Friday, September 21, 2012

യാത്രകള്.. അഥവാ പറിച്ചു നടലുകളുടെ ചരിത്രം...!


യാത്രകളാണത്രെ മനുഷ്യ ജീവിതങ്ങള്..! 
അച്ചന്റെ മുതുകിലൂടെ, അമ്മയുടെ ഗർഭപാത്രത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലെത്തുമ്പോൾ അവനെ കാത്തിരിക്കുന്നതും യാത്രകൾ തന്നെ. 
               
ശൈശവത്തിൽ നിന്നും ബാല്യത്തിലേക്ക്, ബാല്യത്തിൽ നിന്നു കൌമാരത്തിലേക്ക്, പിന്നെ യൌവനത്തിലേക്ക്, യൌവനത്തിൽ നിന്നും വാർദ്ധക്യത്തിലേക്കും തുടർന്ന് ഒടുക്കത്തിലേക്കും ചുമക്കപ്പെടുന്നതിലേക്കും അടക്കപ്പെടുന്നതിലേക്കും വരെ നീളുന്ന വലിയ പ്രയാണങ്ങള്

യാത്രകൾക്കിടയിലെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ചരിത്രം അപഗ്രഥിക്കുവാനാവുന്നതാർക്കാണ്. അല്ലെങ്കിൽ തന്നെ ഇത്തിരിവെട്ടത്തെ ജീവിതത്തിനിടയില് ശാശ്വതമായ നേട്ടങ്ങളെന്താണ് ? കോട്ടങ്ങളെന്താണ്. ?

എന്റെ ചിന്തകളിൽ പലപ്പോളും എന്റെ നേട്ടങ്ങൾ മറ്റൊരാളുടെ നഷ്ടങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റൊരാൾ നേടേണ്ടിയിരുന്നവ വിധി നിഷ്കരുണം അയാളിൽ നിന്നും തട്ടിപ്പറിച്ച് എന്നിലേക്ക് നീട്ടുന്നതു പോലെ. എന്നിട്ടും യാതൊരു ലജ്ജയുമില്ലാതെ ഞാനത് ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. ഇടക്കെപ്പോളെങ്കിലും ഉറക്കമില്ലാത്ത രാവുകളിൽ വെറുതെ കിടന്നു ഓർമ്മകളെ കല്ലറ തോണ്ടി വിശകലനം ചെയ്യുമ്പോൾ മാത്രം, ഇതെന്തൊരു ലോകം.! ഇവിടെ എത്രയെത്ര വിരോധാഭാസങ്ങൾ.! എന്ന് ഞാനോർക്കുന്ന തട്ടിപ്പറികള്..!

തരം തിരിക്കലുകളുടെ ചരിത്രം തുടങ്ങുന്നിടത്ത് നിന്നാണ് തട്ടിപ്പറികളുടെ ചരിത്രവും തുടങ്ങുന്നത്. കഴിവുകളുടെ അടിസ്ഥാനത്തില്, മതത്തിന്റെ അടിസ്ഥാനത്തില്, ജാതിയുടെ അടിസ്ഥാനത്തില്, ചിന്തകളുടെ അടിസ്ഥാനത്തില്, വേഷഭാഷാധികളുടെ അടിസ്ഥാനത്തില്, വർണ്ണാടിസ്ഥാനത്തില്, വർഗ്ഗാടിസ്ഥാനത്തില്, അങ്ങനെ എത്രയെത്ര തരംതിരിവുകളാണ് ലോകത്ത് എന്ന ചിന്ത എന്നെ വിസ്മയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഓരോ തരം തരംതിരിവുകൾക്കും ന്യായവും അന്യായവും ഒരേ അനുപാതത്തിൽ കാണാൻ കഴിയുമ്പോളാകട്ടെ ആ വിസ്മയത്തെ വെല്ലുന്ന വിസ്മയത്തിന്റെ സമ്മേളനമാണ്

മനുഷ്യൻ എന്ന മഹാ തരം തിരിവിനപ്പുറം മറ്റൊരു തരം തിരിവിനും ഈ നശ്വരലോകത്ത് പ്രസക്തിയില്ലെന്ന കമ്മ്യൂണിസ്റ്റ് ചിന്ത ( കമ്മ്യൂണിസ്റ്റ് എന്നാൽ രാഷ്ട്രീയപാർട്ടിയല്ല, സർവ്വ സമ സമത്വമെന്ന ഒരു നല്ല ചിന്ത മാത്രമാണുദ്ദേശം) മനസിലുള്ളതിനാലാവണം ഈ ഭ്രാന്തൻ ചിന്തകൾ എന്നിലേക്ക് കടന്നുവരുന്നതെന്നു തോന്നുന്നു.

പറിച്ചു നടലുകളുടെ ചരിത്രമെഴുതാൻ ശ്രമിക്കുമ്പോള് പറിച്ചു നടലുകളുടെ ആവശ്യകഥയെക്കുറിച്ച് ചിന്തിക്കേണ്ടി വരും. പറിച്ചു നടലുകൾ, പ്രകൃതിയുടെ നിയമങ്ങളിലൊന്നാണത്.

കൊത്തിമാറ്റി ഒരിക്കലതില്പിന്നെ-
 ത്രനാളിന്റെ തൂവൽ കൊഴിഞ്ഞു. “

എന്ന കവിതാ വരികൾ വിശദീകരിച്ചു നാലാം ക്ലാസിലെ അമ്മിണി ടീച്ചർ വ്യക്തമാക്കിയിടത്തു നിന്നുള്ളത് തന്നെയാവണം എന്റെ മനസിലെ പറിച്ചു നടലുകളുടെ പ്രകൃതിദത്ത ചിന്തയും ഉടലെടുത്തത്

പറക്കമുറ്റുന്നത് വരെ തന്റെ ചിറകിൻ കീഴിലൊതുക്കി നടന്ന കുഞ്ഞുങ്ങളെ പക്വതയും പാകതയുമാവുന്നതോടെ തള്ളക്കോഴി അടുത്ത് നിന്ന് കൊത്തിയോടിക്കുന്ന ചിത്രം മനസിൽ വരച്ചിട്ട അമ്മിണി ടീച്ചർ പറിച്ചു നടൽ ജീവിതമെന്ന മഹായാത്രയുടെ അവഗണിക്കാനാവാത്ത അനിവാര്യതയാണെന്ന ചിത്രം തന്നെയാണ് മനസിൽ വരച്ചിട്ടത്.

ഇന്നിപ്പോൾ നഗ്ന സത്യം പലപ്പോളായി അനുഭവിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഓർമ്മകളിലെ കഴിഞ്ഞു പോയ വലിയ പറിച്ചു നടലുകളുടെ ചരിത്രത്തെ എഴുതാനുള്ള പ്രചോദനം പുതിയൊരു പറിച്ചുനടൽ അടുത്തുണ്ടായേക്കാം എന്ന ചിന്ത തന്നെയാണ്.

അനിവാര്യമായതെങ്കിലും പറിച്ചു നടലുകൾ വേദന തന്നെയാണ്, വേരിലെ നനഞ്ഞ മണ്ണുണങ്ങാതെയുള്ള പറിച്ചു നടൽ നമുക്കെങ്ങനെയാണ് സാധ്യമാവുന്നത്. ഒട്ടുമിക്ക പറിച്ചു നടലുകളിലും വേരിലെ ഈറനായ മണ്ണിന്റെ അവസാനത്തെ നനവിന്റെ അംശവും ചോർന്നുണങ്ങിയ അവസ്ഥയിലായിരിക്കും എന്നത് വിധിയുടെ സുന്ദരമായ ഒരു കളിയാണെന്ന് തോന്നുന്നു.

പുതിയൊരു കൃഷിയിടത്തിൽ വേരു കിളിർത്ത് വളർന്നു തുടങ്ങുന്നത് വരെയുള്ള അവസ്ഥ വേദനാജനകമാണല്ലോ. വേദനാ ചിന്ത തന്നെയാണ് ഈയൊരു ചരിത്രത്തിന്റെ അയവിറക്കലുകൾക്ക് ആധാരം.കഴിഞ്ഞു പോയ പറിച്ചു നടലുകളിലെ സുന്ദരമായ ഓർമ്മകൾ വരാനിരിക്കുന്നതിനെക്കുറിച്ചുള്ള അകാരണമായ വേദനകൾ ഇല്ലാതാക്കുമായിരിക്കാം.

എന്നെ സംബന്ധിച്ചിടത്തോളം അവസാനത്തേത് പ്രവാസത്തിൽ നിന്നുള്ള വിടുതിയായിരുന്നു എന്നതിനാൽ അതൊരു വലിയ വേദനയായിരുന്നില്ല. എന്നിട്ടും അവസാന നാളുകളിൽ അത് ഒരു ഒറ്റപ്പെടലിന്റെ, നഷ്ടത്തിന്റെ വേദന എന്നിൽ ഉണ്ടാക്കിയിട്ടില്ലെന്ന് എനിക്ക് പറയാനാവില്ല.
നാലു വർഷത്തോളം ഒരു കുടുംബം പോലെ ജീവിച്ചവർ, ആ കാലയളവിൽ അവരെ പിരിഞ്ഞത് മൂന്ന് മാസം മാത്രമാണല്ലൊ. ദൈവം നൽകിയ രക്തബന്ധത്തിനപ്പുറം നാം കണ്ടെടുക്കുന്ന ചില ബന്ധങ്ങൾ നമ്മെ വളരെ സ്വാധീനിക്കുന്നുണ്ട് എന്നാണെന്റെ അഭിപ്രായം.

അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും കാണാത്ത, എന്നെ ദിനവും വേദനിപ്പിച്ചു കൊണ്ടിരുന്ന അവസാന പ്രവാസത്തിലെ സിദ്രായക്ഷിയുടെ ഓർമ്മകൾ പോലും ഇന്നെനിക്ക് മധുരമായ ഓർമ്മകൾ ആവുന്നതെങ്ങനെയാണ്. സിദ്രായക്ഷിയെന്ന പരാമർശം നിങ്ങളിൽ ഒരു ചെറിയ ചിരിയുടെ മത്താപ്പിന് തിരികൊളുത്തിക്കാണുമെന്ന് എനിക്കറിയാം. അവസാന വായനയിൽ സിദ്രായക്ഷിയുടെ ചരിത്രം ഞാൻ വിശദമാക്കാം.

കഴിഞ്ഞു പോയ ഖത്തർ ജീവിതം എന്റെ ഗൾഫിലെ ആദ്യ പ്രവാസമായിരുന്നതിനാൽ തന്നെ ആദ്യ ദിനങ്ങൾ വളരെ വിഷമകരമായിരുന്നു. ആ ദിനങ്ങളുടെ ഒറ്റപ്പെടലിന്റെ പ്രവാസച്ചൂടിൽ എന്റെ നേർക്ക് സ്നേഹത്തിന്റെ ചിരിയോടെ നാട്ടിലേക്ക് വിളിക്കാൻ മൊബൈൽ ഫോൺ നീട്ടിയ മഹേഷ് എസ് അയ്യർ തന്നെയാണ് എന്നിലെ ഏറ്റവും സുഖമുള്ള ഓർമ്മ. ആദ്യ ദിവസത്തിലെ ആ മനുഷ്യത്വത്തിന് അവസാനം ദിനം വരെ ഒരു മാറ്റവുമില്ലാതെ തുടർന്നപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ കണ്ട മനുഷ്യനെന്ന വാക്കിന് ഏറ്റവും അർഹനായ വ്യക്തിയെന്ന് അദ്ധേഹത്തെ ഹൃദയത്തിൽ എഴുതി വെക്കുന്നു.

മലയാള കവിതാ വരികളില്ലാതെ ജീവിക്കാൻ ആവില്ലെന്ന് തോന്നിപ്പിച്ച് ദിവസവും കവിതാ ഈരടികളുമായി മുറിയിൽ എനിക്ക് കൂട്ടായിരുന്ന പ്രതാപേട്ടനാണ് മറ്റൊരു ഓർമ്മ. സ്വന്തം ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കണ്ട്, ജീവിതത്തെ ഇത്രയും നിസാരമായി കാണാൻ മറ്റൊരാൾക്ക് കഴിയുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അപ്പോൾ തന്നെയും മറ്റുള്ളവന്റെ ജീവിതത്തെ വിലമതിക്കുകയും അശരണരായവർക്ക് വേണ്ടി  സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന ആ വ്യക്തിത്വത്തെ എനിക്കൊരിക്കലും എഴുതുവാൻ കഴിയില്ലെന്ന് തോന്നുന്നു. മലയാള കവിതയോട് ഇന്ന് എനിക്കുള്ള സ്നേഹം ആലപ്പുഴക്കാരനായ  ഈ നാടക നടൻ നിറച്ചു തന്നതാണെന്ന് പറയുവാൻ ഇന്ന് എനിക്ക് അഭിമാനമുണ്ട്. 

വ്യക്തിത്വങ്ങൾ പിന്നെയും ഒരുപാട് മനസിന്റെ ഉള്ളറകളിലുണ്ട്, മലയാളിയുടെ സ്വാർത്ഥ ചിന്താഗതിയുടെ ഉദാഹരണങ്ങളായവര്, സ്നേഹത്തിന്റെ പരിഗണനയുടെ പര്യായപദങ്ങളായവര്. ഒറ്റപ്പെടലിന്റെ വേദനിക്കുന്ന മുറിവിൽ സ്നേഹത്തിന്റെ, പരിഗണനകളുടെ മരുന്ന് പുരട്ടിയവര്.. അങ്ങനെ അങ്ങനെ………

എന്നാൽ ഖത്തർ ജീവിതം ഓർക്കുമ്പോൾ എന്നെ ഏറെ ആഹ്ലാദചിത്തനാക്കുന്നത് മഹേഷ് എസ് അയ്യരും പ്രതാപേട്ടനും സിദ്രായക്ഷിയും തന്നെയാണ്. സിദ്രായക്ഷിയെ വിശദീകരിക്കാമെന്ന് മുൻപ് വാക്കു തന്നിരുന്നതാണല്ലേ.. തീർച്ചയായും ഞാനത് വിശദീകരിക്കാൻ പോകുകയാണ്.

സിദ്രായക്ഷി എന്നത് ഒരു ഭാവന മാത്രമാണ്, ചിലപ്പോളെങ്കിലും നമുക്ക് വ്യക്തമായറിയാത്ത കാര്യങ്ങൾക്ക് നമ്മളൊരു വിശദീകരണം കണ്ടെത്താൻ ശ്രമിക്കാറില്ലെ? ഒരുപക്ഷെ നമ്മുടെ ബോധമനസിന് അസാധ്യം, അപ്രാപ്യം എന്നൊക്കെ തോന്നുന്ന തരത്തിലുള്ള ചിന്തകൾ ഉണരുമ്പോൾ പോലും നമ്മുടെ ഉപബോധ മനസു കൊണ്ട് നമ്മളതിനെ അങ്ങ് ഉറപ്പിച്ചു നിർത്തും.ഒരു പാഴ്ചിന്തയെന്ന് സ്വയം പലവട്ടം പറഞ്ഞാലും അറിയാതെ നമ്മളതിനെ വിശ്വസിക്കും. അല്ലെങ്കിൽ അത് സത്യമാണെന്ന് ചിന്തിക്കാൻ നമ്മളാഗ്രഹിക്കും.

സിദ്രാ എന്നത് ഖത്തറിലെ ദേശീയ മരമാണ് എന്നാണ് എനിക്ക് തോന്നുന്നത്. പ്രവാസത്തിന്റെ അവസാന നാളുകളിൽ നാലു വർഷത്തോളം സ്വന്തമെന്ന് കരുതിയ അനേകം കൂട്ടുകാരെ നഷ്ടപ്പെട്ട് പോകുന്നതിലെ വേദനയോ, നാലു വർഷത്തെ കണക്കുകൾ എല്ലാം അടക്കിയൊതുക്കി കൈമാറാനുള്ള തിടുക്കത്തിൽ ഉണ്ടായ മാനസിക സമ്മർദ്ധമോ, ഒരു ചാട്ടത്തിന് പ്രാവാസമെന്ന ദുരിതത്തെ വലിച്ചെറിഞ്ഞ് പോകുവാൻ ഒരുമ്പെട്ട് രാജിക്കത്ത് നൽകിയപ്പോൾ മനസ് സ്വയം ചോദിച്ചു കൊണ്ടിരുന്ന “ഇനി നീ എന്തുചെയ്യാൻ പോകുന്നു” എന്ന ചോദ്യം മനസിലുണ്ടാക്കിയ മാനസിക സമ്മർദ്ധമോ ഖത്തറിലെ അവസാന ദിവസങ്ങൾ എന്റെ മനസിനെ വല്ലാതെ ഉരുകിയൊലിപ്പിച്ചിരുന്നിരിക്കണം.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഖത്തറിലെ എന്റെ അവസാനത്തെ ഒരു മാസം തുടർച്ചയായി ഞാൻ ഉറക്കത്തിൽ ഞെട്ടിയുണരുമായിരുന്നു. വെറുതെ ഞെട്ടിയുണരുന്നതല്ല, കണ്ണടഞ്ഞു കഴിയുമ്പോൾ കഴുത്തിൽ ആരോ വന്ന് ഞെക്കിയമർത്തും. ഞാൻ ശ്വാസം മുട്ടി വല്ലാതെ പിടയും. ഒന്ന് ശബ്ദിക്കാനാവാതെ എന്റെ നാവു കുഴയും. മരണത്തിലേക്കുള്ള യാത്രയുടെ അവസാന പടവുകളിലാണെന്ന് സ്വയം ചിന്തിച്ച് , മറ്റൊരു നിവൃത്തിയുമില്ലാതെ കീഴടങ്ങാനൊരുങ്ങുന്ന നേരം എന്റെ കഴുത്തിലെ കൈകൾക്ക് മെല്ലെ അയവു വരും. മെല്ലെ എന്റെ കഴുത്ത് ആ കൈകളിൽ നിന്നും മോചിതനാവുന്ന നേരം ഞാൻ ഉണരും. ഏതാണ്ട് ഒന്നൊന്നര മാസത്തോളം എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ.

ആദ്യ ദിവസങ്ങളിൽ ഇതൊരു വല്ലാത്ത വിഷമമായിരുന്നു. ഉറങ്ങുന്നില്ലെന്ന് കരുതി ഇന്റെർനെറ്റിനു മുന്നിൽ കുത്തിയിരുന്ന ദിവസങ്ങൾ. എന്നിട്ടും പുലർച്ചെ ഒന്നു കണ്ണടച്ചാലും ഇതു തന്നെ അവസ്ഥ. എന്നാൽ  ആ അവസ്ഥയെ താമസിയാതെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. 

എന്റെ സ്വപനത്തിൽ കഴുത്തിൽ കുത്തിപ്പിടിക്കുന്നവളെ ഞാൻ ഭാവനയിൽ കണ്ടു. അവൾക്ക് ഞാൻ സിദ്രയെന്ന് പേരിട്ടു. അവളെ ഞാൻ ഒരു യക്ഷിയെന്ന് സങ്കല്പിച്ചു. ഞാൻ ഓരോ നാളിലും ചെയ്യുന്ന കൊച്ചു തെറ്റുകൾക്ക് എന്നെ ചങ്കിൽ കുത്തിപ്പിടിച്ചു ചോദ്യം ചെയ്യുന്ന നന്മ നിറഞ്ഞൊരു യക്ഷിയായി ഞാൻ അവളെ സങ്കല്പിച്ചു. എല്ലാ തെറ്റുകളിൽ നിന്നും എന്നെ മോചിപ്പ് തീർത്തും നല്ലൊരു മനുഷ്യനാവാൻ ആ ചിന്ത എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. വ്യർഥ ചിന്ത എങ്കിലും ആ ദിവസങ്ങളിൽ എത്ര ദേഷ്യം വന്നാലും ലേബർമാരോട് പോലും ഒന്ന് മുഖം വീർപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. 

