Friday, July 6, 2012

ജിബ്രാൻ ഖലീൽ ജിബ്രാൻ ബിൻ മിഖായേൽ ബിൻ സാദ്

ജിബ്രാൻ, അങ്ങയെ എനിക്കറിയാം, എന്നാൽ എന്നെ അങ്ങേക്കറിയുകയില്ലെന്നുമറിയാം. എന്നാൽ ആശയ വിനിമയങ്ങളിലൂടെയാണല്ലോ ഒരു പുതിയ സൌഹ്രുദ് ബന്ധം ഉടലെടുക്കുന്നത്. അങ്ങേക്ക് ഞാൻ ഒരു നല്ല സുഹൃത്താവില്ലായിരിക്കാം, എന്നാൽ എനിക്ക് അങ്ങ് എന്നും പ്രിയപ്പെട്ടവൻ തന്നെ. അങ്ങയുടെ സ്നേഹ നിർഭരമായ ഭാവനകളിൽ വിരിഞ്ഞ തത്വശാസ്ത്രങ്ങളാണെന്നെ ഈ ഒരു എഴുത്തിന് പ്രേരിപ്പിക്കുന്നത്. നിശബ്ദതയുടെ ലോകത്ത് അങ്ങേക്ക് ശാന്തിയും സമാധാനവും നേരുന്നു.
അങ്ങയെ പറ്റി പലരും പറയുന്നു, അങ്ങ് കള്ള സത്യങ്ങളുടെ പ്രവാചകനാണെന്ന്, അങ്ങയുടെ സ്നേഹാക്ഷരങ്ങളിൽ കപടതയുടെ മുഖം മൂടിയാണെന്ന്. എന്നാൽ ഞാൻ പറയുന്നു, അങ്ങ് മഹത്തായ സത്യങ്ങൾ വിളിച്ചു പറഞ്ഞ തത്വജ്ഞാനിയും പ്രവാചകനും തന്നെ. അങ്ങയുടെ തത്വശാസ്ത്രങ്ങൾക്ക് ഇന്നും നഷ്ടമാവാത്ത മൂല്യങ്ങൾ തന്നെയാണ് അങ്ങ് സത്യത്തിന്റെ പ്രവാചകനാണെന്ന എന്റെ ചിന്തക്ക് ആധാരം.
കടുത്ത ദാരിദ്ര്യത്തിൻ ഫലമായി ബാല്യത്തിൽ ഔപചാരിക വിദ്യഭ്യാസം ലഭിക്കാതെ പോയിട്ടും അങ്ങ് അന്താരാഷ്ട്ര നിയമങ്ങളും മത ചരിത്രങ്ങളും സംഗീതവും അൽ-ഹിക്മ യിൽ നിന്നു അഭ്യസിച്ചത്  അങ്ങേക്ക് അറിവിനോടുള്ള അടങ്ങാത്ത അഭിനിവേഷത്തിന്റെ ലക്ഷ്യ പൂർത്തീകരണമായി ഞാൻ മനസിലാകുന്നു.ആ ലക്ഷ്യ ബോധം തന്നെയാവണം  ലോകത്തിന്റെ നെറുകയിൽ സ്വന്തം കൈപ്പടയിൽ സ്നേഹത്തിന്റെ ചിത്രം വരച്ചിട്ട് മറഞ്ഞ് പോയ മഹാനെന്ന ഖ്യാതിക്ക് അങ്ങയെ അർഹനാക്കിയത്.
ഏകനായിരിക്കാൻ അങ്ങ് ഇഷ്ടപ്പെട്ടത് ലോകത്തിന്റെ നെറുകയിൽ സ്വന്തം പേര് തങ്ക ലിപികളിൽ കുറിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുവാനായിരുന്നുവോ?. പ്രക്രുതി രമണീയതയുടെ ഏറ്റവും നല്ല വർണ്ണനകൾ അങ്ങേക്ക് ലോകത്തിന് നൽകുവാൻ കഴിഞ്ഞത് ഈ ഏകാന്തതയിലെ അസ്വാദനങ്ങളിലൂടെയോ?
മനസിൽ തോന്നുന്നതെല്ലാം ഭയമില്ലാതെ വിളിച്ച് പറയുവാൻ ധൈര്യം കാണിച്ച അങ്ങ്  ഒരു ചിത്രകാരനായിരിക്കെ ചിത്രകലയിലെ ആധുനികപ്രവണതകൾ അന്വേഷിക്കാൻ ശ്രദ്ദിച്ച മഹാനായി തിളങ്ങി.അപ്പോൾ തന്നെ ആധുനിക ചിത്രകലയെ ഭ്രാന്തൻ വിപ്ലവം എന്ന് വിശേഷിപ്പിക്കാൻ അങ്ങ് കാണിച്ച  ധൈര്യം എന്നെ അൽഭുതപ്പെടുത്തി. പാരീസിലും ലെബണോണിലും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലും അവസാനം ലോകത്തിൽ മുഴുവനും സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിച്ചായ പതിപ്പിച്ച് പ്രശസ്തനായ അങ്ങയെ വിളിക്കാൻ മഹാൻ എന്ന വാക്കിൽ കുറഞ്ഞതൊന്നും എന്റെ നിഘണ്ടുവിലില്ല.
