Monday, February 11, 2013

അശ്വ ഗന്ധം

ഇവിടെ ഞാൻ ഏകനാണത്രെ! എന്നാൽ ഏകാന്തതയുടെ പതിനൊന്ന് വർഷങ്ങൾ എന്ന് പറയപ്പെട്ടപ്പോൾ തന്നെ, അതിന്റെ വേദനകളൊന്നും എന്നെ അലട്ടിയിട്ടില്ല. പണ്ട് ആരൊക്കെയോ പറയാതെ പറഞ്ഞു പോയ മരുഭൂമിക്കഥകളിൽ, ഞാൻ ജനിക്കുന്നതിനും ഏറെ മുൻപേ എഴുതിക്കഴിഞ്ഞതാവാം ഒരു പക്ഷെ എന്റെ കഥ


 എന്നാലും അതിൽ ഒരു വരിയിലെങ്കിലും എന്റെ ജീവിതം വ്യത്യസ്തമാണെന്ന് എനിക്ക് വെറുതെ തോന്നാറുണ്ട്.
വർഷത്തിലൊരിക്കൽ എന്റെ കുതിരകളെ തേടിയെത്തുന്ന കുതിരപ്പന്തയക്കാരായ മനുഷ്യർ എന്നോട് ചോദിച്ചപ്പോഴാണ് ഏകാന്തത എന്ന പദത്തെക്കുറിച്ച് ഞാൻ ഓർക്കുന്നത്. സത്യത്തിൽ ഏകാന്തതയുടെ അർഥം എനിക്കിപ്പോഴും വ്യക്തമായിട്ടില്ല.


അല്ലെങ്കിൽ തന്നെ ഞാൻ ഏകനാവുന്നതെങ്ങിനെയാണ്? വഗ്ദിയും സബാഹും ഖുവാദും മാദും അടക്കം പതിനേഴു കുതിരകളും കറുത്ത പൂച്ച അബ്ബാസും അവനൊപ്പം വെള്ളക്കുറുമ്പി സാൽവയും കൂടെയുള്ളപ്പോൾ ഞാൻ ഏകനാണെന്ന് പറയുന്നതിന്റെ അർഥമെന്താണ് എന്ന് എനിക്ക് മനസിലായിട്ടില്ല.


പൊടിക്കാറ്റു വീശാത്ത ശാന്തമായ വൈകുന്നേരങ്ങളിൽ, ദേ നോക്കൂ മണൽത്തിട്ടയിലിരുന്നാണ് ഞാൻ സ്വപ്നം കാണാറുള്ളത്. ഖാഫ് എന്ന് ഞാൻ തന്നെ പേരിട്ട മണൽതിട്ടയിൽ  എനിക്ക് മൂന്ന് ഈന്തപ്പനകളുണ്ട്. എന്റെ കണ്മുന്നിൽ വളർന്ന് വന്ന ഇവ എനിക്കെന്റെ മക്കളെപ്പോലെ തന്നെയാണ്. ഞാൻ നൽകിയ വെള്ളവും തലോടലുകളുമേറ്റ് വളർന്നത് കൊണ്ടാവാം, ഇവറ്റകൾ ഒരു പിതാവിന്റെ സ്ഥാനത്താണ് എന്നെ കാണുന്നത് എന്ന് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് . വൈകുന്നേരങ്ങളിൽ ഖാഫില്രെ ഈന്തമരത്തണലിൽ ഇരിക്കുമ്പോൾ ആകാശത്ത് നിന്ന് ചാഞ്ഞും ചെരിഞ്ഞും എന്നെ നോക്കി ചിരിക്കാറുള്ള വെളുത്ത നക്ഷത്ര സുന്ദരിയെപ്പോലെ ഒരുവളെ ഞാൻ സ്വപ്നം കാണാറുണ്ട്എന്നെ സ്നേഹിക്കുന്ന, എന്റെ കുതിരകളെ സ്നേഹിക്കുന്ന ഒരു സുന്ദരിയെ.