പാതിരാവിൽ എന്നെ ചോദ്യം ചെയ്തുണർത്തി സിദ്രായക്ഷി പോയിക്കഴിയുമ്പോൾ എന്റെ ചിന്തകൾ ഉണരും. സിദ്രാ മരത്തെക്കുറിച്ചും മരുഭൂമിയിൽ പെട്രോൾ ഉണ്ടായതിനെക്കുറിച്ചും അതിന് മുൻപ് മുക്കുവനും കച്ചവടക്കാരനും ആയിരുന്ന അറബികളെക്കുറിച്ചും അങ്ങനെ മണിക്കൂറുകളോളം ആ ശാന്തമായ രാത്രികളിൽ ഞാൻ തല പുകക്കും. അങ്ങനെ സിദ്രായക്ഷി എന്റെ സ്വപ്നങ്ങളിൽ നിന്നും ഒരിക്കലും വിട്ടു പോകരുതെന്ന് കൊതിക്കുന്ന തരത്തിലേക്ക് ആ സ്വപ്നം എന്നെ കൊണ്ടെത്തിച്ചിരുന്നു.

എന്നാൽ നാട്ടിലേക്കുള്ള ടിക്കറ്റ് കയ്യിലെത്തിയതോടെ സിദ്രായക്ഷി എന്നോട് വിട പറഞ്ഞു. എന്റെ മാനസിക സമ്മർദ്ധം തന്നെയായിരുന്നു സിദ്രായക്ഷിയുടെ താണ്ഡവത്തിന് പിന്നിലെന്ന സത്യം അങ്ങനെ വെളിവായി. 

നാട്ടിലേക്ക് പറക്കാനുള്ള ടിക്കറ്റ് നൽകിയ സന്തോഷത്തിൽ മനസിന്റെ ഏതോ ഒരു മണ്ഡലത്തിൽ ജീവിച്ചിരുന്ന സിദ്രായക്ഷി പറിച്ചെറിയപ്പെട്ടു. പിന്നെ പലപ്പോളും ആ സ്വപ്നം കാണാൻ കൊതിയോടെ ഞാൻ കിടന്നെങ്കിലും അതുണ്ടായതേയില്ല.

ഇന്ന് ഞാൻ വീണ്ടും ആ പഴയ അവസ്ഥയിലേക്ക് എത്തുമെന്ന ചിന്തയിലാണ്. ഇവിടെ പക്ഷെ പ്രവാസം അവസാനിക്കുന്നില്ല, ഈ മണൽ‌പ്പരപ്പിൽ നിന്നും മറ്റൊരു മരുഭൂമിലേക്ക് ചേക്കാറാനുള്ള തയ്യറെടുപ്പ് മാത്രം.

അബൂദാബിയുടെ ഈ കത്തുന്ന ചൂടിൽ നിന്നും ഒരു പക്ഷെ പറിച്ചു നടപ്പെടുന്നത് ഓമാനിലെ കടൽത്തീരങ്ങളിലേക്കാവാം. അല്ലെങ്കിൽ  വിശുദ്ധ നാടായ സൌദിയിലെ മദീനയിലേക്ക്.. രണ്ടായാലും ഒരു പറിച്ചു നടൽ കൂടി വീണ്ടും അനിവാര്യമാവുന്നു.

അല്ലെങ്കിൽ തന്നെ പറിച്ചു നടലുകളുടെ ചരിത്രം അവസാനിക്കുന്നില്ലല്ലോ. തുടക്കത്തിനും ഒടുക്കത്തിനും ഇടയിലായി ഇനിയുമെത്ര പറിച്ചു നടലുകൾ ജീവിതത്തിൽ അനിവാര്യമായിരിക്കാം!

Tuesday, September 18, 2012

മനസേ മാസ്തിഷ്കമേ നിങ്ങള്‍....-...(-222 (സ്വപ്‌നങ്ങള്‍)) ))


ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ്  സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത് . ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അത് കൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും.

എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും.

ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപെടുന്നത്.

സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളീകയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.

അല്പം കൂടി വ്യക്തമായി പറഞ്ഞാൽ മാനസിക സംഘർഷങ്ങൾ അവസരമനുസരിച്ച് പുറംതള്ളാനായി ചില മാർഗങ്ങൾ ആരായും. അത്തരം മാർഗങ്ങളിൽ ഒന്നാണ് സ്വപ്നങ്ങൾ എന്ന് ആദ്യ ലേഖനത്തില്‍ വായിച്ചല്ലോ.

പൂർത്തീകരിക്കാത്ത മോഹങ്ങളാണ് പലപ്പോളും സ്വപ്നങ്ങളുടെ രൂപത്തിൽ സാക്ഷാത്കാരം കണ്ടെത്തുന്നത്. എല്ലാ കാര്യങ്ങളിലും എല്ലാ ആളുകളും സ്വപ്നങ്ങൾ കാണണമെന്നില്ല.സ്വപ്നങ്ങൾ കാണാത്ത ചില ആളുകളുടെ മനസ് അവരുടെ അടിച്ചമർത്തപ്പെട്ട ആഗ്രഹ പൂർത്തീകരണത്തിനു മറ്റ് മാർഗങ്ങളും ആരായാറുണ്ട്.

ഫ്രോയിഡിന്റെ ചിന്തകളുമായി പൊരുത്തപ്പെട്ട് സ്വപ്നങ്ങളെ പൂർത്തീകരിക്കാത്ത മോഹങ്ങളായി അംഗീകരിക്കുമ്പോൾ തന്നെ ചില സ്വപ്നങ്ങളുടെ കാര്യത്തിൽ നമ്മുക്ക് ഈ ചിന്തയുമായി പൊരുത്തപ്പെടാനാവാതെ വരുന്നു.

വളരെ ഉയർന്ന ഒരു കുന്നിൻ മുകളിൽ നിന്നും അറിയാതെ കാൽ തെന്നി വീഴാൻ നമ്മളൊരിക്കലും ആഗ്രഹിക്കുന്നില്ല, എന്നാൽ പലപ്പോളും അങ്ങനെ നമ്മളൊരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങൾ നമ്മുടെ സ്വപ്നങ്ങളിൽ ഉണ്ടാവാറില്ലേ?

ചില സ്വപ്നങ്ങൾ ഉണരുന്നതിനു മുൻപേ നമുക്ക് ഓർത്തെടുക്കാനാവാത്ത മറവിയുടെ മൂടുപടം ചൂടുമ്പോൾ തന്നെയും ചില സ്വപ്നങ്ങൾ നമ്മെ വളരെ ദിവസം അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

സ്വപ്നം വെറും സ്വപ്നമെന്ന് വിവേകപൂർവ്വം ചിന്തിക്കുമ്പോൾ തന്നെയും ദിവസങ്ങളോളം നമ്മെ അസ്വസ്ഥമാക്കിയ സ്വപ്നങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.

ഒരിക്കൽ,  “പൂർത്തീകരിക്കാത്ത മോഹങ്ങളാണ് സ്വപ്നങ്ങൾ“ എന്ന് ഒരു സുഹൃതുമായി സംവദിക്കുന്നതിനിടയിൽ അദ്ദേഹം ന്യായമായ ഒരു സംശയം ഉന്നയിക്കുകയുണ്ടായി.
"പൂർത്തീകരിക്കാത്ത മോഹങ്ങളാണ് സ്വപ്നം എങ്കിൽ, ഒരിക്കലും ജീവിതത്തിൽ ആഗ്രഹിക്കാത്ത കാര്യങ്ങൾ നമ്മുടെ ഉറക്കിത്തിനിടയിൽ സ്വപ്നങ്ങളായി ചിറകു വിടർത്തി രാത്രി മുഴുവൻ നമ്മെ അസ്വസ്ഥരാക്കാറില്ലേ" എന്നായിരുന്നു അത്.

ന്യായമായ ചോദ്യം തന്നെ. ഒരു കുന്നിഞ്ചെരുവിൽ നിന്നും കാൽ തെന്നി താഴെ വീഴുക, നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ മരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ആരുടെയെങ്കിലും മോഹങ്ങളാണോ എന്ന് ചോദിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാവും അല്ലേ? അത്തരം സ്വപ്നങ്ങളും നാം കാണാറുണ്ടല്ലോ.

ഫ്രോയിഡിന്റെ സ്വപ്നത്തെക്കുറിച്ചുള്ള വിശദീകരണം ശരിയെങ്കിൽ ഭയാനകമായ സ്വപ്നങ്ങൾ  മുൻപ് നിങ്ങളുടെ മോഹങ്ങൾ ആയിരുന്നതെങ്ങിനെയെന്ന് നമുക്കൊന്നു ചിന്തിച്ചു നോക്കിയാലോ. എന്റെ പാഴ്ചിന്തയിലൂടെ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു.

ചിലപ്പോളെങ്കിലും എന്തെങ്കിലും സംസാരത്തിനിടയിൽ ചില ചിന്തകൾ നമ്മുടെ മനസിൽ മിന്നിമറയാറില്ലേ. നമുക്കത് ആ സംസാരത്തിൽ പറയാനുള്ളത്ര സമയം പോലും നമ്മുടെ ചിന്തയിൽ നിൽക്കാതെ ഒരു ഫ്ലാഷ് മിന്നുന്ന പോലെ ഒരു മിന്നുമിന്നി പെട്ടെന്ന് മറന്ന് പോകുന്ന ചില നിമിഷങ്ങൾ നമുക്കുണ്ടായിട്ടില്ലേ പലപ്പോളും.?

