Monday, January 14, 2013

കല്ലുകള്


ഒരു കല്ല് ഞാനെടുത്തു
എനിക്കും ഒന്നെറിയണമല്ലോ, എറിയുവാനും കൊള്ളിക്കുവാനും ആ തട്ടലുകളുടെ പ്രകമ്പനങ്ങളിൽ ആനന്ദം കൊള്ളുവാനും ആരാണാഗ്രഹിക്കാത്തത്..?
എനിക്ക് കിട്ടിയത് വെള്ളാരംകല്ലായിരുന്നു, വെളുത്ത് മിനുസമാർന്ന, മനോഹരമായൊരു വെള്ളാരം കല്ല്..
വിരലുകൾ കൊണ്ട് ഞാനതിനെ തഴുകി രസിച്ചു, എന്തൊരു മിനുസമാണിതിന്, എന്റെ കൺ തടങ്ങളിൽ വെച്ചു ഞാൻ അതിന്റെ തണുപ്പിന്റെ സുഖമറിഞ്ഞു..
പിന്നീടെപ്പോളോ എനിക്ക് ബോധോദയമുണ്ടായി, എന്റെ ബോധ മണ്ഡലങ്ങളിൽ പറവകൾ ചിലച്ചു, ആ ചിലമ്പലുകളുടെ അർഥം ഞാൻ അറിഞ്ഞു. അത് കല്ലുകളുടെ മൂല്യം തേടുകഎന്നതായിരുന്നു.
കല്ലുകൾ, അത് വെറും കല്ലുകളാണ്, എറിയുമ്പോൾ അനുസരണയോടെ മുന്നോട്ട് പറക്കുന്നത്, ജലാശയങ്ങളിൽ ഓളം തീർത്ത് ആഴങ്ങളിലേക്ക് ഊളിയിട്ട് രക്ഷപ്പെടുന്നത്.. ഞാൻ സ്വയം പറഞ്ഞു.
കല്ലുകൾ വെറും കല്ലുകളാകുന്നു, എന്നാൽ കണ്ണു തുറന്ന് കാതോർത്ത് നീ കല്ലുകളെ വീക്ഷിക്കുക മനസിൽ സ്വപ്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ കൂട് കൂട്ടിയ കുഞ്ഞുപ്രാവുകൾ മന്ത്രിച്ചു.
കല്ലുകളെ വീക്ഷിക്കാനെന്തിരിക്കുന്നു, കല്ലുകൾ വെറും കല്ലുകൾ, കാലത്തിനൊപ്പം നീങ്ങാൻ പഠിക്കാത്തവർ, മാറ്റങ്ങൾക്കൊപ്പം മാറാനറിയാത്തവർ, കാലവസ്ഥകൾ താങ്ങാൻ കഴിയാത്തവർ, വെയിലും മഴയും, മണ്ണാക്കിയെടുക്കുന്ന ഒന്ന്, കല്ലിനെന്തു പ്രസക്തി.. ഞാനും എന്നോട് മന്ത്രിച്ചു.
കല്ലുകൾ വെറും കല്ലുകളോ, കല്ലുകളെ നീ അറിഞ്ഞിട്ടില്ല, കല്ലുകളുടെ ചരിത്രവും നീ പഠിച്ചിട്ടില്ല, കല്ലുകളുടെ പ്രസക്തിയെക്കുറിച്ച് നീ ചിന്തിക്കുകയും ചെയ്തിട്ടില്ല, അതു കൊണ്ട് ഹേ മനുഷ്യാ, കല്ലുകൾ നിനക്ക് കല്ലുകൾ മാത്രമായി അവശേഷിക്കുന്നു,  അകക്കണ്ണിലെ കുരുവികൾ ലപിലാ ചിറകട്ടടിച്ചു ചിരിച്ചു.