കഥകളേറെ പറയാറുണ്ട് ഞാൻ അവളോട്. എന്നാൽ എല്ലാം അവൾ ചിരിച്ചു കൊണ്ട് കേട്ടിരിക്കുക മാത്രം ചെയ്യും. ഒരു മറുവാക്ക് കേൾക്കാൻ കൊതിക്കാറുണ്ട് ഞാൻ.


എന്നെക്കുറിച്ച്, എന്റെ കൂട്ടുകാരെക്കുറിച്ച്, എന്റെ കൂട്ടുകാരെക്കുറിച്ച് ഇപ്പോൾ ഒരു ഏകദേശ ധാരണ കിട്ടിക്കാണുമല്ലോ, ബാക്കി കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതിന് മുൻപായി എന്റെ കുതിരകൾക്ക് തീറ്റ കൊടുക്കാനുണ്ട്. അവറ്റകൾ വല്ലാതെ ഒച്ചയുണ്ടാക്കുകയും എന്റെ ചിന്തകളെ കൊന്നുകളയുകയും ചെയ്യുകയാണ്. ചൂട് കാറ്റ് വീശുന്നത് കൊണ്ടാവാം, ദാഹം ഏറെയുണ്ട് അവർക്കെന്ന് തോന്നുന്നു


എന്റെ കുതിരകൾക്കായി ഞാൻ ഇവിടെ പുല്ലുകൾ ധാരാളം വെച്ചു പിടിപ്പിച്ചിട്ടുണ്ട്. എങ്കിലും അവയ്ക്ക് ആസ്വദിച്ചു കഴിക്കാൻ മാത്രം അത് കിട്ടാറില്ല. മാദിന്റെ ഇഷ്ടഭക്ഷണം മുതിരയാണ്. ഒരു ഇളം വേവിൽ പുഴുങ്ങിയ മുതിര കിട്ടിയാൽ അവനെന്നെ നന്ദിയോടെ നോക്കും.. സത്യത്തിൽ അവന് എന്നോടുള്ളതിനേക്കാൾ  നന്ദി ഞാൻ അവനോട് കാണിക്കേണ്ടതുണ്ട്. മാദ് എന്ന ചെമ്പൻ കുതിര തന്നെയാണ് ഓരോ വർഷവും ഏനിക്കേറ്റവും കൂടുതൽ പണം നേടിത്തരുന്നവൻ.


അവനെത്തേടി ഓരോ വർഷവും എന്റെയടുത്ത് എത്തുന്ന കുതിരയോട്ടക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ ഒരൊറ്റ മത്സരത്തിന് അവനെ വിട്ടുകൊടുക്കുക  എന്നത് എനിക്കും എന്റെ കുതിരകൾക്കും ഒരു വർഷം ജീവിക്കാൻ വേണ്ടതിന്റെ മുക്കാൽ പങ്കും നേടിത്തരുന്നുണ്ട്.


കുതിരപ്പന്തയ ദിവസമെത്താൻ ഇനി അധിക ദിവസങ്ങളില്ല. പന്തയത്തിന്റെ സമയം അടുക്കുമ്പോൾ വല്ലാത്തൊരു വേദനയാണ്, എന്റെ പതിമൂന്ന് കുതിരകളെ രണ്ടാഴ്ചയോളം പിരിഞ്ഞിരിക്കുക എന്നത് എനിക്കോർക്കാൻ കൂടി കഴിയാത്ത കാര്യമാണ്. എങ്കിലും ആ വേദന എല്ലാ വർഷവും സഹിച്ചേ മതിയാവൂ. വർഷം നിറയുന്ന പട്ടിണിയേക്കാൾ ഒരാഴ്ചത്തെ വേർപിരിയലുകൾ തന്നെയാണല്ലോ നല്ലത്.