മറ്റു ചിലപ്പോൾ നാം രസകരമായ ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു. ആ ചർച്ചയിൽ നമുക്കേറെ ഇഷ്ടമായ ചില കാര്യങ്ങൾ നാം പറയാനായി മനസിൽ കരുതി വെക്കുന്നു. എന്നാൽ നാം കരുതി വെച്ച കാര്യങ്ങൾ നാം നമ്മുടെ സുഹ്രുത്തിന്റെ സംസാരം ശ്രദ്ദിക്കുന്നതിനിടയിൽ പെട്ടെന്ന് മറന്നുപോകുന്നു. ആ വാക്കുകൾക്ക് വേണ്ടി നാം ചിന്തയെ ഒന്നു റിവൈൻഡ് ചെയ്യുന്നുവെങ്കിലും നമുക്കത് ഓർത്തെടുക്കാനാവുന്നില്ല.

ആ ചിന്തകളെ വാക്കുകളായി ഘോരഘോരം സംവദിക്കാൻ നാം മോഹിച്ചിരുന്നു.പക്ഷെ കഴിയാതെ പോയി. അതും പൂർത്തീകരിക്കാത്ത മോഹമായി മനസിൽ അവശേഷിക്കപ്പെട്ടേക്കാം.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ നാം എന്നോ ചിന്തിച്ച് പറയാൻ കഴിയാത്ത നമ്മുടെ വിവാഹത്തെക്കുറിച്ചുള്ള ചിന്തയോ അല്ലെങ്കിൽ സമയത്ത് വിവാഹം ആഗ്രഹിച്ച് നടക്കാത്തതിലുള്ള മോഹഭംഗമോ, മറ്റൊരു സമയത്ത് ചിന്തിച്ച് പറയാൻ കഴിയാതെ പോയ മരണത്തെപ്പറ്റിയുള്ള ചിന്തയോ അല്ലെങ്കിൽ അസാധാരണമായി ഒരു മരണത്തിൽ നിന്നും നാം രക്ഷപ്പെട്ടത് ആരോടോ നമുക്ക് പറയാൻ ആഗ്രഹിച്ച് കഴിയാതെ പോയ കാര്യമോ ഒരുപക്ഷെ ഒരു ദിവസം ഒരുമിച്ച് കൊണ്ടായിരിക്കാം ചിലപ്പോൾ  സ്വപ്നത്തിൽ ചിത്രീകരിക്കപെടുന്നതെന്ന് ചിന്തിച്ച് നോക്കൂ.

ചിന്തകളുടെ ചിത്രരൂപങ്ങളാണല്ലോ സ്വപ്നം. ആയതിനാൽ  അത് നമ്മുടെ ഭാര്യ മരിച്ചതായി ആയിരിക്കാം ചിലപ്പോൾ സ്വപ്നത്തിൽ കാണപ്പെടുന്നത്. അതെങ്ങനെ എന്നൊന്ന് നോക്കിയാലോ..

വിവാഹം എന്ന ചിന്ത ഭാര്യ അല്ലെങ്കിൽ ഭർത്താവായി ചിത്രീകരിക്കപ്പെടുന്നു, അപകടവും മരണവും  മരണമായും ചിത്രീകരിക്കപ്പെടുന്നു എന്ന് കരുതുക. അപ്പോള്‍ ഈ രണ്ട് കാര്യങ്ങളും നമ്മുടെ മനസിലെവിടെയോ തങ്ങി നിന്നത് കൂടിക്കുഴഞ്ഞ് ഒരു സ്വപ്നമായി ചിത്രീകരിക്കപ്പെടുന്നതാവാം നാം കാണുന്ന ഭാര്യ മരിക്കുന്ന സ്വപ്നം.

ഇങ്ങനെ ചിന്തിക്കുമ്പോൾ മാത്രമേ ദുസ്വപ്നങ്ങളെ നമുക്ക്  മോഹഭംഗങ്ങളെ പൂവണിക്കുന്നതായി കാണാൻ കഴിയുകയുള്ളൂ. എങ്കിൽ മാത്രമേ ദുസ്വപ്നങ്ങളുടെ കാര്യത്തിൽ ഫ്രോയിഡുമായി നമുക്ക് പൊരുത്തപ്പെടാനുമാവൂ.

സിഗ്മണ്ട് ഫ്രോയിഡിന്റെ നിരവധി വർഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് മനസിനെയും സ്വപ്നങ്ങളെയും കുറിച്ച് ഇത്രയെങ്കിലും കാര്യങ്ങൾ നമുക്കറിയാൻ കഴിയുന്നത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കാഴ്ചപ്പാടിൽ മനസ്സ് സാങ്കല്പികമായ ഒരവസ്ഥയോ വസ്തുവോ ആണ്. പക്ഷെ ഈ സാങ്കല്പികതയില്ലെങ്കിൽ മനുഷ്യർക്ക് പല കാര്യങ്ങളും വിശദീകരിക്കാൻ സാധ്യമല്ല. മനുഷ്യനിൽ നടക്കുന്ന പല പ്രതിഭാസങ്ങളും വിശദീകരിക്കാൻ മനുഷ്യന്റെ ശരീരത്തിനു മാത്രം കഴിയുകയില്ല.

സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകാനോ സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തലുകളെ വെല്ലുവിളിക്കാനോ ആധുനിക ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല എന്നത് തന്നെയാണ് സ്വപ്നങ്ങളെ ഇന്നും പ്രഹേളികയാക്കി നിർത്തുന്നതും.

(ഇതിലെ വിശദീകരണങ്ങളിൽ പലതും എന്റെ കുഞ്ഞു ചിന്ത മാത്രമാണ്, തെളിയിക്കപ്പെടാത്ത വെറും ഊഹങ്ങളാകയാൽ ആർക്കും അതിനെ തള്ളിക്കളയാവുന്നതുമാണ്.)
(അടിവരയിടുമ്പോള്‍ :- കുറച്ച് കൂടെ വ്യക്തമായി സ്വപ്നങ്ങളെക്കുറിച്ച് ആർക്കെങ്കിലും വ്യക്തമാക്കാനാവുമെങ്കിൽ അത് ഇവിടെ കുറിക്കുമെന്ന് കരുതട്ടെ.!  ദയവു ചെയ്തു ഈ ലേഖനം നോബല്‍ കമ്മറ്റിക്ക് അയച്ചു കൊടുക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. :)   :) :)

Saturday, September 15, 2012

മനസേ മസ്തിഷ്കമേ നിങ്ങൾ... ( ലേഖനം)


“മനസ് ഒരു മാന്ത്രികക്കൂട്
 മായകൾ തൻ കളിവീട്..
ഒരു നിമിഷം പലമോഹം 
അതിൽ വിരിയും ചിരിയോടെ
മറു നിമിഷം മിഴിനീരിൻ കഥയായ് മാറും“

“മനസൊരു മാന്ത്രിക-
ക്കുതിരയായ് പായുന്നു
മനുഷ്യൻ കാണാത്ത കാടുകളിൽ“ 

യേശുദാസ് പാടിയ മലയാള സിനിമ ഗാനങ്ങളാണിവ. ഇതൊക്കെ കേട്ടപ്പോളാണ് മനസ് എന്താണെന്നൊന്ന് അറിഞ്ഞാലോ എന്ന ചിന്ത വന്നത്.
പക്ഷെ അറിഞ്ഞു വന്നപ്പോളല്ലേ അറിയുന്നത് മനസ് എന്ത് മണ്ണാങ്കട്ടയാണെന്ന് ഒരാൾക്കും അറിയില്ല എന്ന സത്യം. ആ സത്യം അറിഞ്ഞപ്പോൾ എന്തായാലും എനിക്ക് സമാധാനമായി, എനിക്കറിയാത്ത ഈ മനസ് ആർക്കും അറിയില്ലല്ലോ, അപ്പോൾ മനസിനെ പറ്റി അറിയാത്ത ഞാൻ അത്ര മണ്ടനൊന്നുമല്ല.

എന്നാലും പിന്നെയും കുറെ സംശയങ്ങൾ, അങ്ങനെയെങ്കിൽ എന്താണ് തലച്ചോറ്. തലച്ചോറും മനസും തമ്മിൽ ചെറുതെങ്കിലും ആയ ഒരു ബന്ധമില്ലേ? എന്നാൽ പിന്നെ അതൊക്കെ ഒന്ന് അറിഞ്ഞു തന്നെ ബാക്കി കാര്യം. മനസിനെ പറ്റി ഗൂഗിൾ മുത്തശ്ശിയോട് ചോദിച്ചു, മുത്തശ്ശി എന്തൊക്കെയോ പറഞ്ഞു. പക്ഷെ എനിക്കെന്തോ ഒന്നും അങ്ങ് മനസിലായില്ല, എന്റെ കുറ്റമാണോ അതോ മുത്തശ്ശിയുടെ കുറ്റമോ അതോ എന്റെ മനസിന്റെയോ തലച്ചോറിന്റെയോ കുറ്റമോ? എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവസാനം ഞാൻ ആ കുറ്റം ഗൂഗിൾ മുത്തശ്ശിക്ക് തന്നെ ചാർത്തിക്കൊടുത്തു. മുത്തശ്ശിക്ക് വയസായില്ലേ, എത്ര അറിവുണ്ടെങ്കിലും ശബ്ദം ഇടറിയാൽ പറയുന്നത് മനസിലാക്കാൻ ആർക്കായാലും ബുദ്ദിമുട്ടും.