പരിഹാസമോ? ലോകത്തെ കീഴടക്കിയ, ഭൂമിയെ മുട്ടുകുത്തിച്ച, ചന്ദ്രനെ കൈവെള്ളയിലൊതുക്കിയ, ചൊവ്വയെ ജനവാസമാക്കാനൊരുങ്ങുന്ന ഞങ്ങളോട്?? വിവേകിയായ മനുഷ്യനോട്.. സർവ്വ ചരാചരങ്ങളിൽ ഉൽകൃഷ്ട ജന്മത്തോട്, ബുദ്ധിജീവികളോട്?? കല്ലിനെ കല്ലായിക്കണ്ടാൽ പരിഹസിക്കാൻ എന്തിരിക്കുന്നു..? എങ്കിൽ പഠിക്കുക തന്നെ കല്ലുകളുടെ ചരിത്രം,
കണ്ടവരോടെല്ലാം ഞാൻ കല്ലുകളുടെ ചരിത്രം തിരക്കി, കല്ലുകളുടെ വിലയും..!
വഴിയിലെ തണലിൽ ഭാണ്ഡമൊതുക്കി നിദ്രയെ പുൽകാൻ കൊതിച്ച കുറത്തി പറഞ്ഞു..
ഹേ മനുഷ്യാ, കല്ല് വെറും കല്ലാണെന്നോ, കല്ല് കാലനാകുന്നു, കല്ലിന് ജീവനോളം വിലയുണ്ട്, എന്റെ കണവന്റെ ജീവന്റെ വില.!“
ഞാൻ അമ്പരന്നു, വെറുമൊരു കല്ലിന് ജീവന്റെ വിലയോ?
അതെ, ജീവന്റെ വില തന്നെ, തെരുവിന്റെ പെണ്ണിന്റെ കണവന്റെ വില..കൂടുതൽ ഉത്തരങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ കല്ലിന് ഒരുപക്ഷെ ഇനിയും വിലയുണ്ടാവാം
നാട്ടുപെണ്ണിന്, ഈ ചാവാലിപ്പെണ്ണിന് എന്തറിയാം, ബുദ്ധിയുറക്കാത്തവള്, നിസാരമായ കല്ലുകളെ ഭയക്കുന്നവള്, ഞാൻ നടത്തം തുടർന്നു..
കരിങ്കല്ലേറ്റിയ പെണ്ണുവരുന്നു, കല്ലുകളെ അറിയാനിനി എന്തു വേണം?
പറയൂ സോദരീ, കല്ലുകൾക്കെന്താണ് പ്രസക്തി?
കല്ലുകൾക്ക് വല്ലാത്ത ഭാരമാകുന്നു, എങ്കിലും കല്ലുകൾ എന്റെ അന്നമാകുന്നു,
ഇവളൊരു മനുഷ്യ സ്ത്രീ തന്നെയോ, കല്ലിനെ അന്നമാക്കുന്നവള്, കൊണ്ടുപോയി ഭക്ഷിക്കുവിൻ, കല്ലിന്റെ നിസാരതയറിയാത്തവർക്ക് കല്ലു തന്നെയാവട്ടെ ഭക്ഷണം..
ഞാൻ പിന്നെയും നടന്നു, മഞ്ഞാറപ്പാടം മുറിച്ച് കടക്കുമ്പോൾ എതിരെ വന്ന മാന്യനെ ഞാൻ തടഞ്ഞുകൊണ്ട് ചോദിച്ചു..
 സഹോദരാ, കല്ലിന്റെ പ്രസക്തിയെന്താണ്, നിസാരമായ കല്ലുകൾക്ക് എന്തു വിലയാണുള്ളത്..
കല്ലുകളുടെ പ്രസക്തി താങ്കൾക്കറിയില്ലെന്നോ? എന്തൊരു കഷ്ടമാണിത്, കല്ലുകൾ മനോഹരമായ എന്റെ ഭവനമാകുന്നു. എന്റെ ഉറക്കത്തിൽ എനിക്ക് കാവലാകുന്നു, ജീവിതത്തിൽ മഴയിലും വെയിലിലും എന്റെ ഈ മേനി കാത്തുവെക്കുന്നത് അതാകുന്നു.“