പന്തയദിവസത്തിനും ഏഴോ എട്ടോ ദിവസം മുൻപേ എന്റെ നാലു പെൺകുതിരകളൊഴിച്ചുള്ളവ ഓരോ വഴിയായി പിരിയും. പന്തയ ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവയുടെ ദേഹത്തെ മുറിപ്പാടുകൾ എന്റെ കണ്ണുകൾ നനയിക്കുമ്പോൾ ചിരിച്ചുകൊണ്ട് അവയെന്നെ നോക്കും.
പ്രിയ കൂട്ടുകാരാ, കുതിരകളുടെ വിധിയാണിത്, കുറയുന്ന വേഗത കൂട്ടാൻ തല്ലുകൊണ്ടേ മതിയാവൂ എന്നത് നിയമമാണ്, ഞങ്ങൾക്കതിൽ തെല്ലും വിഷമമില്ല, നിങ്ങളുടെ നിറഞ്ഞ കണ്ണുകൾ മാത്രമാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്എന്ന ധ്വനി ആ ചിരിയിൽ നിന്നും എനിക്ക് വായിക്കാൻ കഴിയാറുണ്ട്.


എന്തോ  ഇന്ന് ഭക്ഷണം കഴിഞ്ഞിട്ടും മാദ് തേങ്ങിക്കൊണ്ടേയിരുന്നു. അവന്റെ മുതുകിൽ കൈചേർത്ത് ഞാനൊന്ന് തലോടിയാൽ നിലക്കുന്ന സങ്കടം മാത്രമേ അവനുണ്ടാവാറുള്ളൂ. ഇന്ന് പക്ഷെ ഇവനെന്തുപറ്റി ? ഞാനവനെ തഴുകിക്കൊണ്ടിരുന്നപ്പോൾ തേങ്ങലോടെ അവൻ മുഖം എന്റെ നെഞ്ചോട് അടുപ്പിച്ചു വിങ്ങിക്കൊണ്ടേയിരുന്നു.


ഞാൻ അവന്റെ മുഖം സൂക്ഷ്മമായി വീക്ഷിച്ചു. അത് വളരെ ദയനീയമായി കാണപ്പെട്ടു. അവന്റെ ശരീരം മെല്ലെ വിറക്കുകയും പിന്നീട് ആ വിറയലിലൂടെ അത് നിശ്ചലമാവുകയും എന്നെ തള്ളിയിട്ടുകൊണ്ട് അവന്റെ ശരീരം തളർന്ന് വീഴുകയും ചെയ്തു.


മാദിന്റെ മരണം എന്നെയും മറ്റുള്ള കുതിരകളേയും വല്ലാതെ വേദനിപ്പിച്ചു.മൂന്ന് നാലു ദിവസത്തേക്ക് ഭക്ഷണ പാനീയങ്ങളോട് പോലും വിരക്തിയുണ്ടാവാൻ ഞങ്ങൾക്ക് മാദിന്റെ മരണം ഒരു കാരണമായി. പരസ്പരം വേദനയോടെ നോക്കുക എന്നതിലപ്പുറം ഞങ്ങളെ സമാധാനിപ്പിക്കാൻ മറ്റാരുമില്ലായിരുന്നു. അബ്ബാസും സാൽവയും മാത്രം ഒന്നും സംഭവിക്കാത്തതു പോലെ ഒന്നുമറിയാത്തതുപോലെ പരസ്പരം പ്രണയിച്ചു നടന്നു.


എന്റെ കുതിരകളെ പന്തയത്തിനായി കൊണ്ട് പോകുവാൻ ആവശ്യക്കാർ വന്നു. ആദ്യമാദ്യം മാദിന്റെ വിയോഗത്തിൽ ദുഖിതരായ എന്റെ അശ്വങ്ങളെ ഇത്തവണ വിട്ടു കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തെങ്കിലും പിന്നീട് മത്സരം അവയുടെ മനസിലെ വേദനയെ ഇല്ലാതാക്കിയേക്കുമെന്ന് എനിക്കു തോന്നി


പതിമൂന്ന് കുതിരകൾ പതിമൂന്ന് പേർക്കൊപ്പം വിവിധ സ്ഥലങ്ങളിലേക്കായി പോയി. ഒഴിഞ്ഞു കിടന്ന കുതിര ലായത്തിലേക്ക് നോക്കുമ്പോൾ മാദ് അവിടെ നിന്നും എന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് വെറുതെ തോന്നി


പെൺകുതിരകളുടെ മുഖത്തെ വേദന മെല്ലെ മാറിത്തുടങ്ങിയിട്ടുണ്ടെന്ന്  തോന്നുന്നു. നാളത്തെ പന്തയത്തിൽ തങ്ങളുടെ കൂട്ടുകാർ തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തണമെന്ന പ്രാർഥനയാണ് അവയുടെ മുഖത്തെന്ന് എനിക്ക് മനസിലായി.