എന്നാലും ഞാൻ തോറ്റുപോയി എന്നൊന്നും കരുതണ്ട കെട്ടോ. പലരും പലപ്പോളും മനസിനെയും ബുദ്ദിയെയും പറ്റി പറഞ്ഞതൊക്കെ ഓർമ്മയിൽ നിന്നെടുത്ത് പലരും ഇതിനെയൊക്കെ പറ്റി എഴുതിയതിൽ നിന്ന് എനിക്കാവശ്യമുള്ളവ വേർതിരിച്ചെടുത്ത് ഞാനും കുറെയൊക്കെ മനസിലാക്കി മനസിനെപ്പറ്റി. അതെന്തൊക്കെയാണെന്ന്  അറിയാൻ നിങ്ങൾക്കും തോന്നുന്നില്ലേ ഇപ്പോൾ..നിങ്ങൾ തമാശയൊക്കെ കളഞ്ഞ് ഇതൊന്ന് വായിച്ച് നോക്ക്, അപ്പോൾ അറിയാം മനസിനെയും ബുദ്ദിയെയും പറ്റിയുള്ള ചുരുളഴിയാത്ത ചില രഹസ്യങ്ങൾ.
******************************************

ആധുനിക മനശാസ്ത്രം നമ്മുടെ മനശക്തി പരമാവധി ഉപയോഗപ്പെടുത്തുവാനുള്ള മാർഗങ്ങൾ വ്യക്തമാക്കുന്നുണ്ട്.1981-ൽ റോജർ ഫെറി എന്ന ശാസ്ത്രഞ്ജനു നോബേൽ സമ്മാനം ലഭിച്ചത് മസ്തിഷ്കത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ നടത്തിയതിനാണ്.സ്പ്ലിറ്റ് ബ്രെയിൻ തിയറി എന്നറിയപ്പെടുന്ന ഈ കണ്ടെത്തൽ വിദ്യാഭ്യാസത്തിലും പഠനരീതികളിലും ഏറെ മാറ്റങ്ങൾക്ക് വഴി തുറക്കുകയുണ്ടായി.മനുഷ്യ മസ്തിഷ്കത്തിനു രണ്ട് അർദ്ദഗോളങ്ങൾ ഉണ്ടല്ലോ, വലതും ഇടതും. ഈ രണ്ട് അർദ്ദ ഗോളങ്ങളുടെ സവിശേഷതകളും പ്രത്യേകമായ ധർമ്മങ്ങളുമാണ് റോജർ ഫെറി കണ്ടെത്തിയത്.

 ഇടത് മസ്തിഷ്ക അർദ്ദഗോളം വലത് വശത്തെ ശാരീരികാവയവങ്ങളെ നിയന്ത്രികുകയും വലത് അർദ്ദ ഗോളം ഇടത് വശത്തെ അവയവങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.എന്നാൽ ഇതിലുപരിയായി ഓരോ അർദ്ദ ഗോളത്തിനും വ്യത്യസ്തമായ ധർമ്മങ്ങൾ ഉണ്ട്.ഉദാഹരണമായി, ഇടത് അർദ്ദ ഗോളം യുക്തിപരവും പ്രായോഗികവുമായി ചിന്തിക്കുന്നു, സ്വാർഥത പ്രകടമാക്കുന്നു. വായിക്കുന്ന കാര്യങ്ങൾ വാക്കുകളിൽ ഓർമ്മയിൽ സൂക്ഷിക്കുന്നു. എന്നാൽ വലത് അർദ്ദഗോളം ഭാവന, സർഗ്ഗാത്മകത, സ്രുഷ്ടിപരത,വികാരങ്ങൾ എന്നിവയുടെ ഇരിപ്പിടമാണ്.

 സ്നേഹം, കാരുണ്യം,ദയ, കലാപരമായ കഴിവുകൾ തുടങ്ങിയവ വലത് അർദ്ദ ഗോളത്തിന്റെ നിയന്ത്രണത്തിലാണ്.നാം കാണുകയും ഭാവന ചെയ്യുകയും ചെയ്യുന്ന കാര്യങ്ങൾ ചിത്രങ്ങളായി വലത് അർദ്ദഗോളത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. ഈ രണ്ട് മസ്തിഷ്ക അർദ്ദ ഗോളങ്ങളുടെ ശേഷികൾ സന്തുലിതമായി ഉപയോഗപ്പെടുത്തുമ്പോളാണ് മസ്തിഷ്ക ശേഷി അഥവാ മനശക്തി കൂടുതലായി ഉപയോഗിക്കുവാൻ കഴിയുന്നത്.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടത് മസ്തിഷ്ക അർദ്ദഗോളത്തിനാണ് ഊന്നൽ ലഭിക്കുന്നത്. കൂടാതെ വലത് കരം കൂടുതലായി ഉപയോഗിക്കുന്നവരാണ് 90% മനുഷ്യരും. വലത് കൈ ഉപയോഗിക്കുമ്പോൾ ഇടത് മസ്തിഷ്ക കോശങ്ങളാണല്ലോ ഉത്തേജിതമാവുന്നത്. അതുകൊണ്ട് ഇടത് മസ്തിഷ്ക സവിശേഷതകൾ ആയ യുക്തി. പ്രായോഗിക ബുദ്ദി, സ്വാർഥത തുടങ്ങിയ സവിശേഷതകൾ അധികമായി വളരുന്നു. ഇവർ കണക്കിലും ലോജിക്കിലും ഒക്കെ കൂടുതൽ മികവ് പുലർത്തിയേക്കാമെങ്കിലും കല, സാഹിത്യം ഭാവന, സ്നേഹം കാരുണ്യം തുടങ്ങിയ കാര്യങ്ങളിൽ പിന്നിലാവാം. ബോധപൂർവ്വം ഇടത് കൈകൊണ്ട് എഴുതുകയും വരക്കുകയും ഒക്കെ ചെയ്യുമ്പോൾ വലത് അർദ്ദ ഗോളമാണ് ഉത്തേജിക്കപ്പെടുന്നത്. അത്കൊണ്ട് ആ വ്യക്തിയിൽ വലത് മസ്തിഷ്ക സവിശേഷതകൾ ആയ ഭാവനയും സർഗാത്മകതയും സ്നേഹവും കാരുണ്യവുമൊക്കെ വളരുന്നു. 

അപ്പോൾ ന്യായമായ ഒരു സംശയമുയർന്നേക്കാം. ഇടങ്കയ്യന്മാരായവർക്ക് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ? അവരിൽ വലത് മസ്തിഷ്ക ഗുണങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടോ?ഉണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇടങ്കയ്യന്മാരിൽ അഞ്ചിലൊന്ന് പേർ അസാധാരണ വ്യക്തിത്വവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കുന്നവരാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലിയോ ടോൾസ്റ്റോയ്, ലിയാനാഡോ ഡാവിഞ്ചി, മൈക്കൽ ആഞ്ചലോ, പിക്കാസോ, ചാർലി ചാപ്ലിൻ, മാർക്ക് ട്വയിൻ, റാഫേൽ തുടങ്ങിയവരെല്ലാം ഇടങ്കയ്യന്മാരായിരുന്നു എന്നത് യാദ്രുച്ചികമാണോ? നെപ്പോളിയൻ, ഹെലൻ ഗെല്ലർ,ജോവൻ ഒഫാറക്ക്, അലക്സാണ്ടർ ചക്രവർത്തി, തുടങ്ങിയവരും ഇടങ്കൈ പ്രാവീണ്യർ ആയിരുന്നു.ഇടങ്കൈ ഉപയോഗിക്കുന്ന ഇവരുടെയെല്ലാം വലത് മസ്തിഷ്ക കോശങ്ങൾ കൂടുതലായി ഉത്തേജിക്കപ്പെടുകയും വികാസം പ്രാപിക്കുകയും ചെയ്തത് കൊണ്ടാവാം സർഗ്ഗാത്മകതയും, ഭാവനയും കലാവാസനയും കൂടുതലായി പ്രകടിപ്പിക്കാൻ അവർക്കായത്.
********************************

മാനസിക സംഘർഷങ്ങൾ അവസരമനുസരിച്ച് പുറംതള്ളാനായി ചില മാർഗങ്ങൾ ആരായും. അത്തരം മാർഗങ്ങളിൽ ഒന്നാണ് സ്വപ്നങ്ങൾ. പൂർത്തീകരിക്കാത്ത മോഹങ്ങളാണ് പലപ്പോളും സ്വപ്നങ്ങളുടെ രൂപത്തിൽ സാക്ഷാത്കാരം കണ്ടെത്തുന്നത്. എല്ലാ കാര്യങ്ങളിലും എല്ലാ ആളുകളും സ്വപ്നങ്ങൾ കാണണമെന്നില്ല.സ്വപ്നങ്ങൾ കാണാത്ത ചില ആളുകൾ അവരുടെ അടിച്ചമർത്തപ്പെട്ട ആഗ്രഹ പൂർത്തീകരണത്തിനു മറ്റ് മാർഗങ്ങളും ആരായാറുണ്ട്.അത്തരം മാർഗങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനസ്സെന്ന മായാജാലത്തെക്കുറിച്ച് കുറച്ച് കൂടി അറിഞ്ഞെപറ്റൂ..

സിഗ്മണ്ട് ഫ്രോയിഡിന്റെ നിരവധി വർഷത്തെ ഗവേഷണങ്ങളുടെ ഫലമായി ആണ് ഈ കണ്ടെത്തലുകളെല്ലാം നമ്മുടെ മുന്നിലെത്തിയിട്ടുള്ളത്. സിഗ്മണ്ട് ഫ്രോയിഡിന്റെ കാഴ്ചപ്പാടിൽ മനസ്സ് സാങ്കല്പികമായ ഒരവസ്ഥയോ വസ്തുവോ ആണ്. പക്ഷെ ഈ സാങ്കല്പികതയില്ലെങ്കിൽ മനുഷ്യർക്ക് പല കാര്യങ്ങളും വിശദീകരിക്കാൻ സാധ്യമല്ല. മനുഷ്യനിൽ നടക്കുന്ന പല പ്രതിഭാസങ്ങളും വിശദീകരിക്കാൻ മനുഷ്യന്റെ ശരീരത്തിനു മാത്രം കഴിയുകയില്ല.സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം നൽകാനോ സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തലുകളെ വെല്ലുവിളിക്കാനോ ആധുനിക ശാസ്ത്രത്തിനു ഇന്നും കഴിഞ്ഞിട്ടില്ല.

