശ്വാസികളെ മത്സരിച്ച് സമ്പാദിച്ച് കൊണ്ടിരിക്കുന്നു.
രാമായണവും മഹാഭാരതവും മനസ്സിരുത്തി വായിച്ച എത്ര ഹിന്ദുക്കൾ ഉണ്ട്?? തന്നെപ്പോലെ തന്റെ അയൽകാരനെ സ്നേഹിക്കുന്ന എത്ര ക്രിസ്ത്യാനികൾ ഉണ്ട്? അയൽകാരൻ പട്ടിണി കിടക്കുന്ന കാരണത്താൽ വയറ് നിറയെ കഴിക്കാതെ ധാന ധർമ്മങ്ങൾ ചെയ്യുന്ന എത്ര മുസൽമാന്മാരുണ്ട്??
മനുഷ്യന്റെ മനസ്സുകളിൽ നിന്ന് സ്നേഹത്തിന്റെ വെള്ളരിപ്രാവുകളെ കഴുത്തറുത്ത് കൊന്ന് തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളാക്കി മാറ്റിയ ഈ വിഭാഗീയതയുടെ നേതാക്കൾക്ക് അന്ത്യകൂദാശ കൊടുക്കുവാൻ ആരും ധൈര്യപ്പെടാത്ത വിധം എല്ലാവരെയും വശംവദരാക്കി സാത്താന്റെ സാമ്രാജ്യം പണിത് അവിടെ അവരവരുടെ കഴിവിനനുസരിച്ച് വലിയ സിംഹാസനങ്ങൾ പണിത് ചുറ്റും തോഴന്മാരുമായി മദിച്ചിരിക്കുന്നു. ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ അവിടവിടെ ഇവർക്കെതിരെ ഉയർന്നിട്ടുണ്ട് പക്ഷെ കടിച്ചാൽ പൊട്ടാത്ത സധാരണക്കാരന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന വാക്കുകൾ ഉപയോഗിച്ച് അതൊക്കെ അവർ അടിച്ചമർത്തി.
പ്രിയപ്പെട്ടവരെ... നൂറു പേർ ഒരുമിച്ച് പറഞ്ഞാലും തെങ്ങിലെ തേങ്ങ മാങ്ങ ആകില്ല, നൂറ് പേർക്ക് നടുവിൽ “അത് തേങ്ങയാണ് “ എന്ന സത്യസന്ധമായ ശബ്ദം ആരും ശ്രദ്ദിക്കാതെ പോയേക്കാം. എന്നാൽ സത്യം ജയിക്കും അല്പം വൈകിയാണെങ്കിലും എന്ന വിശ്വാസത്തോടെ നമുക്ക് മുന്നേറാം . ആരെയും വേദനിപ്പിക്കാനല്ല, മനസിന്റെ ദുഖതളങ്ങൾ അണപൊട്ടി ഒഴുകിയതിന്റെ ഒരു തുള്ളി മാത്രമായി ഇതിനെ കാണുക.

Sunday, July 8, 2012

കമ്മ്യൂണിസം..!

കമ്മ്യൂണിസം എന്നാൽ
അമ്പത്തൊന്ന് വെട്ടുകൾ
ശരീരത്തിലേറ്റു വാങ്ങുന്ന
ഗതികെട്ട മനുഷ്യന്റെ
പിടയുന്ന രോദനങ്ങളിൽ
ആഹ്ലാദ നൃത്തം ചവിട്ടുന്ന
മാനസിക വൈകൃതത്തിന്റെ
തത്വശാസ്ത്രമല്ല,
നോവുകളിൽ പിടിയുന്ന
സഹികെട്ട ആത്മാവിൽ
സ്നേഹത്തിൻ ദിവ്യൌഷധമേകി
വരണ്ടുണങ്ങിയ പ്രതീക്ഷകൾക്ക്
ജലം നൽകി കിളിർപ്പിക്കുന്ന
പുതിയ സ്വപ്നങ്ങളുടെ തിളക്കം
മിഴികളിൽ നിറച്ചു നൽകുന്ന
അത്യന്തം സുന്ദരവും
ഉപമകൾക്ക് അതീതവുമായ
സാഹോദര്യമാവുന്നു..
അത്...
ജാതിയുടെ മതത്തിന്റെ
വേഷഭാഷാ വർണ്ണ വ്യതിയാനങ്ങൾ
തള്ളിമാറ്റി മനുഷ്യനെ
മനുഷ്യനായ് മാറ്റുന്ന
സർവ്വ സമ സമത്വമാകുന്നു...!
തത്വങ്ങളെ മറക്കുന്ന
തത്വശാസ്ത്രങ്ങൾ കുടികൊള്ളുന്നത്
ചീഞ്ഞു നാറുന്ന ചവറ്റു കൊട്ടകളിൽ
മൂല്യം മറക്കുന്ന മൂല്യ ചിന്തകർ
മറന്ന പടവുകൾ നടന്നു കയറട്ടെ..!