പന്തയം കഴിഞ്ഞ് കുതിരകളുമായി ആളുകൾ എത്തിത്തുടങ്ങി. എല്ലാ തവണയും കിട്ടാറുള്ള അഭിനന്ദന പ്രവാഹങ്ങൾക്ക് പകരം ഇത്തവണ അവരുടെ ചീത്തവിളികളാണ് കേൾക്കേണ്ടി വന്നത്. എന്റെ കുതിരകളെ കൂടാതെ മത്സരിച്ച നാലു കുതിരകളാണ് ഇത്തവണ പന്തയത്തിൽ ആദ്യമെത്തിയത്. കഴിഞ്ഞ പന്തയങ്ങളിൽ എന്റെ ഒരു കുതിരയെപ്പോലും പിന്നിലാക്കാൻ കഴിയാത്തവയായിരുന്നു ആ കുതിരകള്. സാധാരണ കിട്ടാറുള്ള പണത്തിന്റെ നാലിലൊന്ന് പോലും ഇത്തവണ കിട്ടിയതേയില്ല.


അവസാന കുതിരയെ കൊണ്ടുവന്ന മനുഷ്യന് എന്റെ വേദനകളിൽ സഹതാപം തോന്നിയിട്ടുണ്ടെന്ന് തോന്നുന്നു. അയാൾ പറഞ്ഞു.


ഹേ ഖുർഫാൻ, മാദിന്റെ മരണം താങ്കളെ, താങ്കളുടെ കുതിരകളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ അത് താങ്കളുടെ മാത്രം ദുഖമല്ല, കഴിഞ്ഞ നാലു തവണയും എന്നെ വിജയിയാക്കിയവനാണവൻ. ഈ വിഷമാവസ്ഥയിൽ നിങ്ങൾക്കൊരു മാറ്റം  ഒരു വിവാഹത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ നിങ്ങളുടെ മുഖത്തെ സന്തോഷം തന്നെയാവും ഈ കുതിരകളെയും സന്തോഷവാനാക്കുന്നത്.അത് തന്നെയാവും അവറ്റകളുടെ വേഗത കൂട്ടുന്നതും.“


വിവാഹമോ? അതിന് വെറുമൊരു അശ്വപാലകനായ എന്നെ വിവാഹം കഴിക്കാൻ ആരാണ് സമ്മതിക്കുന്നത്..“ ഞാൻ തിരിച്ചു ചോദിച്ചു.


എന്റെ നാട്ടിൽ ധനാഡ്യനായ ഒരു മനുഷ്യന്റെ മകളുണ്ട്, വിധവയാണവര്, ഒരു ആൺകുഞ്ഞുമുണ്ട് അവർക്ക്. ഈയവസ്ഥയിൽ താങ്കളുടെ വിഷമങ്ങൾക്ക് അവരെപ്പോലെ പക്വതയുള്ള ഒരു സ്ത്രീ ജീവിതത്തിലേക്ക് കടന്ന് വരുന്നതായിരിക്കും നല്ലത്. താങ്കൾക്ക് സമ്മതമെങ്കിൽ ഇക്കാര്യത്തിൽ മറ്റൊന്നും ചിന്തിക്കാനില്ല. എല്ലാ കാര്യങ്ങളും എനിക്ക് വിട്ടേക്കൂ..“


എനിക്ക് വേണ്ടിയോ, അതോ എന്റെ കുതിരകൾക്ക് വേണ്ടിയോ എന്നറിയില്ല, അങ്ങനെ ഞാൻ വിവാഹിതനായി.