ആധുനിക വൈദ്യ ശാസ്ത്രത്തിനു കണ്ട് പിടിക്കാൻ കഴിയാത്ത എത്രയെത്ര രോഗങ്ങൾ നമ്മൾ മനുഷ്യർക്കുണ്ട്. അണുബാധയില്ലാതെ മറ്റ് അപകടങ്ങളൊന്നുമില്ലാതെ ശരീരത്തിനു യാതൊരു തകരാറുമില്ലാതെ തന്നെ ശരീരം തളർന്നു പോകുക, കൈകാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് പോകുക, ശബ്ദം നഷ്ടപ്പെടുക, കണ്ണിനു യാതൊരു കുഴപ്പവുമില്ലാതെ തന്നെ അന്ധരായിത്തീരുക, ഇങ്ങനെ എത്രയെങ്കിലും രോഗാവസ്ഥയെക്കുറിച്ച് ഡോക്ടെർസിനു പറയുവാനുണ്ട്.അതി കഠിനമായ വേദനമൂലം ആത്മഹത്യ ചെയ്യാൻ വരെ ശ്രമിക്കുന്ന വ്യക്തികളെ പരിശോധിക്കുമ്പോൾ വേദനയുടെ കാരണം കണ്ട് പിടിക്കാൻ കഴിയാതെ കുഴങ്ങുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിനു വേദനയുടെ കാരണം മാനസികമാണ് എന്ന് പറയാനേ സാധിക്കുന്നുള്ളു.

കാമുകനുമായി സിനിമ കാണാൻ പോയ യുവതിയെ തിയ്യറ്ററിൽ വെച്ച് ഒരു അയൽകാരൻ കണ്ടത് വീട്ടിൽ പറയുമോ എന്ന ഭയം മൂലം ശരീരം തളർന്നു പോയ കാര്യം പറഞ്ഞ് ആ കാര്യം ചികിത്സിക്കാൻ ശ്രമിച്ച് പരാചയപ്പെട്ട കഥയാണ് ഒരു ഡൊക്ടർക്ക് പറയാനുള്ളതെങ്കിൽ, കയ്യും കാലും തളർന്ന് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ഒരു അമ്മ തന്റെ കുഞ്ഞു മേശമേൽ നിന്ന് താഴേക്ക് വീഴുന്നത് കണ്ടെഴുന്നേറ്റ് ഓടി വന്ന് കുഞ്ഞിനെ എടുത്തതും, കുഞ്ഞിനെ എടുത്ത ശേഷം വീണ്ടും കൈകാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ടതും ആധുനിക വൈദ്യശാസ്ത്രത്തിനു എങ്ങനെ വിശദീകരിക്കാൻ കഴിയും.

നിർത്താതെയുള്ള തുമ്മൽ കാരണം ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച ഒരു അറുപത് വയസുകാരന്റെ കഥയും വിരൽ ചൂണ്ടുന്നത് മനസ്സെന്ന മായാ ലോകത്തേക്കാണ്. എത്ര ചികിത്സിച്ചിട്ടും എന്തെല്ലാം മരുന്ന് കഴിച്ചിട്ടും മാറാതെ തുടർന്ന തുമ്മൽ ഒരു മനശാസ്ത്രഞ്ജന്റെ ക്രുത്യമായ ഇടപെടൽ മൂലം ഇല്ലാതായതും മനസ്സിന്റെ ഒരു കളി തന്നെ. മുറിയിൽ ഫ്രയിം ചെയ്തു വെച്ചിരുന്ന ഭാര്യയുടെ ഫോട്ടോ എടുത്ത് മാറ്റുക മാത്രമേ തുമ്മൽ മാറ്റാനായി മനശസ്ത്രഞ്ജനു ചെയ്യേണ്ടി വന്നുള്ളൂ..

ബോധം കെട്ടു വീഴുമ്പോളും അപകടമൊന്നും പറ്റാതെ സുരക്ഷിതമായി മാത്രം വീഴുന്നവരെയാണ് നാം ഫിസ്റ്റീരിയ രോഗികൾ എന്ന് വിളിക്കുന്നത്. എപിലെപ്സി വരുമ്പോൾ രോഗികളിൽ പ്രകടമാവുന്ന എല്ലാ രോഗ ലക്ഷണങ്ങളും ഫിസ്റ്റീരിയ രോഗികളിലും കാണാം. കൈകാലിട്ടടിക്കുകയും, നിന്ന നില്പിൽ നിലത്തേക്ക് വീഴുകയും വായിൽ നിന്നും നുരയും പതയും വരികയുമൊക്കെ ഫിസ്റ്റീരിയക്കാരിലും എപിലെപ്സിക്കാരിലും ഒരുപോലെ കാണാം. എന്നാൽ പരിശോധിക്കുമ്പോൾ എപിലെപ്സിക്കാർക്കുള്ള യാതൊരു വിധ തകരാറും ഫിസ്റ്റീരിയക്കാരുടെ തലച്ചോറിൽ കാണാൻ സാധിക്കുന്നുമില്ല.

സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാനായി ഫിസ്റ്റീരിയ പ്രകടമാക്കുമ്പോൾ അഗ്നി, ജലം തുടങ്ങിയ അപകടകരമായതൊക്കെ ഇവർ ഒഴിവാക്കിയിരിക്കും. അത് കൊണ്ട് ഫിസ്റ്റീരിയ ഒരു അഭിനയമാണെന്ന് ധരിക്കരുത്.അത് രോഗം തന്നെയാണ്. ശരീരത്തിന്റെയല്ല എന്ന് മാത്രം.  മനസ്സിന്റെ പ്രവർത്തനം എത്ര ദുരൂഹം അല്ലേ?.

Tuesday, September 4, 2012

അഗ്നിശുദ്ധി

രണ്ടു ദിവസങ്ങ ള്‍ മാറി നില്‍ക്കുന്നതിന് ആവശ്യമായതെല്ലാം അരമണിക്കൂര്‍ കൊണ്ട് ചെയ്തുതീര്‍ത്തു യാത്രക്കായി പുറപ്പെടുമ്പോള്‍ സുജയ ഒരുക്കിവെച്ച ബാഗ് അയാള്‍ക്ക് നേരെ നീട്ടി. പ്രിയതമയോട് യാത്രയോതി പുറത്തിറങ്ങുമ്പോള്‍ സാധാരണ യാത്രകള്‍ക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ ഉണ്ടാവാറുള്ള പരിഭവങ്ങളോ  പരാധികളോ അവളില്‍ നിന്നും ഉണ്ടായില്ല.

വരണ്ട മണ്‍ തരികളെ ഞെരിച്ചു കൊണ്ട് അയാളുടെ കാലുകള്‍ മുന്നോട്ട് ചലിച്ചുകൊണ്ടിരുന്നു. വഴിയിലെ കാഴ്ചകള്‍ അവ്യക്തമായിത്തീര്‍ന്ന ആ യാത്ര ബോധാമനസിലും ഉപബോധമനസിലും വേദനയുടെ കത്തുന്ന കനല്‍ നിറച്ചതായിരുന്നു.

വഴിയില്‍ നിന്നു തന്നെ കിട്ടിയ ഓട്ടോറിക്ഷയില്‍ കയറി. ഓട്ടോറിക്ഷക്കാരന്‍ വഴിയിലുടനീളം എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഒന്നും അറിയുകയോ കേള്‍ക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ലെങ്കിലും അലക്ഷ്യമായി അയാള്‍ക്കുത്തരം  മൂളിക്കൊണ്ടിരുന്നു. ആണെന്നോ അല്ലെന്നോ തിരിച്ചറിയാനാവാത്ത മൂളലുകള്‍ ഓട്ടോക്കാരന്റെ അസ്വസ്ഥത നിറച്ചു കൊണ്ടിരിക്കുന്ന സംസാരത്തിന് വിരാമ ചിഹ്നം നല്‍കുമെന്ന ചിന്തയെ പരിഹസിച്ചു കൊണ്ട് അയാള്‍ സംസാരം തുടര്‍ന്നു കൊണ്ടിരുന്നു.

റയില്‍വേ സ്റ്റേഷന്റെ ഗേറ്റ് കടന്ന്‍ ഓട്ടോ റിക്ഷ നിന്നു. സ്റ്റേഷനിലെ തിങ്ങിക്കൂടിയ ജനക്കൂട്ടം ധൃതിയില്‍ നടന്നു നീങ്ങുന്ന കാഴ്ച കാലത്തിന്റെ വേഗതയുടെ  നേര്‍ചിത്രം മനസ്സില്‍ വരച്ചിട്ടു. പ്രതീക്ഷകള്‍ നിറച്ച ബാഗുകള്‍ കയ്യിലേന്തി യാത്രതിരിച്ചവര്‍, വിടര്‍ന്ന മോഹങ്ങളുടെ പൂവിറുക്കാന്‍ പോകുന്നവര്‍, തന്നെപ്പോലെ തകര്‍ന്ന സ്വപ്നങ്ങളുടെ ചിതയോരുക്കാന്‍ പോകുന്നവര്‍, അങ്ങനെ എത്രയെത ഭാവങ്ങളാണ് പ്രയാണികളുടെ മുഖത്ത് ഉണ്ടാവുന്നതെന്ന്‍ അയാളോര്‍ത്തു.