സ്ഥാപന വൽക്കരിക്കപ്പെട്ട മതങ്ങളെ നിരാകരിക്കുന്നവരോട് പ്രത്യേക ബഹുമാനമുണ്ടായിരുന്ന അങ്ങ് യഥാർഥ യേശുവിൽ ആക്രുഷ്ടനായതിൽ അൽഭുതം തോന്നേണ്ട കാര്യമില്ലല്ലോ. നസ്രത്തിലെ യേശു യഥാർത്ഥ ക്രിസ്തുമതത്തിലെ യേശുവിനെ കാണുമ്പോൾ പറയുമെന്ന് അങ്ങ് എഴുതിയ ഈ വരികൾ എന്നാൽ എന്നെ തെല്ലൽഭുതപ്പെടുത്തുകയുണ്ടായി. “ സുഹ്രുത്തെ നമുക്കൊരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് തോന്നുന്നു”. ഒരു ജനതയോട് ഗൌരവ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സത്യം ഉറക്കെ വിളിച്ച് പറയുവാൻ അങ്ങ് കാണിച്ച ധൈര്യത്തിന് മറ്റെന്ത് ഉദാഹരണമാണ് എനിക്ക് ആവശ്യം.
അങ്ങയുടെ ഓരോ വരികളും ചിന്താ മധുരവും വർണ്ണനാ ചാതുരിയും നിറഞ്ഞതായിരുന്നു. മനുഷ്യത്വത്തെക്കുറിച്ച് അങ്ങെഴുതിയ വരികളെ വെല്ലുന്ന ഒരു വരി ഞാൻ വേറെ എവിടെയും വായിച്ചതായി ഓർക്കുന്നില്ല, മനുഷ്യത്വത്തെ അങ്ങ് സ്ത്രീയക്കി ചിത്രീകരിച്ചപ്പോൾ അത് പുരുഷനായിരുന്നെങ്കിൽ എങ്ങനെയാവുമെന്ന് കൂടി അങ്ങ് ചിന്തിച്ചത് ഈ വരിയിൽ മനോഹരമായി എഴുതിയത് അങ്ങയുടെ പ്രതിഭാ വൈഭവത്തിന് തെളിവാണ്.
“കഴുത്തറുക്കപ്പെട്ട പക്ഷിയുടെയടുത്ത് വന്ന് അലമുറയിടുന്ന കൊച്ചു കുട്ടിയാകുന്നു മനുഷ്യത്വം. എന്നാൽ ഉണങ്ങിയ ശിഖരങ്ങളെ ഒടിച്ചു കളയുകയും നാറുന്ന മാലിന്യങ്ങളെ തൂത്തു വാരുകയും ചെയ്യുന്ന കൊടുങ്കാറ്റിനു മുമ്പിൽ ചെന്നു നില്ക്കാൻ അതിനു ഭയമാണ്‌“
“തലമുറകളുടെ നായകന്മാർക്കുവേണ്ടി കരയുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്ത്രീയാകുന്നു മനുഷ്യത്വം. മനുഷ്യത്വം ഒരു പുരുഷനായിരുന്നെങ്കിൽ അവരുടെ പ്രതാപത്തിലും മാഹാത്മ്യത്തിലും അത് ആഹ്ലാദിക്കുമായിരുന്നു
അങ്ങേക്ക് യേശു ക്രിസ്തുവിനോട് അടങ്ങാത്ത സ്നേഹവും ആരാധനയുമുണ്ടായിരുന്നതായി ഞാൻ മനസിലാക്കിയിട്ടുണ്ട്. ജീസസ്, ദ സൺ ഓഫ് മാൻ എന്ന പുസ്തകത്തിലെ ഓരോ വരികളും അതിന് തെളിവാണ്. ക്രൂശിതനായി നിൽക്കുന്ന യേശുദേവനെ അങ്ങ് വിവരിച്ചത് ഇപ്രകാരമായിരുന്നെന്ന് അങ്ങ ഓർക്കുന്നുണ്ടാവണമല്ലോ.