ഒരു കുതിരക്കാരനെ വിവാഹം കഴിച്ചതിൽ എനിക്ക് വിഷമമേതുമില്ല, എന്നാൽ ഒരു കുതിരയെ വിവാഹം കഴിക്കേണ്ടി വന്നിട്ടുണ്ടോ എന്നെനിക്ക് ഇപ്പോൾ തോന്നുന്നു.“


ആദ്യ ദിവസം തന്നെ എന്റെ പത്നി പറഞ്ഞ വാക്കുകള് എന്റെ ഹൃദയത്തിലൊരു മുറിവുണ്ടാക്കി. പിന്നീടുള്ള ദിവസങ്ങൾ മുറിവിന്റെ ആഴം കൂടുന്ന ദിവസങ്ങളായിരുന്നു. കുതിരയുടെ മണമുള്ള മനുഷ്യനെ അവൾ വല്ലാതെ വെറുത്തു.

കുതിരക്കാരന് കുതിരയുടെ മണമല്ലാതെ മറ്റെന്തു മണമുണ്ടാകാനാണ് ? “ഞാൻ ചോദിച്ചു.
നശിച്ച കുതിരകള്, എന്റെ മകനെ ഒന്ന് നെഞ്ചോട് ചേർത്ത് ലാളിക്കാൻ പോലും എനിക്കിപ്പോൾ ആകുന്നില്ല. നിങ്ങളുടെ വാത്സല്യവും ലാളനകളും അവന്റെ ദേഹം ഒരു കുതിരയുടെ മണമാക്കി മാറ്റിയിരിക്കുന്നു.“ അവൾ മുള്ളുകൾ കൊണ്ടെന്നെ എറിഞ്ഞു കൊണ്ടിരുന്നു.

കുതിരകളെ വിൽക്കുക എന്നത് അവസാന ചിന്തയായിരുന്നു. അവളുടെ പിതാവാണ് അങ്ങനെ ഒരു നിർദ്ദേശം വെച്ചത്..
ഖുർഫാൻ, താങ്കളെന്താണ് ചെയ്യുന്നത് എന്ന് താങ്കൾ തന്നെ അറിയുന്നില്ല. കഴിഞ്ഞ പന്തയത്തിൽ താങ്കളെ ചതിച്ചിട്ടും താങ്കൾക്ക് ആ ശല്യങ്ങളെ വിറ്റുകളയാൻ തോന്നിയില്ലല്ലോ. താങ്കളതിനെ ഇപ്പോൾ വിൽക്കുകയാണെങ്കില് നല്ല വില കിട്ടും. അതുകൊണ്ട് പട്ടണത്തിൽ ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കില് തികയാത്ത പണം ഞാൻ നൽകാം.“


ആദ്യം ആ നിർദ്ദേശത്തോട് യോജിക്കാനായില്ലെങ്കിലും വർദ്ധിച്ചു വന്ന മുള്ളേറുകള്, എന്റെ ജീവനായ കുതിരകളെ വിൽക്കുവാൻ എന്നെ നിർബന്ധിതനാക്കി.

പണമായിരുന്നില്ല എന്റെ ലക്ഷ്യം, എന്റെ കുതിരകളെ ഏറ്റവും നന്നായി പരിചരിക്കുന്ന ഒരാൾക്ക് മാത്രം അവയെ നൽകാമെന്ന് ഞാൻ സമ്മതിച്ചു. സൈഹാനിൽ നിന്നും നൂറ് മൈലോളം അപ്പുറത്ത് മാജിദ് എന്ന കുതിരസ്നേഹി നല്ല വില നൽകി തന്നെ എന്റെ കുതിരകളെ കൊണ്ടു പോയി.

സ്വൈഹാനിൽ നിന്നും വളരെ ദൂരെ പട്ടണത്തിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഞങ്ങൾക്ക് സ്വന്തമായി ഒരു വീടുണ്ടായി. ജീവിതം സുന്ദരമായി തന്നെ മുന്നോട്ട് പോകാൻ തുടങ്ങി എങ്കിലും പല രാത്രികളും എന്റെ കുതിരകളെക്കുറിച്ചോർത്ത് ഞാൻ കണ്ണീർ വാർത്തു.