പെട്ടെന്നുള്ള യാത്രയായതിനാല്‍ റിസര്‍വേഷന്‍ കിട്ടിയില്ല. മാന്യതയെ അത്യാവശ്യതിനായി ബലി നല്‍കി കാട്ടികൂട്ടിയ പ്രകടനങ്ങള്‍ക്കവസാനം ആഗ്രഹിച്ചതുപോലെ ജനല്പാളിക്കടുത്ത് തന്നെ സീറ്റ് ലഭിച്ചു. ഈ സീറ്റ് കൂടി ലഭിചില്ലായിരുന്നെങ്കില്‍ മണിക്കൂറുകളോളം നിന്നുകൊണ്ടുള്ള ഈ യാത്ര എത്രത്തോളം വിഷമകരമായിരുന്നെനെ എന്നോര്‍ത്തുകൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് അയാളുടെ  മിഴികള്‍ നീണ്ടു.

 ബാഗില്‍ സുജയ കരുതി വെച്ച പുസ്തകം കയ്യിലെടുത്ത് മറി ക്കുമ്പോള്‍ അയാളോര്‍ത്തു.  'തന്റെ  പ്രിയതമ, അവള്‍ തന്നെയായിരിക്കണം ലോകത്തിലെ ഏറ്റവും ഉത്തമയായ ഭാര്യ'. പരിഭവങ്ങളും പരാധികളുമില്ലാതെ തനിക്കായ്‌ ജീവിക്കുന്നവള്.  ഈ തിരക്ക് പിടിച്ച സ്വാര്‍ത്ഥലോകത്ത് ഇങ്ങനെയും ഒരു സ്ത്രീ മനസോ എന്ന്‍ കൌതുകം കൊണ്ടിട്ടുണ്ട് പലപ്പോളും . എന്നിട്ടും താന്‍ അവള്‍ക്ക് തിരിച്ചുകൊടുക്കുന്നത് മുള്ളുകള്‍ കൊണ്ടുള്ള മുറിവുകളാണല്ലോ.
'ഒരുപക്ഷെ എല്ലാ പുരുഷന്മാരും ഇങ്ങനെയാവാം. വാങ്ങുന്നതിനനുസൃതം തിരിച്ച് നല്‍കുവാന്‍ അറിയാത്തവര്..‘
ഒരു നെടുവീര്‍പ്പിനൊപ്പം വേറുതെയൊന്ന്‍ പിടഞ്ഞ മനസിനെ അയാള്‍ സ്വയം സമാധാനിപ്പിച്ചു.

കയ്യിലെ പുസ്തകം മറിക്കുമ്പോള്‍ ജിബ്രാന്റെ തത്വശാസ്ത്രങ്ങള്‍ ഓരോന്നായി അല്‍മുസ്തഫ അയാളുടെ മനസ്സില്‍ കോറിയിടുന്നതിനിടെ എപ്പോഴോ നിദ്രയുടെ കൈകള്‍ അയാളുടെ കണ്ണുകള്‍ തഴുകിയടച്ചു.

ഉറക്കവും ഉണര്‍ച്ചയുമായി പതിനൊന്ന്‍ മണിക്കൂറുകളുടെ ദൂരം താണ്ടിത്തീന്നിരിക്കുന്നു. ഇരുമ്പുപാളങ്ങളില്‍ ഉരഞ്ഞുനിന്ന തീവണ്ടിയില്‍ നിന്നും അയാള്‍ പുറത്തിറങ്ങി. വിശപ്പും ദാഹവും ആക്രമിച്ചുകൊണ്ടിരുന്നെങ്കിലും ഭക്ഷണ ശാലകളിലേക്ക് കടക്കാതെ അയാളുടെ കാലുകള്‍ വഴിയരികിലെ ബസിനരികിലേക്ക് ചലിച്ചു. കാത്തിരിപ്പിന്റെ നിരാശതയില്‍ കിടക്കുന്നവളെ കാണുവാന്‍ അയാളുടെ മനസ് ആഗ്രഹിച്ചപ്പോള്‍ തന്നെ എന്തിന് എന്നൊരു ചോദ്യം അയാളില്‍ നിന്നുയരാതിരുന്നില്ല.

അത്യാവശ്യ ഘട്ടങ്ങളില്‍ മനുഷ്യന്‍റെ യാത്രകള്‍ക്ക്   വേഗത കുറയുന്നതും ദൂരം കൂടുന്നതും കാലത്തിന്റെ കുഞ്ഞുകുസൃതികളാണെന്ന്‍ അയാള്‍ക്ക് തോന്നി. മനുഷ്യന്‍റെ വേദനകള്‍ നിറയുന്ന മുഖഭാവമാണ് ക്രൂരനായ വിധിയുടെ ഇഷ്ട കാഴ്ചകളെന്ന്‍ അയാള്‍ വെറുതെ ചിന്തിച്ചു.

ദൂരങ്ങളെ താണ്ടി ഇഞ്ചംപാക്കത്തെ ഗ്രാമഭംഗിയില്‍ ബസിറങ്ങുമ്പോള്‍ മുന്‍പ്‌ ഈ ഗ്രാമം തന്നില്‍ നല്‍കിയ  സുഖം ഇപ്പോളില്ലെന്ന്‍ അയാള്‍ തിരിച്ചറിഞ്ഞു. മുന്‍പ് ബാസിറങ്ങുന്നതും കാത്ത് ചിരിയൂറുന്ന മുഖത്തോടെ നിന്നവള്‍ ഇന്ന്‍ വെളുത്ത തുണിയാല്‍ പൊതിയപ്പെട്ട് തന്നെയും കാത്ത് കിടക്കുകയാണല്ലോ എന്ന ഓര്‍മ്മ അയാളുടെ മിഴികളില്‍ നനവ്‌ പടര്‍ത്തി.

അനുപമയുടെ വീടിനടുത്തേക്ക് നടന്നടുക്കുംതോറും വഴിയില്‍ നിറയുന്ന ജനക്കൂട്ടം അവിടവിടെ നിന്ന്‍ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നു. ആര്‍ച്ച്‌ ആകൃതിയില്‍ ബോഗന്‍വില്ല കൊണ്ട് മനോഹാരമായി തീര്‍ത്ത പടി കടന്നു അകത്തേക്ക് കാലെടുത്ത് വെക്കുമ്പോള്‍ മനസ്  വല്ലാതെ തെ പിടഞ്ഞുകൊണ്ടിരുന്നു.

അകത്ത് കടന്ന്‍ മുറിയില്‍ ശുഭ്രവസ്ത്രത്താല്‍ പുതച്ചു മൂടപ്പെട്ടു  കിടന്ന അനുപമയുടെ അരികിലെത്തിയതും ഹൃദയത്തിലെ മുറിവുകള്‍ക്ക് ആഴം കൂടിയതായി അയാള്‍ക്ക് തോന്നി.
അഭീ.... എന്നൊരു വിളി ആ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്ന്‍ വന്നെങ്കില്‍ എന്ന്‍ അയാള്‍ വല്ലാതെ ആഗ്രഹിച്ചു.

മരണമുറിയിലെ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തില്‍ നിന്നും പുറത്ത് കടന്നു മുറ്റത്തെ വിശാദമൂകയായ മാവിനെ ചാരി നില്‍ക്കുമ്പോള്‍ അരികിലെ ആളുകള്‍ അടക്കിപ്പിടിച്ചു സംസാരിക്കുന്നത് കേള്‍ക്കാം.

"സണ്‍ ഷേഡ് കെട്ടാത്ത ടെറസില് ചെടിച്ചെട്ടി വെക്കാന്‍ കയറിയതാത്രേ.. കാലുതെറ്റി... ..ഇത്രോക്കെയുള്ളൂ മനുഷ്യന്റെ കാര്യം."

അരികില്‍ കൂട്ടം കൂടി നില്‍ക്കുന്നവരില്‍ ഒരാളില്‍ നിന്നും വന്ന വാര്‍ത്ത വിശ്വസിക്കാന്‍ പക്ഷേ അയാള്‍ക്ക് കഴിയുകയില്ലല്ലോ . ഒരുപക്ഷെ അവളുടെ കാലുകള്‍ അറിയാതെ വഴുതിയതല്ല അത് മനപൂര്‍വ്വം വഴുതപ്പെട്ടതാണെന്ന സത്യം അറിയാവുന്ന ഒരാള്‍ താനും മറ്റൊരാള്‍ സുജയയും മാത്രമാണല്ലോ എന്ന്  അയാളോര്‍ത്തു.

സംസ്കാരം കഴിഞ്ഞ് പുറപ്പെടാനൊരുങ്ങുമ്പോള്‍ അനുവിന്റെ അമ്മയുടെ കണ്ണുകളിലെ വേദനക്ക് ശമനം ഒരു നോട്ടം കൊണ്ട്പോലും നല്‍കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ തന്നെ എത്ര വലിയ സമാധാന വചനങ്ങള്‍ക്കും അവരുടെ നഷ്ടങ്ങളെ നികത്താനാവില്ലല്ലോ.

തിരികെ നടന്ന്‍ നീങ്ങുമ്പോള്‍ മനസ് വല്ലാത്തോരവസ്ഥയില്‍ ആയിരുന്നു. കാതില്‍ അനുപമയുടെ അവസാനത്തെ വാക്കുകള്‍ മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു.

“എന്നെക്കുറിച്ച് അഭിക്കെന്തറിയാം ... ഞാന്‍ ഒരു പ്രോസ്റ്റിട്യൂട്ട്  ആണ്  അഭീ.. വേശ്യ എന്ന വാക്കില്‍ നീ കാണുന്ന കറുത്ത് തടിച്ച സ്ത്രീകളിലൊന്നല്ല. ഒരു ഇന്റെര്‍ നാഷണല്‍ വണ്‍ .... ........  ...“

“അനൂ.. തമാശയായി ആണെങ്കിലും ഇങ്ങനെയൊന്നും പറഞ്ഞു കൂടാ ..“  എന്ന അയാളുടെ ശാസനയെ  അവഗണിച്ചു ഉതിര്‍ന്ന അവളുടെ വാക്കുകള്‍ അയാള്‍ വീണ്ടും വീണ്ടും ചെവിയില്‍ കേട്ടുകൊണ്ടിരുന്നു.