Saturday, July 7, 2012

പുതിയ നീതിശാസ്ത്രങ്ങള്


ഇത്തിൾ കണ്ണികൾ
മുത്തശ്ശി മാവിന്റെ രക്തമൂറ്റുമ്പോൾ
ആശംസയർപ്പിച്ച് ആയിരമായിരം
പുളിയനുറുമ്പുകൾ...

താഴെ കാത്ത് നിൽക്കുന്ന
ഉറുമ്പു തീനിയുടെ മനസ്സിൽ
കാൽ തെറ്റി വീഴുന്ന ഉറുമ്പിൻ
മാംസത്തിന്റെ രുചി..

സേവനമെന്ന വാക്കിന്റെ
മൂല്യത്തെ ചോദ്യം ചെയ്യുന്ന
രാഷ്ട്രീയ വർഗ്ഗങ്ങൾ സേവനത്തെ
 അധികാരമെന്നെഴുതുന്നു..

അധികാരം അർദ്ദപട്ടിണിക്കാരന്റെ
നാലുകാലോലപ്പുരകളെ
ജെസിബിക്കിരയാക്കുമ്പോൾ
നയം ഭൂമി കയ്യേറ്റങ്ങൾ..

പ്രമാണിയുടെ മണി മാളികകൾക്കും
പാർട്ടി മന്ദിരങ്ങൾക്കും പുതിയ
നിയമങ്ങളും പുതിയ നയങ്ങളുമായി
രാഷ്ട്രീയത്തിന്റെ പുത്തൻ നീതിശാസ്ത്രം.

എവിടെയും ഭീതി നിറയുന്ന
കരച്ചിലും കണ്ണീർക്കണങ്ങളും
കാലിൽ ജഡങ്ങൾ തട്ടുന്ന യാത്രകൾ
മനസാക്ഷിയുള്ളവന്റെ കണ്ണുനീർ..

മതങ്ങൾ ഇരുട്ടിന്റെ അന്തപുരങ്ങളിൽ
മേധാവികളുടെ തിരുത്തലുകൾക്ക് വിധേയം.
തത്വ ശാസ്ത്രങ്ങളുടെ വേദനകൾ,തേങ്ങലുകൾ
വഴിത്താരകളിൽ ആയുധം നഷ്ടമായവരും

അധികാരങ്ങൾക്കായി പ്രത്യയശാസ്ത്രങ്ങൾ
തെരുവിലേക്കെറിയുന്ന വിപ്ലവ നായകർ..
ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്ന
രാഷ്ട്രീയക്കാരന്റെ അധികാരക്കൊതി

നേതാവിന്റെ മുന്നിൽ അണികൾ
കയറിട്ട വെറും കളിപാവകൾ
ജയിലുകളിൽ കുറ്റവാളികളുടെ കാവൽക്കാർ
മനുഷ്യ മാംസം ഉപ്പുകൂട്ടി ഭക്ഷിക്കുന്നവർ.

നിമിഷങ്ങളിൽ ജഡങ്ങളായ് മാറുന്ന
മലയാളത്തിന്റെ മാന്യ വനിതകൾ
മാനഭംഗങ്ങൾ പകൽ വെളിച്ചത്തിലും
സ്ത്രീവേദികളും മനുഷ്യാവകാശവും വില്പനക്ക്..