മാസങ്ങൾ കടന്നു പോകെ കുതിരകളുടെ പേരിൽ ഞാൻ വീണ്ടും ക്രൂശിക്കപ്പെട്ടു. മനുഷ്യരുമായി വലിയ സഹവാസമില്ലാതെ കുതിരകൾക്കൊപ്പം ജീവിച്ച ഞാൻ പൊതുസമൂഹത്തിൽ പലപ്പോളും പരിഹാസ്യനായി. കുതിരകളോട് പെരുമാറുന്നതെങ്ങനെ എന്നല്ലാതെ മനുഷ്യരുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്നതെങ്ങനെ എന്നെനിക്ക് അറിയില്ലായിരുന്നു.

കുതിരകൾക്കൊരിക്കലും മനുഷ്യരാവാനാവില്ല,“

 അവളിൽ നിന്നും വീണ്ടും എന്നെ നൊമ്പരപ്പെടുത്തുന്ന കുറ്റപ്പെടുത്തലുകൾ ഊർന്നുവീണു തുടങ്ങി. എന്റെ ജീവിതാവസാനം വരെ ഇനി അതു തുടരുക തന്നെ ചെയ്യുമെന്ന് എനിക്ക് ഏതാണ്ടുറപ്പായിട്ടുണ്ട്.

ഒരു വർഷം തികയാൻ തുടങ്ങുമ്പോൾ തന്നെ മൂന്ന് മനുഷ്യർ ജീവിക്കുന്ന ഈ വീടിപ്പോൾ മൂന്ന് വീടു പോലെയായിട്ടുണ്ട്. സഹകരണം എന്നത് ഇനിയൊരിക്കലും സംഭവ്യമല്ലെന്ന് ഞങ്ങൾക്ക് വ്യക്തമായി തുടങ്ങി.

നാളെ എന്റെ കുതിരകളുടെ മത്സരം നടക്കുകയാണ്. രാവിലെ തന്നെ ഞാൻ കുളിച്ചൊരുങ്ങി പുറപ്പെട്ടു. അവളോട് യാത്ര പറഞ്ഞപ്പൊൾ അവളെന്നെ പുച്ഛത്തോടെ ആട്ടുകയാണുണ്ടായത്. പക്ഷെ അവളുടെ വാക്കുകളോ പ്രവർത്തികളോ ഇപ്പോളെന്നെ അത്രയധികം അലട്ടുന്നേയില്ല. ഞങ്ങളിപ്പോൾ വിവാഹമെന്ന നിയമ ബന്ധം മാത്രമുള്ള അന്യരായിരിക്കുന്നു.

ഞാൻ ഇപ്പോൾ പന്തയ വേദിയിലാണ്. എന്റെ കുതിരകൾ ഒന്നാമതെത്തുന്നത് കാണാനുള്ള വർദ്ധിച്ച ആഗ്രഹത്തിലാണ് എന്റെ മനസ്. ഇത്തവണ ആദ്യമെത്തുന്നത് എന്റെ ഖുവാദും രണ്ടാമതെന്റെ സബാഹും തന്നെയാവുമെന്ന് എന്റെ മനസു പറഞ്ഞു.

പന്തയം അവസാനിച്ചു. ഇത്തവണയും എന്റെ കുതിരകള്, അങ്ങനെ ഇപ്പോൾ വിളിക്കാമോ എന്നെനിക്ക് അറിയില്ല. അവർ പരാജയപ്പെടുകയായിരുന്നു. വർദ്ധിച്ച ദുഖം എന്റെ മനസിനെ കീഴടക്കി. എന്റെ കുതിരകൾ തോല്ക്കുകയെന്നാൽ അവർക്ക് വേണ്ട പരിചരണം കിട്ടാതിരിക്കുകയാണ് എന്നെനിക്ക് തോന്നി. ഈ പരാജയത്തിനു വീണ്ടും അവർ ക്രൂശിക്കപ്പെടുമോ എന്നോർത്ത് എന്റെ നെഞ്ചു പിടഞ്ഞു.