അദ്രുമാനിക്കയുടെ ചായക്കടയിലിരുന്നപ്പോൾ ഞാൻ ചോദിച്ചു.. കല്ലിനെന്താണ് പ്രസക്തി?
കല്ല് ചില്ലലമാരകളെ തകർത്തു കളയുകയും നെറ്റിയിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും ചെയ്യുന്നുണ്ടല്ലോ..
അത് സത്യം തന്നെ, എറിയപ്പെടുന്ന കല്ലുകൾ പ്രസക്തമാണ്. അത് പക്ഷെ എറിയുന്നവന്റെ കരങ്ങളുടെ ഉന്നത്തിനും ശക്തിക്കുമനുസരിച്ചാണല്ലോ?
കല്ലുകളുടെ നിസാരതയെ അറിയാൻ ശ്രമിക്കാത്ത, കല്ലുകൾ മഹത്തരമെന്ന് ചിന്തിക്കുന്ന മനുഷ്യർ, ഇനിയാരോടും എനിക്ക് ചോദിക്കേണ്ടതില്ല, കല്ലുകളെ കണ്ടറിയുക തന്നെ വേണം..!
ക്ഷേത്ര ഭിത്തിചേർന്ന് നടന്നപ്പോൾ കല്ലുകളെ കൈകൂപ്പി വണങ്ങുന്നവരുണ്ടായിരുന്നു,
കല്ലുകൾ ദൈവമോ?
ആഭരണക്കടകളിൽ കല്ലുകൾക്കായി തിരക്കായിരുന്നു, പവിഴക്കല്ലുകൾ,രത്നക്കല്ലുകൾ, മരതകക്കല്ലുകൾ, ഓരോ പേരുകൾക്കും ഓരോ വിലയാണത്രെ.. വിഡ്ഡികൾ, കല്ലുകൾ വെറും കല്ലുകളാകുന്നു, കല്ലുകൾ എറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരെന്ന സത്യം അറിയാത്തവരും വിവേകിയായ മനുഷ്യക്കൂട്ടങ്ങളിലുണ്ടല്ലോ
കല്ലുകളെ മഹത്വവൽക്കരിക്കുന്നവരെ ഞാൻ പിന്നെയും കണ്ടു. കല്ലുകൾക്കായി പരക്കം പായുന്നവരെയും. കല്ലുകൾ മനുഷ്യന്റെ വിധിപോലും നിശ്ചയിക്കുമെന്ന പരസ്യങ്ങളും..
മാണിക്യക്കല്ല്, മരതകക്കല്ല്, കരിങ്കല്ല്, വെള്ളാരങ്കല്ല്,കരിങ്കല്ല്, ചെങ്കല്ല്, ഓരോ പേരിലെ കല്ലുകൾക്ക് വില പലതാണത്രെ,
പക്ഷെ ഞാൻ വീണ്ടും പറയുന്നു, കല്ലുകൾ വെറും കല്ലുകൾ തന്നെ, വിലയിടുന്നവർ മണ്ടന്മാരും!
കല്ല് എറിയപ്പെടാൻ മാത്രം വിധിക്കപ്പെട്ടതാണ്, എന്റെ കയ്യിലെ മിനുസമുള്ള വെള്ളാരംകല്ലിനെ ഞാൻ ആഞ്ഞെറിയുന്നു.
ജലാശയത്തിന്റെ മുകൾത്തട്ടിൽ അഞ്ചോ ആറോ ഓളങ്ങളെ സൃഷ്ടിച്ച് ആ കല്ല് ആഴങ്ങളിലേക്ക് കടന്നു പോയി!   
അത്യാഹ്ലാദത്താൽ ഞാൻ വീണ്ടും പറയുന്നു