പണം നീതിയെ തിരുത്തിയെഴുതുന്നു
നിയമങ്ങൾ ഉരുപ്പടികൾക്ക് വിധേയം
മാൻ പേടകളുടെ കരച്ചിലിനൊപ്പം
എവിടെയോ ചെന്നായകളുടെ ഓലി

പ്രണയം - ഒരാഴ്ചയുടെ നേരമ്പോക്ക്
സ്നേഹം - കിട്ടാവുന്നതൊക്കെ കയ്യാളും വരെ മാത്രം
ബന്ധങ്ങൾ - പുറമെ കാണുന്ന പുഞ്ചിരികൾ
ത്യാഗം - അന്യന്റെ മുതൽ സ്വന്തമാകും വരെ.

Friday, July 6, 2012

ജിബ്രാൻ ഖലീൽ ജിബ്രാൻ ബിൻ മിഖായേൽ ബിൻ സാദ്

ജിബ്രാൻ, അങ്ങയെ എനിക്കറിയാം, എന്നാൽ എന്നെ അങ്ങേക്കറിയുകയില്ലെന്നുമറിയാം. എന്നാൽ ആശയ വിനിമയങ്ങളിലൂടെയാണല്ലോ ഒരു പുതിയ സൌഹ്രുദ് ബന്ധം ഉടലെടുക്കുന്നത്. അങ്ങേക്ക് ഞാൻ ഒരു നല്ല സുഹൃത്താവില്ലായിരിക്കാം, എന്നാൽ എനിക്ക് അങ്ങ് എന്നും പ്രിയപ്പെട്ടവൻ തന്നെ. അങ്ങയുടെ സ്നേഹ നിർഭരമായ ഭാവനകളിൽ വിരിഞ്ഞ തത്വശാസ്ത്രങ്ങളാണെന്നെ ഈ ഒരു എഴുത്തിന് പ്രേരിപ്പിക്കുന്നത്. നിശബ്ദതയുടെ ലോകത്ത് അങ്ങേക്ക് ശാന്തിയും സമാധാനവും നേരുന്നു.
അങ്ങയെ പറ്റി പലരും പറയുന്നു, അങ്ങ് കള്ള സത്യങ്ങളുടെ പ്രവാചകനാണെന്ന്, അങ്ങയുടെ സ്നേഹാക്ഷരങ്ങളിൽ കപടതയുടെ മുഖം മൂടിയാണെന്ന്. എന്നാൽ ഞാൻ പറയുന്നു, അങ്ങ് മഹത്തായ സത്യങ്ങൾ വിളിച്ചു പറഞ്ഞ തത്വജ്ഞാനിയും പ്രവാചകനും തന്നെ. അങ്ങയുടെ തത്വശാസ്ത്രങ്ങൾക്ക് ഇന്നും നഷ്ടമാവാത്ത മൂല്യങ്ങൾ തന്നെയാണ് അങ്ങ് സത്യത്തിന്റെ പ്രവാചകനാണെന്ന എന്റെ ചിന്തക്ക് ആധാരം.
കടുത്ത ദാരിദ്ര്യത്തിൻ ഫലമായി ബാല്യത്തിൽ ഔപചാരിക വിദ്യഭ്യാസം ലഭിക്കാതെ പോയിട്ടും അങ്ങ് അന്താരാഷ്ട്ര നിയമങ്ങളും മത ചരിത്രങ്ങളും സംഗീതവും അൽ-ഹിക്മ യിൽ നിന്നു അഭ്യസിച്ചത്  അങ്ങേക്ക് അറിവിനോടുള്ള അടങ്ങാത്ത അഭിനിവേഷത്തിന്റെ ലക്ഷ്യ പൂർത്തീകരണമായി ഞാൻ മനസിലാകുന്നു.ആ ലക്ഷ്യ ബോധം തന്നെയാവണം  ലോകത്തിന്റെ നെറുകയിൽ സ്വന്തം കൈപ്പടയിൽ സ്നേഹത്തിന്റെ ചിത്രം വരച്ചിട്ട് മറഞ്ഞ് പോയ മഹാനെന്ന ഖ്യാതിക്ക് അങ്ങയെ അർഹനാക്കിയത്.
ഏകനായിരിക്കാൻ അങ്ങ് ഇഷ്ടപ്പെട്ടത് ലോകത്തിന്റെ നെറുകയിൽ സ്വന്തം പേര് തങ്ക ലിപികളിൽ കുറിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുവാനായിരുന്നുവോ?. പ്രക്രുതി രമണീയതയുടെ ഏറ്റവും നല്ല വർണ്ണനകൾ അങ്ങേക്ക് ലോകത്തിന് നൽകുവാൻ കഴിഞ്ഞത് ഈ ഏകാന്തതയിലെ അസ്വാദനങ്ങളിലൂടെയോ?