തിരിച്ച് വീടെത്തുമ്പോൾ സൂര്യനസ്തമിച്ചു കഴിഞ്ഞിരുന്നു. വാതിൽ തുറന്ന് അവൾ പറയാൻ പോകുന്ന പദങ്ങള് വീണ്ടും എന്റെ നെഞ്ചിലെ വേദന ഇരട്ടിപ്പിക്കുമെന്ന് ഞാൻ ഓർത്തു. വിധിയെ ഒരിക്കലും തിരുത്തിയെഴുതാനാവില്ലെന്ന് മനസിൽ ഉറപ്പിച്ചു ഞാൻ എന്റെ വീടിന്റെ പടി കടന്നു. അടഞ്ഞു കിടന്ന വാതിലിനു നേരെ അടുത്തപ്പോൾ വാതിൽപ്പടിയിൽ എഴുതി വെക്കപ്പെട്ട കടലാസ് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അത് നിവർത്തി വായിച്ചു.

ഖുർഫാൻ..  കുതിരയോടൊത്ത് ജീവിക്കാൻ കഴിയുക കുതിരക്ക് മാത്രമാണ്. ഞാനാകട്ടെ  ഒരു മനുഷ്യസ്ത്രീയും. എനിക്ക് വേണ്ടത് മനുഷ്യനെയാണ്, ഞാനൊരു മനുഷ്യനെ കണ്ടെത്തിയിരിക്കുന്നു, അയാൾക്കൊപ്പം പോകുന്നു. നിർഭാഗ്യവശാൽ താങ്കളൊരു കുതിരയാണ്, താങ്കളേതെങ്കിലും കുതിരയെ ഇണയാക്കുക. വാതിലിനപ്പുറത്തെ ജനല്പാളി വലിച്ചു തുറന്നാൽ താക്കോൽ കിട്ടും

എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ദുർവിധി അകന്നു കഴിഞ്ഞിരിക്കുന്നു. ജനൽ തുറന്ന് താക്കോലെടുത്ത് ഞാൻ വാതിൽ തുറന്നു. എന്റെ വസ്ത്രങ്ങളും അത്യാവശ്യം വേണ്ടതും കെട്ടിപ്പെറുക്കി ഞാനും ഇറങ്ങി.

സ്വൈഹാനിലെത്തുമ്പോൾ നേരം പുലരാൻ തുടങ്ങിയിരുന്നു. ഒഴിഞ്ഞു കിടന്ന കുതിരലായം എന്റെ കണ്ണിൽ നനവു പടർത്തി. എങ്കിലും സ്വാതന്ത്ര്യം തിരിച്ചു കിട്ടിയ ആവേശത്തിൽ ഞാൻ ഖാഫിലേക്ക് നടന്നു.

ഈന്തപ്പനകൾ എന്റെ വരവു കണ്ട് ഓലകൾ ഇളക്കി സന്തോഷം അറിയിച്ചു. അവയിലൊന്നിനോട് ചേർന്നിരുന്നപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിച്ചു. എല്ലാമെല്ലാം നഷ്ടപ്പെട്ടവനാണ് ഇപ്പോൾ ഞാൻ എന്ന് എന്റെ മനസു പറഞ്ഞു. എന്റെ ഹൃദയം വിങ്ങി, അറിയാതെ മനസിലെ സങ്കടം തേങ്ങലുകളായി, പിന്നെ അതൊരു പൊട്ടിക്കരച്ചിലായി രൂപാന്തരപ്പെട്ടു.

അബ്ബാജാൻ ഹൃദയം പൊട്ടി വിളിക്കുന്നതു പോലെ ഞാനൊരു വിളി കേട്ടു. 