“സ്വയം ഒരു വിഡ്ഡിയാവാന്‍ ശ്രമിക്കരുത് അഭീ.. ഒരിക്കലും ഒരു സ്ത്രീ സ്വയം ഒരു വേശ്യയെന്ന്‍ പറയുകയിലല്ലെന്ന് സ്പഷ്ടമായി അറിയുന്ന നീ എന്തിനാനെന്റെ മുന്നില്‍ അഭിനയിക്കാന്‍ ശ്രമിക്കുന്നത്?
അറിയാതെ ഒരു സഹോദരിയായി കണ്ടു നീ നല്‍കിയ സ്നേഹം വ്യര്‍ഥമായ വേദനയെ മറച്ചു വെക്കാനോ? എനിക്കറിയാം തിരിച്ചുപോയാല്‍ പിന്നെ നീയൊരിക്കലും എന്നെ കാണാന്‍ വരികയില്ലെന്ന്‍ ..  അല്ലെങ്കിലും ഇനിയൊരിക്കല്‍ ഒരു കൂടിക്കാഴ്ച അതെന്തിന് ? എങ്ങനെയാണ് എനിക്കതിന് കഴിയുന്നത്?“

"അനൂ നീ എന്തൊക്കെയാണീ പുലമ്പുന്നത്? എനിക്കൊന്നും വ്യക്തമാവുന്നില്ല. നിന്നെപ്പോലെ ഒരു കുട്ടി ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ വിശ്വസിക്കനാവില്ലല്ലോ ഇതൊന്നും..."

“വിശ്വസിക്കണം അഭീ.. ഒരായിരം വട്ടം ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണ്‌ നിന്നോടിത്.. പക്ഷെ പറഞ്ഞ് തീർത്തൊരു നിമിഷത്തിനപ്പുറം നിന്റെ മുഖത്ത്  നോക്കുന്നതോര്‍ത്ത് പലപ്പോളും വേണ്ടെന്നു വെച്ചു.“

“അനൂ.. എന്തെക്കെയാണിത് ??“

“ഞാന്‍ പറയാം അഭീ.. എനിക്കെല്ലാം പറയണം നിന്നോട് ..“

“ഡിഗ്രിക്ക് പടിക്കുന്ന കാലത്താണ് ഞാന്‍ അവനെ പരിചയപ്പെട്ടത്.  വൈകീട്ട് സമയം കളയാനായി ഇരുന്ന ഒരു ചാറ്റ് റൂമിൽ. ഒരൊറ്റ വട്ടം ചെയ്ത ചാറ്റിൽ ഞാൻ അവനെ എഴുതി. സല്‍സ്വഭാവി. മാന്യന്‍...  ഞങ്ങള്‍ വളരെ പെട്ടെന്ന്‍ നല്ല സുഹൃത്തുക്കളായി.
അവനാണ് എനിക്കയാളെ പരിചയപ്പെടുത്തിയത്..  മാര്‍ട്ടിന്‍ ഇന്റർനാഷനാല്‍ പെണ്‍ വാണിഭ സംഘത്തിലെ എജന്റ് ..“ 
“അനൂ പ്ലീസ്....” അയാളുടെ വാക്കുകളിൽ താക്കീതിന്റെ സ്വരം..

“അരുത് എന്നെ തടയരുത് അഭീ..എനിക്കിതെല്ലാം നിന്നോടെങ്കിലും ഒന്ന് പറയണം...“

സ്തംബ്ദനായി മിഴിച്ചുനിന്ന അയാളെ നോക്കി അവൾ പറഞ്ഞുകൊണ്ടിരുന്നു..

“എനിക്ക് എങ്ങനെയാണ് മനസ് തെറ്റിയതെന്ന്‍ അറിയില്ല അഭീ.. അയാളൊരിക്കലും എന്നെ തട്ടിക്കൊണ്ടുപോകുകയോ ഭീഷണിപ്പെടുതുകയോ ഒന്നും ചെയ്തിട്ടില്ല ഒന്നും.. പക്ഷെ അയാള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ ഞാന്‍ വീണു പോയി അഭീ..  കൈ നിറയെ നിറഞ്ഞുകവിയുന്ന കറന്‍സികള്‍, ഒരിക്കലും ജീവിതത്തില്‍ കാണാന്‍ കഴിയില്ലെന്ന്‍ കരുതുന്ന രാജ്യങ്ങളിലേക്ക് ട്രിപ്പുകള്.. അങ്ങനെ എന്തോലൊക്കെയോ എന്റെ മനസൊന്ന് പതറിപ്പോയി അഭീ..“

കാമത്തിന് വേണ്ടിയായിരിക്കില്ല  ഞാന്‍ അങ്ങനെ ഒക്കെ ചെയ്തെതെന്ന്‍ നിനക്ക് ഊഹിക്കാനാവുമെന്ന്‍ എനിക്ക് തോന്നുന്നു. കാശിനു വേണ്ടിയാവാനും സാധ്യതയില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് എന്റെതെന്ന്‍ നിനക്കറിയാമല്ലോ. എന്നിട്ടും വെറുമൊരു കൌതുകത്തിനായി ഞാന്‍ എന്റെ ജീവിതം...
 പറഞ്ഞുമുഴുമിപ്പിക്കാനാവാതെ പൊട്ടിക്കരയുന്ന അനുവിന്റെ മുഖം അയാളുടെ കണ്ണുകള്‍ക്ക് മുന്‍പില്‍ നിറഞ്ഞുനില്‍ക്കുന്നു.ഭാരിച്ച വേദനയോടെ അയാള്‍ കണ്ണുകള്‍ ഇറുകെയടച്ചു. തലക്കകത്ത് ആരൊക്കെയോ ചെണ്ട കൊട്ടി പഠിക്കുന്നു. തലക്കിരു വശവും പൊട്ടി പിളരുന്ന വേദന. ശരീരം ഇപ്പോള്‍ വല്ലാതെ വിശ്രമം ആഗ്രഹിക്കുന്നു.
***
വല്ലാത്ത ക്ഷീണത്തോടെ പടികടന്നു കയറുമ്പോൾ സുജയ വഴിക്കണ്ണുമായി കാത്തു നിൽക്കുകയായിരുന്നു. നിറഞ്ഞ പുഞ്ചിരിക്ക് പകരം നൽകിയത് വിഷാദച്ചിരിയായതിനാൽ കൂടുതലൊന്നും സംസാരിക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു.

“കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലെ? ഇനീപ്പൊ അതൊക്കെയോർത്ത് വിഷമിച്ചിട്ടെന്താണ്?“

കയ്യിലെ ചായഗ്ലാസ് നീട്ടി സുജയയുടെ സമാധാന വചനങ്ങൾ...
അയാൾ തികച്ചും അൽഭുതത്തോടെ അവളെ നോക്കി,  ഇവളൊരു മാലാഖയോ? മറ്റുള്ളവരെ അടുത്തറിഞ്ഞ് കഴിയുമ്പോളാണല്ലോ ഈശ്വരാ കൂടെയുള്ളവർ എത്ര മികച്ചവരാണെന്നറിയുന്നത്.
അയാൾ അവളെ കൌതുകത്തോടെ നോക്കി ചിരിച്ചു.

കൂടുതൽ വിഷമിക്കുന്നതിൽ അർഥമില്ലെന്നും തന്റെ വിഷമങ്ങളുടെ ഭാരം പേറേണ്ടി വരുന്നത് അവളാണെന്നുമുള്ള യുക്തമായ ചിന്ത അയാളെ സ്വയം മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കണം
..
ചായ കപ്പ് ചുണ്ടോടടുപ്പിക്കവേ മറക്കാനായ് ശ്രമിക്കുന്നവയെ തഴുകിയുണർത്താനെന്ന പോലെ അവളിൽ നിന്നും വാക്കുകൾ പുറത്തുവീണു..

എന്നാലും ആ കുട്ടി........

മറന്നു കളയൂ സുജാ...
അഗ്നിയോട് വിവേകമില്ലാതെ പറന്നടുക്കുന്ന ഈയാമ്പാറ്റകൾക്ക് ആയുസ് കുറവാണ്.
അഗ്നിയെ ഭക്ഷിക്കാനൊരുങ്ങിയിറങ്ങുന്നവരെ അത് ഭക്ഷിക്കുമെന്നറിയാത്തവർ വെറും വിഡ്ഡികള്.. സ്വയം വിഡ്ഡി വേഷം കെട്ടിയാടിയ ഒരുത്തിയുടെ ഒടുക്കത്തിന് ഇനിയും വേദനിക്കേണ്ടതില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ ആത്മഹത്യ ഭീരുത്വമാണെന്നും പുതിയൊരു ജീവിതത്തിലേക്ക് നടന്നുകയറണമെന്നും നമ്മളെത്രത്തോളം പറഞ്ഞതാണ്.  ഇല്ല, എന്റെ മനസിലൊരിക്കലും അവളെക്കുറിച്ചോർത്തൊരു വേദനയുമില്ല.
പറഞ്ഞു തീർത്ത് മുറിയിലേക്ക് നടക്കുമ്പോൾ സുജയയെ കാണിക്കാതെ അയാൾ മിഴികൾ തുടച്ചു. അയാൾക്കറിയാമായിരുന്നു, വളരെ വേഗത്തിലൊന്നും അനുപമ നൽകിയ വേദനയുടെ ഭാരം ജീവിതത്തിൽ നിന്നൊഴിഞ്ഞു പോകുകയില്ല എന്ന നഗ്ന സത്യം..
***
========================================================================