മനസിൽ തോന്നുന്നതെല്ലാം ഭയമില്ലാതെ വിളിച്ച് പറയുവാൻ ധൈര്യം കാണിച്ച അങ്ങ്  ഒരു ചിത്രകാരനായിരിക്കെ ചിത്രകലയിലെ ആധുനികപ്രവണതകൾ അന്വേഷിക്കാൻ ശ്രദ്ദിച്ച മഹാനായി തിളങ്ങി.അപ്പോൾ തന്നെ ആധുനിക ചിത്രകലയെ ഭ്രാന്തൻ വിപ്ലവം എന്ന് വിശേഷിപ്പിക്കാൻ അങ്ങ് കാണിച്ച  ധൈര്യം എന്നെ അൽഭുതപ്പെടുത്തി. പാരീസിലും ലെബണോണിലും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലും അവസാനം ലോകത്തിൽ മുഴുവനും സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിച്ചായ പതിപ്പിച്ച് പ്രശസ്തനായ അങ്ങയെ വിളിക്കാൻ മഹാൻ എന്ന വാക്കിൽ കുറഞ്ഞതൊന്നും എന്റെ നിഘണ്ടുവിലില്ല.
സ്ഥാപന വൽക്കരിക്കപ്പെട്ട മതങ്ങളെ നിരാകരിക്കുന്നവരോട് പ്രത്യേക ബഹുമാനമുണ്ടായിരുന്ന അങ്ങ് യഥാർഥ യേശുവിൽ ആക്രുഷ്ടനായതിൽ അൽഭുതം തോന്നേണ്ട കാര്യമില്ലല്ലോ. നസ്രത്തിലെ യേശു യഥാർത്ഥ ക്രിസ്തുമതത്തിലെ യേശുവിനെ കാണുമ്പോൾ പറയുമെന്ന് അങ്ങ് എഴുതിയ ഈ വരികൾ എന്നാൽ എന്നെ തെല്ലൽഭുതപ്പെടുത്തുകയുണ്ടായി. “ സുഹ്രുത്തെ നമുക്കൊരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് തോന്നുന്നു”. ഒരു ജനതയോട് ഗൌരവ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സത്യം ഉറക്കെ വിളിച്ച് പറയുവാൻ അങ്ങ് കാണിച്ച ധൈര്യത്തിന് മറ്റെന്ത് ഉദാഹരണമാണ് എനിക്ക് ആവശ്യം.
അങ്ങയുടെ ഓരോ വരികളും ചിന്താ മധുരവും വർണ്ണനാ ചാതുരിയും നിറഞ്ഞതായിരുന്നു. മനുഷ്യത്വത്തെക്കുറിച്ച് അങ്ങെഴുതിയ വരികളെ വെല്ലുന്ന ഒരു വരി ഞാൻ വേറെ എവിടെയും വായിച്ചതായി ഓർക്കുന്നില്ല, മനുഷ്യത്വത്തെ അങ്ങ് സ്ത്രീയക്കി ചിത്രീകരിച്ചപ്പോൾ അത് പുരുഷനായിരുന്നെങ്കിൽ എങ്ങനെയാവുമെന്ന് കൂടി അങ്ങ് ചിന്തിച്ചത് ഈ വരിയിൽ മനോഹരമായി എഴുതിയത് അങ്ങയുടെ പ്രതിഭാ വൈഭവത്തിന് തെളിവാണ്.
“കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌“
“തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മനുഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു
അങ്ങേക്ക് യേശു ക്രിസ്തുവിനോട് അടങ്ങാത്ത സ്നേഹവും ആരാധനയുമുണ്ടായിരുന്നതായി ഞാൻ മനസിലാക്കിയിട്ടുണ്ട്. ജീസസ്, ദ സൺ ഓഫ് മാൻ എന്ന പുസ്തകത്തിലെ ഓരോ വരികളും അതിന് തെളിവാണ്. ക്രൂശിതനായി നിൽക്കുന്ന യേശുദേവനെ അങ്ങ് വിവരിച്ചത് ഇപ്രകാരമായിരുന്നെന്ന് അങ്ങ ഓർക്കുന്നുണ്ടാവണമല്ലോ.
അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്“