അങ്ങയുടെ തലയ്ക്കു മുകളിലെ ഈ മുൾക്കിരീടം (പേർഷ്യൻ രാജാവ്) ബഹ്‌റാമിന്റെ കിരീടത്തേക്കാൾ മനോഹരവും പവിത്രവുമാണ്‌. അങ്ങയുടെ ഉള്ളംകൈകളിൽ തറച്ച ആണികൾ ജുപ്പിറ്റർ ദേവന്റെ ഗഥയേക്കാൾ മഹത്തരമാണ്‌. അങ്ങയുടെ പാദങ്ങളിലെ രക്തകണങ്ങൾ അഷ്തറൂത്ത് ദേവിയുടെ താലിയേക്കാൾ ഭംഗിയായി വെട്ടിത്തിളങ്ങുന്നു. താങ്കൾക്കു വേണ്ടി വിലപിക്കുന്ന ഈ സാധുക്കൾക്ക് അങ്ങു പൊറുത്തു കൊടുക്കുക; അവർക്കറിയില്ല എങ്ങനെയാണ്‌ അവരുടെ സ്വന്തം ശരീരത്തിനു വേണ്ടി വിലപിക്കേണ്ടതെന്ന്. അവരോട് പൊറുക്കുക; അവർക്കറിയില്ല അങ്ങ് മരണത്തെ മരണം കൊണ്ട് കീഴടക്കി എന്ന്“
അങ്ങയുടെ മഹത്തായ ഭാവനയിൽ വിരിഞ്ഞ തത്വജ്ഞാനിയായ അൽ മുസ്തഫ എന്ന പ്രവാചകനിലൂടെ അങ്ങയുടെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശന സാന്ദ്രമായ ആവിഷ്കാരം നൽകിയപ്പോൾ ആ പ്രവാചകനെ ലോകം ഇരു കൈകളാൽ ഏറ്റു വാങ്ങിയത് അത് ലോകത്തിന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കുമുള്ള മറുപടി ആയി വായിക്കുവാൻ സാധിച്ചതിനിലാണെന്ന് നിസംശയം പറയാം. പ്രണയം, വിവാഹം,കുഞ്ഞുങ്ങൾ.നിയമം, നീതി, ശിക്ഷ,സ്വാതന്ത്ര്യം, ഔദാര്യം, മതം, സുഖം, ദുഖം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് ഉപദേശകനായ അൽ-മുസ്തഫ നൽകുന്ന മറുപടികൾ ചിന്താധീനവും സത്യസന്ധവുമായിരുന്നു.
പ്രണയ ബന്ധത്തിന്റെ തകർച്ച മൂലം വിവാഹമെന്ന സമ്പ്രദായത്തെ തന്നെ വെറുത്ത അങ്ങ് സ്ത്രീത്വത്തിന്റെ ഏറ്റവും മഹത്തായ അർഥം അമ്മയാണെന്ന് എഴുതുകയുണ്ടായി. അമ്മയുടെ മരണത്തിൽ തകർന്നു പോയ അങ്ങയുടെ ഈ വാക്കുകൾ മാത്രുത്വത്തിന് എഴുതപ്പെട്ട വാക്കുകളിൽ മനോഹരമായ ഒന്ന് തന്നെ.
"മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം“.
എന്നിട്ടും എന്തുകൊണ്ടാണ് അങ്ങ് മറവിയെ ഇത്രയധികം സ്നേഹിച്ച് പോയത്? ഓർമ്മകളെ വേദനകളാക്കാൻ തുനിഞ്ഞത്? കൊഴിഞ്ഞ് പോയ സ്വപ്നങ്ങളെ അങ്ങ് വല്ലാതെ സ്നേഹിച്ചിരുന്നതായി തോന്നുന്നു. അത് കൊണ്ടായിരിക്കണം അങ്ങ് മറവിയെ പുൽകാൻ വെമ്പൽ കാണിച്ചത്. അത് കൊണ്ട് തന്നെയായിരിക്കണം അങ്ങേക്ക് ഓർമ്മ കണ്ടുമുട്ടലുകളുടെ ഭാരം നൽകുകയും മറവി മോക്ഷം നൽകുകയും ചെയ്യുന്നത്. പക്ഷെ എന്റെ ഓർമ്മകളിൽ നിറയുന്നത് തിളങ്ങുന്ന നക്ഷത്രമായ അങ്ങയുടെ വരികളുടെ സുന്ദരമായ  ഓർമ്മകളായതിനാൽ മറക്കുവാനാവില്ല, എനിക്ക് ഇന്നലെകളുടെ ഓർമ്മകളെ.
അങ്ങേക്ക് ശാന്തമായ നിദ്ര ആശംസിക്കുന്നു...
സ്നേഹപൂർവ്വം.
--------------------------------------------------------------------------------------------------------------------------------------------------------------------------
ഖലീൽ ജിബ്രാൻ
ജനനം Gibran Kahlil Gibran bin Mikhael bin Saâd 1883 ജനുവരി 6(1883-01-06) Bsharri, Lebanon