കല്ലുകൾ, അത് എറിയുവാൻ മാത്രമുള്ളതാകുന്നു.

Saturday, January 5, 2013

യാത്രികന്റെ കണ്ടെത്തലുകള്

ഒരു സഞ്ചാരിയാകുന്നു ഞാൻ..നിങ്ങളെപ്പോലെ, നീണ്ട യാത്രക്കൊരുങ്ങി ഇറങ്ങിയ സഞ്ചാരി...

മഹാ പ്രയാണികൾ വഴിയരികിൽ കൂട്ടിയ തീക്കനലുകളിൽ നിന്നും വെളിച്ചം നേടി യാത്ര ചെയ്യുന്ന പ്രയാണി..!

കെട്ടണഞ്ഞു തുടങ്ങിയിരിക്കുന്നു പലയിടങ്ങളിലും മഹാപ്രയാണികൾ തീ കായാൻ കരുതി വെച്ച കനലുകൾ..!

പിൻ യാത്ര ചെയ്യാത്തവരാണവരാണത്രെ അവര്, കെട്ടണയുന്ന തീക്കനലുകളിൽ അവർക്ക് വേവലാതിപ്പെടേണ്ടതേയില്ല,  പിൻ യാത്രകൾമാത്രം ചെയ്യുന്നവരാണ് നമ്മൾ,

ഒരേ പോലെ മജ്ജയും മാംസവും ചേർന്ന ശരീരങ്ങൾ വിപരീത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.. വിരോധാഭാസങ്ങള്...!

മനസറിഞ്ഞു ചരിച്ചവരും കരഞ്ഞവരുമാണത്രെ അവര്.. മനസും ശരീരവും അറിയാതെ ചിരിക്കാനും കരയാനും പഠിച്ചവർ നമ്മളും...

വഴിയരികിലെ മുള്ളുകൾ പോലും മാറ്റിയിട്ടവരത്രെ അവര്, വഴിയരികിലെ രോധനങ്ങളിൽനിന്നും നിലവിളികളിൽ നിന്നും ശ്രവണ നാളങ്ങളെ ഒളിപ്പിച്ചു പിടിച്ചവരാണ് നമ്മള്...!

അന്വേഷിച്ചു നടന്നവരാണത്രെ അവര്, അന്വേഷിച്ചു നടക്കുന്നവർ തന്നെ നമ്മളും..  ഒരേയൊരു സാമ്യം.. മനുഷ്യർ അന്വേഷികളും സന്ദേഹികളുമാകുന്നു അന്നുമിന്നും..!

അവർ അന്വേഷിക്കുന്നതെന്തെന്ന് അവർക്ക് വ്യക്തമായിരുന്നു, അവരുടെ സന്ദേഹങ്ങൾക്ക് അവർ ഉത്തരങ്ങളും കണ്ടെത്തി...

നാം അന്വേഷിക്കുന്നതെന്തെന്ന് നാമറിയുന്നതേയില്ല, നമ്മുടെ സന്ദേഹങ്ങൾക്ക് മീതെ സന്ദേഹങ്ങളും ഭയ ചിന്തകളും മാത്രം കുമിഞ്ഞു കൂടിയിരിക്കുന്നു..!  ലോകം മനുഷ്യനിൽ എഴുതി വെച്ച സംസ്കാര സത്തയുടെ, വിവേകത്തിന്റെ അക്ഷരങ്ങളിലെ മഷി കാലക്രമേണ മാഞ്ഞു തുടങ്ങിയിരിക്കുന്നതാവാം...!

അവർ മതങ്ങളെ തത്വശാസ്ത്രങ്ങളായും ജീവിത നിഷ്ടകളായും, പരസ്പര വിശ്വാസത്തോടെ, സാഹോദര്യത്തോടെ കണ്ടു വന്നു,
നാം മതങ്ങളെ ആയുധങ്ങളായും അക്രമങ്ങളായും, കൊലപാതങ്ങളുടെ കാവൽക്കാരനായും എഴുതി വെച്ചു.

അവർ രാഷ്ട്രീയത്തെ രാഷ്ടത്തിന്റെ പുരോഗതിക്കായി എഴുതി വെച്ചു, നാം രാഷ്ട്രീയത്തെ അഴിമതിയായും സ്വജനപക്ഷപാതമായും മാറ്റിയെഴുതി വെച്ചു..!

അവർ മനുഷ്യനെ മനുഷ്യനായും മനുഷ്യത്വത്തോടെയും കണ്ടു വന്നു, നാം മനുഷ്യനെ ഇരയായും അടിമയായും കണ്ടു പോന്നു..!

അവർ സ്ത്രീയെ അമ്മയായും സഹോദരിയായും ദേവിയായും എഴുതി വെച്ചു, നാം അവളെ ഉപകരണമായും അടിമയായും കണ്ടു വന്നു...

എന്നിട്ടും.....

നാം ഇന്ന് മണ്ടന്മാരെന്നും പഴഞ്ചരെന്നും വിഡ്ഡികളെന്നും സംസ്കാര ശ്യൂന്യരെന്നും അവരെ വിളിച്ചു പോരുന്നു..

എന്തെന്നാൽ നാം എഴുതി വെക്കപ്പെട്ട സംസ്കാരം സത്യത്തിൽ സംസ്കാര ശ്യൂന്യതയായിരുന്നു...!