അങ്ങയുടെ മഹത്തായ ഭാവനയിൽ വിരിഞ്ഞ തത്വജ്ഞാനിയായ അൽ മുസ്തഫ എന്ന പ്രവാചകനിലൂടെ അങ്ങയുടെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശന സാന്ദ്രമായ ആവിഷ്കാരം നൽകിയപ്പോൾ ആ പ്രവാചകനെ ലോകം ഇരു കൈകളാൽ ഏറ്റു വാങ്ങിയത് അത് ലോകത്തിന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കുമുള്ള മറുപടി ആയി വായിക്കുവാൻ സാധിച്ചതിനിലാണെന്ന് നിസംശയം പറയാം. പ്രണയം, വിവാഹം,കുഞ്ഞുങ്ങൾ.നിയമം, നീതി, ശിക്ഷ,സ്വാതന്ത്ര്യം, ഔദാര്യം, മതം, സുഖം, ദുഖം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് ഉപദേശകനായ അൽ-മുസ്തഫ നൽകുന്ന മറുപടികൾ ചിന്താധീനവും സത്യസന്ധവുമായിരുന്നു.
പ്രണയ ബന്ധത്തിന്റെ തകർച്ച മൂലം വിവാഹമെന്ന സമ്പ്രദായത്തെ തന്നെ വെറുത്ത അങ്ങ് സ്ത്രീത്വത്തിന്റെ ഏറ്റവും മഹത്തായ അർഥം അമ്മയാണെന്ന് എഴുതുകയുണ്ടായി. അമ്മയുടെ മരണത്തിൽ തകർന്നു പോയ അങ്ങയുടെ ഈ വാക്കുകൾ മാത്രുത്വത്തിന് എഴുതപ്പെട്ട വാക്കുകളിൽ മനോഹരമായ ഒന്ന് തന്നെ.
"മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം“.
എന്നിട്ടും എന്തുകൊണ്ടാണ് അങ്ങ് മറവിയെ ഇത്രയധികം സ്നേഹിച്ച് പോയത്? ഓർമ്മകളെ വേദനകളാക്കാൻ തുനിഞ്ഞത്? കൊഴിഞ്ഞ് പോയ സ്വപ്നങ്ങളെ അങ്ങ് വല്ലാതെ സ്നേഹിച്ചിരുന്നതായി തോന്നുന്നു. അത് കൊണ്ടായിരിക്കണം അങ്ങ് മറവിയെ പുൽകാൻ വെമ്പൽ കാണിച്ചത്. അത് കൊണ്ട് തന്നെയായിരിക്കണം അങ്ങേക്ക് ഓർമ്മ കണ്ടുമുട്ടലുകളുടെ ഭാരം നൽകുകയും മറവി മോക്ഷം നൽകുകയും ചെയ്യുന്നത്. പക്ഷെ എന്റെ ഓർമ്മകളിൽ നിറയുന്നത് തിളങ്ങുന്ന നക്ഷത്രമായ അങ്ങയുടെ വരികളുടെ സുന്ദരമായ  ഓർമ്മകളായതിനാൽ മറക്കുവാനാവില്ല, എനിക്ക് ഇന്നലെകളുടെ ഓർമ്മകളെ.
അങ്ങേക്ക് ശാന്തമായ നിദ്ര ആശംസിക്കുന്നു...
സ്നേഹപൂർവ്വം.
--------------------------------------------------------------------------------------------------------------------------------------------------------------------------
ഖലീൽ ജിബ്രാൻ
ജനനം Gibran Kahlil Gibran bin Mikhael bin Saâd 1883 ജനുവരി 6(1883-01-06) Bsharri, Lebanon

മരണം 1931 ഏപ്രിൽ 10 (പ്രായം 48) New York City, United States
തൊഴിൽ Poet, Painter, Sculptor, Writer, Philosopher, Theologian, Visual Artist
ദേശീയത Lebanese
രചനാ സങ്കേതം Poetry, Parable, Short Story
സാഹിത്യ പ്രസ്ഥാനം Mahjar, New York Pen League
പ്രധാനപ്പെട്ട കൃതികൾ The Prophet, Nymph of the valley, Broken Wings, Spirits rebellious, Jesus, the son of man, Sand and Foam, the madman.