കാറ്റിൽ അശ്വഗന്ധം നിറഞ്ഞു. അതെന്റെ മാദിന്റെ ഗന്ധമാണെന്ന് ഞാൻ അറിഞ്ഞു. മരിച്ചു പോയ മാദ്, ഞാൻ തെല്ലൽഭുതത്തോടെ ചുറ്റും നോക്കി.

അകലെ നിന്നും എന്റെ ചെമ്പൻ കുതിര ഓടിയോടി വരുന്നു. അത് വന്നെന്റെ നെഞ്ചോട് തല ചേർത്ത് ഒട്ടി നിന്നു.

ഹേ മാദ്, എന്റെ ചെമ്പൻ സുന്ദരാ നീ എനിക്ക് വാക്കുകൾ പൂർത്തീകരിക്കാനായില്ല.

അബ്ബാജാൻ, ഞാൻ തന്നെ, അങ്ങയുടെ മാദ്, ഇപ്പോളാകട്ടെ സംസാരിക്കുന്ന ചെമ്പൻ കുതിര..!“

മരിച്ചു കഴിഞ്ഞിട്ടും നീ എങ്ങനെ ഇവിടെ..?”

അങ്ങയുടെ കണ്ണീരു കണ്ട് ഈ പ്രകൃതിയിൽ ലയിച്ചു ചേരാൻ എനിക്കാകുമോ? അങ്ങെന്തിനാണ് വിഷമിക്കുന്നത്, നഷ്ടങ്ങളെ ഓർത്തോ? നഷ്ടങ്ങൾ..! തിരിച്ചു കിട്ടാത്ത നഷ്ടങ്ങളുണ്ടോ? ഇല്ല, സത്യത്തിൽ അങ്ങനെ ഒന്നില്ല. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുന്നുണ്ടാവാം. എന്നാൽ മറ്റെവിടെ നിന്നോ അതൊക്കെ നമുക്ക് തിരികെ ലഭിക്കുന്നുമുണ്ട് അബ്ബാജാൻ. വീണുപോയ സ്ഥലങ്ങളിൽ നിന്നല്ല, മറ്റെവിടെയൊക്കെയോ നിന്ന്.. കാരണം ഉരുണ്ട ഭൂമി തിരിഞ്ഞു കൊണ്ടേയിരിക്കുകയാണ്.“

നിന്നെക്കാൾ വലിയ നഷ്ടമെന്താണ് എനിക്കുള്ളത് മാദ്,“

ഞാൻ അങ്ങേക്ക് നഷ്ടമായെന്നോ, അങ്ങയുടെ ഒരോ നിമിഷത്തിലും ഞാൻ കൂടെ ഉണ്ടായിരുന്നു, അങ്ങ് വേദനിച്ചപ്പോളൊക്കെയും ഞാൻ കരയുകയായിരുന്നു. ഇപ്പോളിതാ അങ്ങയുടെ മാദ് അങ്ങയുടെ മുൻപിൽ നിൽക്കുകയും ചെയ്യുന്നു. എന്നിട്ടും എങ്ങനെയാണ് ഞാൻ നഷ്ടപ്പെട്ടു പോയെന്ന് അങ്ങേക്ക് തോന്നുന്നത്? എന്നാൽ വളരെ താമസിയാതെ ഒരുപിടി ധൂളിയായി ഞാൻ ഈ പ്രകൃതിയിൽ ലയിക്കും. അതിനു മുൻപായി അങ്ങേക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ കൂടെ ഞാനുണ്ടാവും.അങ്ങയുടെ അശ്വങ്ങളെ, പിന്നെ അങ്ങ് സ്വപ്നം കാണാറില്ലെ, നക്ഷത്ര സുന്ദരി പോലെ, കുതിരകളെ സ്നേഹിക്കുന്ന, കവിളിൽ സന്ധ്യാ ശോഭയുള്ള ആ പെൺകുട്ടിയെയും..“

അതെങ്ങനെ മാദ്??

കാണാനിരിക്കുന്നത് പറഞ്ഞറിയിക്കേണ്ടതിന്റെ ആവശ്യമെന്ത് അബ്ബാജാൻ.