Tuesday, January 1, 2013

2013 നെ വരവേൽക്കുമ്പോള്…



 പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കുമ്പോളും പിന്നിൽ നിലവിളി ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. കാതുകളെ അലോസരപ്പെടുത്തുന്ന ആ തേങ്ങലുകളെ, അവരുടെ വേദനകളെ അവഗണിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് നീങ്ങാനാവുമെന്ന് തോന്നുന്നില്ല, അവഗണിക്കപ്പെടുന്ന പലതും പാമ്പായി നമ്മുടെ കഴുത്തിൽ ചുറ്റിപ്പിണയാറുണ്ടെന്നത് ചരിത്രം.

അധിനിവേശങ്ങളിലെ ക്രൂരതകൾ, അതിജീവത്തിലെ പരാജയങ്ങൾ, അറിവില്ലായ്മയുടെ വിളയാട്ടങ്ങൾ, ചെറുത്ത് നില്പുകളുടെ കരുത്തുറ്റതെങ്കിലും ഒറ്റപ്പെട്ട ശബ്ദങ്ങള്, പുതിയ വിപ്ലവ ധ്വനികൾ, സമ്പന്ന ലോകത്തിൽ പടർന്നു കയറുന്ന ദ്രാരിദ്ര്യം, അഴിമതികളുടെ നീണ്ടകഥകള്, വിലക്കയറ്റമെന്ന വിഷ സർപ്പം അങ്ങനെ പലതും ഫലസ്തീനായി, ഇസ്രയേലായി, ഈജിപ്തും ലിബിയയുമായി,സൊമാലിയയും ഉഗാണ്ടയുമായി, സൌമ്യയായി, സത്നാം സിങ്ങായി, അവസാനം ജ്യോതിയിലെത്തി, നാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അറിഞ്ഞതിൽ കൂടുതൽ അറിയാതെ പോയിരിക്കാം.

ഇരകളുടെ നിലവിളി ശബ്ദങ്ങളിലൂടെ കടന്നു പോയ രണ്ടായിരത്തി പന്ത്രണ്ടിനപ്പുറം ഇവിടെ പുതിയൊരു വർഷം സമാഗതമായിരിക്കുന്നു. എന്തു പ്രതീക്ഷയിലാണ് നാം രണ്ടായിരത്തി പതിമൂന്നിനെ വരവേൽക്കേണ്ടതെന്ന ചോദ്യം, ഉത്തരമില്ലാതെ വളഞ്ഞു പുളഞ്ഞൊരു ചോദ്യ ചിഹ്നം മാത്രമായി നിൽക്കുന്നു.

അലമുറയിടുന്ന പ്രതിഷേധ ധ്വനികൾ നാലു ചുവരുകൾക്കുള്ളിൽ മാത്രം മുഴങ്ങി കേട്ടു കൊണ്ടിരുന്നത് ശക്തി പ്രാപിച്ച് ഭരണ വർഗ്ഗത്തിന്റെ മൂക്കിൻ തുമ്പിലേക്കെത്തി നിൽക്കുന്നു എന്നത് ചെറിയൊരു പ്രതീക്ഷ തന്നെയാണ്. എന്നാൽ അടിച്ചമർത്തപ്പെട്ട, അല്ലെങ്കിൽ അവഗണിക്കപ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും ഒത്തിരി തവണ കടന്നുപോയൊരു വർഷം കൂടിയാണ് രണ്ടായിരത്തി പന്ത്രണ്ട് എന്ന സത്യം അംഗീകരിക്കാതെ വയ്യ.

ജനാധിപത്യം മെല്ലെ സ്വേച്ഛാധിപത്യത്തിലേക്ക് അധപതിച്ചു കണ്ട നയങ്ങളിലൂടെ, നിയമങ്ങളിലൂടെ നാം കടന്നു പോയി. അവിടവിടെ നിഴലിച്ചു കണ്ട പ്രതിഷേധങ്ങളെ മതവും രാഷ്ട്രീയവും പൌരോഹിത്യവും ചേർന്ന മേലാളന്മാർ പുച്ഛിച്ചു തള്ളി, ആ പുച്ഛത്തിൽ ഒളിഞ്ഞു നിന്ന ഭയത്തിന്റെ ലാഞ്ചന മനസിലാകാതെ, അതിലെ കുബുദ്ധി ശരിയായ അർത്ഥത്തിൽ മനസിലാകാതെ,  എക്കാലത്തും കഴുതകളായ പൊതുജനമെന്ന നാം ആ പുച്ഛഭാവം ഏറ്റു പിടിച്ചപ്പോൾ പല സമരങ്ങളും മരിച്ചു മണ്ണടിഞ്ഞു.