മരണം 1931 ഏപ്രിൽ 10 (പ്രായം 48) New York City, United States
തൊഴിൽ Poet, Painter, Sculptor, Writer, Philosopher, Theologian, Visual Artist
ദേശീയത Lebanese
രചനാ സങ്കേതം Poetry, Parable, Short Story
സാഹിത്യ പ്രസ്ഥാനം Mahjar, New York Pen League
പ്രധാനപ്പെട്ട കൃതികൾ The Prophet, Nymph of the valley, Broken Wings, Spirits rebellious, Jesus, the son of man, Sand and Foam, the madman.

10 comments:

  1. നല്ലൊരു അനുസ്മരണം.
    ആശംസകള്‍

    ReplyDelete
  2. ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ പ്രചുര പ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ് !

    നല്ലൊരു അനുസ്മരണം.
    ആശംസകള്‍

    ReplyDelete
  3. പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ ... പ്രണയത്തെ ഇത്രമേല്‍ മനോഹരമായി വര്‍ണിച്ച മറ്റൊരു കവി ഉണ്ടോ എന്ന് സംശയം . നന്ദി റൈനി ഈ അനുസ്മരണം വായിക്കാന്‍ കഴിഞ്ഞതിനു :)

    ReplyDelete
  4. നല്ല ഓർമപ്പെടുത്തൽ എന്ന് പറയാം
    നല്ല വിവരണം

    ReplyDelete
  5. ജിബ്രാന്‍റെ വാക്കുകള്‍ തെന്നെയാണ് ജിബ്രാനെ ഇങ്ങനെ കൊണ്ടാടാന്‍ പ്രേരിപ്പിക്കുന്നത്
    ആ കവിതകള്‍ ഇനിയും പ്രചരിക്കും ഈ പാരിലാകെ

    ReplyDelete
  6. വളരെ ഇഷ്ടപ്പെട്ടു ഈ ലേഖനം

    ReplyDelete
  7. നന്നായി എഴുതി.....

    ReplyDelete
  8. നന്നായിരിക്കുന്നു...

    ReplyDelete
  9. ഒരുപാടിഷ്ടായീ...

    ReplyDelete