പുതിയ തത്വശാസ്ത്രങ്ങൾ ഉയർന്നു പൊങ്ങിയപ്പോൾ പഴയ പല സത്തകളെയും നാം വലിച്ചെറിയുന്ന നിലപാടാണ് നാം എടുത്തത്, എന്നാൽ പുത്തൻ തത്വങ്ങളിലെ ഒളിഞ്ഞിരിക്കുന്ന ചതി നാം അറിയാതെ പോവുകയും ചെയ്തു.

എന്നാൽ ആ ഒളിഞ്ഞിരിക്കുന്ന ചതിയിലെ ഏറ്റവും വേദനാജനകമായ ഒന്ന് ബന്ധങ്ങളിലെ മൂല്യ ശോഷണം തന്നെയാണെന്ന് പറയാം, അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന അണു കുടുംബങ്ങളിൽ പോലും പരസ്പര സഹകരണവും, സ്നേഹവും ബഹുമാനവും കുറഞ്ഞു വരുന്നതായി കാണാം. അയൽ‌പ്പക്കങ്ങളിൽ നിന്നും ഒരു ഗ്ലാസ് ഉപ്പും നാലു വറ്റൽ മുളകും അത്യാവശ്യത്തിന് കടം വാങ്ങുന്നത് നിന്ന കാലം മുതലേ അയൽ‌പ്പക്കങ്ങളുമായുള്ള സുന്ദരമായ ബന്ധങ്ങളുടെ ചരിത്രവും അവസാനിച്ചു.. പിന്നീട് ആ സ്നേഹത്തിന് പകരമായി നാം പുതിയൊരു വികാരം അവശേഷിപ്പിച്ചു അസൂയ.

അവരേക്കാൾ എന്തുകൊണ്ടും മുന്നിലെത്തുക എന്ന ഭാവം മാത്രം നമ്മിൽ അവശേഷിച്ചു. പരസ്പരം നല്ല സ്നേഹബന്ധം കണ്ടു വളർന്ന പലരും അയൽ‌പ്പക്കത്തെ അമ്മയെ അമ്മയെന്നും അവരുടെ മക്കളെ സഹോദരനെന്നും സഹോദരിയെന്നും വിളിച്ച് സ്നേഹിച്ചും ബഹുമാനിച്ചും ആദരിച്ചും പോന്നപ്പോള്, ഇന്ന് അയൽ‌പ്പക്കത്തെ അമ്മയും മകളും വെറും സ്ത്രീ എന്നും സ്ത്രീ എന്നത് പുരുഷന്റെ വികാരങ്ങളെ ശമിപ്പിക്കാനുള്ള ഉപകരണമാണെന്നും പഠിച്ചു വെക്കുന്ന മക്കളെയാണോ അതോ നമ്മെത്തന്നെയാണോ നാം പഴിക്കേണ്ടത്.

 മകളെ വിൽക്കുന്ന മാതാപിതാക്കൾക്കായി സംസാരിക്കാൻ വരെ ആളുകൾ കടന്നുവന്നു എന്നതും അതിൽ പോലും ന്യായാന്യായങ്ങൾ ചികയാനും രണ്ടു തലങ്ങളിൽ നിന്ന് ചർച്ചിക്കാനും തർക്കിക്കാനും ആളുകളുണ്ടായെന്നത് എന്നെ എത്രത്തോളം ഞെട്ടിച്ചതാണെന്ന് പറയാതെ വയ്യ.

ലൈംഗിക അതിക്രമങ്ങൾ ഒഴിവാക്കാൻ വേശ്യാലയങ്ങൾ ഉണ്ടാക്കണമെന്ന് വാദിക്കുന്ന പലരും കടന്നു വന്നത് ഇന്നോ ഇന്നലെയോ അല്ല എന്നത് സത്യം തന്നെയാണ്. എങ്കിലും ആ ആവശ്യം കൂടുതൽ ശക്തിപ്രാപിക്കുന്നത് നാം കണ്ട വർഷമാണ് രണ്ടായിരത്തി പന്ത്രണ്ട്, ഒരു പക്ഷെ ലൈംഗിക അക്രമങ്ങള്, അതിക്രമങ്ങള് ഒരുപാട് നടക്കുകയും ചർച്ചയാവുകയും ചെയ്ത വർഷമായത് കൊണ്ടാവാം അത്. എന്നാൽ വേശ്യാവൃത്തിയിലേർപ്പെടുന്ന പലരും എങ്ങനെ അവിടെ എത്തി എന്ന് അറിയാനോ ചിന്തിക്കാനോ തയ്യാറാവാതെ, പുതിയ വേശ്യാലയങ്ങളിലേക്ക് ലൈംഗിക തൊഴിലാളികൾ എങ്ങനെ പ്രവേശിക്കപ്പെടും എന്ന് വ്യക്തമായി ചിന്തിക്കാതെ വന്ന ഒരു ആവശ്യമാണ് അതെന്ന് യുക്തിപൂർവ്വമായ ചിന്തകൾക്ക് ബോധ്യപ്പെടുന്നതാണ് എന്നാണ് എന്റെ വിശ്വാസം. 

ഇന്ന് അവിടവിടെ കാമ പൂർത്തീകരണത്തിന് ഉപയോഗിക്കപ്പെടുന്ന ഇരകളുടെ പത്തിരട്ടിയെങ്കിലും ആയിരിക്കാം നാളെ മുട്ടിന് മുട്ടിന് മുളച്ചു പൊന്തുന്ന വേശ്യാലയങ്ങളിൽ വേശ്യകളെ എത്തിക്കാനായി സപ്ലൈയർമാർ ചെയ്യുന്നത് എന്ന ഒരുപാട് ചിന്തിക്കേണ്ടതില്ലാത്ത വിഷയം കൂടി നാം മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു എന്നതാണ് സത്യം. കാരണം ഒരു പെൺകുട്ടിയും വേശ്യ ആയി ജനിക്കുന്നില്ല, വേശ്യകളുടെ മക്കളായി ചിലർ ജനിച്ചേക്കാം, എന്നാൽ അവരും ജനിക്കുന്നത് വേശ്യകളായല്ല എന്ന സത്യം മറന്നു പോകരുതല്ലോ.

ദീർഘവീക്ഷണങ്ങളില്ലാതെ, അപ്പപ്പോൾ ഉണ്ടാവുന്ന ആവശ്യ പൂർത്തീകരണത്തിന് കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ പ്രകൃതി പല തവണ നീലമഴയായും ചുവന്ന മഴയായും കനത്ത ചൂടും കോച്ചുന്ന കുളിരുമായി താക്കീത് നൽകിയിട്ടും മനുഷ്യൻ അല്പം കൂടി മുന്നിലേക്ക് ചിന്തിച്ച് പ്രവർത്തിക്കാൻ തയ്യാറായിട്ടില്ലെന്നത് സ്പഷ്ടം.

പരസ്ത്രീ പുരുഷ ബന്ധം വലിയ തെറ്റാണെന്ന സംസ്കാരം പഠിച്ചു വളർന്ന നമുക്കിടയിൽ പരസ്പരം അറിഞ്ഞു കൊണ്ടുള്ള സ്ത്രീ പുരുഷ ബന്ധത്തിന് യാതൊരു പ്രശ്നവും ഇല്ലെന്ന് പറയുന്നവരുണ്ട്. ഇക്കാര്യം ഞാൻ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഓരോരുത്തരുടെയും ഇഷ്ടം എന്ന നിലക്ക് വിടാൻ എന്നെ സംബന്ധിച്ച് വലിയ വേദനകൾ ഇല്ലാത്തപ്പോൾ തന്നെയും ഇത്തരം മാറ്റങ്ങള് എന്നെ ഒരല്പം വേദനിപ്പിക്കുന്നുണ്ട്. കാരണം മനുഷ്യന്റെ വളർച്ചകൾക്കനുസരിച്ചു പലതും നിസാരമായി തള്ളാൻ അവൻ പഠിക്കുകയാണെന്ന് പറയാതെ വയ്യ.

ഇന്ന് ഇങ്ങനെ ഒക്കെ ചിന്തിക്കാമെങ്കിൽ നാളത്തെ കുറച്ചു കൂടി അറിവു നേടുന്ന തലമുറ, കുറച്ചു കൂടി തിരക്ക് അനുഭവപ്പെടുന്ന അവരുടെ ജീവിത സാഹചര്യങ്ങളിൽ പഴയ “കയ്യൂക്കുള്ളവർ കാര്യക്കാര്”, ഇരകൾ വെറും ഇരകൾ, ഇരകൾ ഇരകളാവാൻ വിധിക്കപ്പെട്ടവര്, അവർ  ഇരകളാവാൻ വേണ്ടി മാത്രം ജനിച്ചതാണെന്ന ഒരു തത്വശാസ്ത്രത്തിലേക്ക് മാറിയാൽ അവരെ കുറ്റപ്പെടുത്താനാവുമോ  എന്നൊരു ചിന്ത ഉള്ളിൽ അവശേഷിക്കുന്നു. അക്കാര്യത്തിൽ വാദിക്കാനും അവർക്ക് വളരെയധികമെന്നും മാറേണ്ടതില്ലല്ലോ.

പ്രകൃതി തന്നെ അങ്ങനെ ഒരു തത്വം ചില കാര്യങ്ങളിൽ പാ‍ലിക്കുന്നുണ്ട്. വന്യ മൃഗങ്ങൾ ചെറു മൃഗങ്ങളെ ഇരകളാക്കുന്ന പ്രകൃതി നിയമത്തെ ചൂണ്ടിക്കാണിച്ച് വാദിക്കാൻ അത്തരം ചിലരും ഇറങ്ങിത്തിരിച്ചേക്കാം എന്നത് വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ളതാണ്. ചിലതെല്ലാം മനുഷ്യൻ മനുഷ്യ നന്മക്കായി ഉണ്ടാക്കിയ മനുഷ്യ നിർമ്മിത നിയമങ്ങളാണെന്നും അവന്റെ ബുദ്ധിയിലും യുക്തിയിലും ഉദിച്ചുയർന്ന സംസ്കാരിക ബോധം കൊണ്ട് നിർമ്മിക്കപ്പെട്ടതാണെന്നും അത് പല തലത്തിലും മനുഷ്യന് നന്മയാണെന്നും വ്യതിചലിക്കുന്നത് മനുഷ്യ ബന്ധങ്ങളുടെ വില കുറക്കുകയും പരസ്പര ബഹുമാനമില്ലാത്ത ഒരു ജനത മനുഷ്യ വർഗ്ഗത്തെ തന്നെ നശിപ്പിക്കുമെന്നും തിരിച്ചറിയാനും മനസിലാക്കാനും മനുഷ്യന് കഴിയേണ്ടതുണ്ട്.

മായൻ കലണ്ടറിനെയും, മഹദ്പ്രവചനങ്ങളെയും തള്ളിമാറ്റിയും വെല്ലുവിളിച്ചും ലോകം പ്രയാണം തുടരുന്നു. ഇനിയോ എത്രയോ നൂറ്റാണ്ടുകൾ, യുഗങ്ങൾ ഞാൻ ഇങ്ങനെ ഇവിടെയുണ്ടെന്ന് അതുറക്കെ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ മനുഷ്യൻ, മനുഷ്യത്വമുള്ള മനുഷ്യര്  ഇനി എത്ര കാലം ലോകത്ത് അവശേഷിക്കുമെന്ന ചോദ്യത്തിന് മുന്നിൽ ഞാൻ എന്ന മനുഷ്യൻ ചോദ്യച്ഛിഹ്നം പോലെ വളഞ്ഞു നിൽക്കുന്നു.

പുതിയ വർഷത്തിന്റെ ചവിട്ടുപടിയിൽ കാൽ വെച്ചു നിൽക്കുന്ന എല്ലാവർക്കും കണ്ണീരിന്റെ ഉപ്പു ചുവയില്ലാത്ത ഒരു സുന്ദര വർഷം ആശംസിക്കുന്നു. പിന്നിലേക്ക് പായാതെ മനുഷ്യത്വത്തോടെ ഒരുപാട് ഒരുപാട് മുന്നിലെത്തട്ടെ നാം, നമ്മുടെ ലോകം...!

സ്നേഹപൂർവ്വം!