Wednesday, April 3, 2013

കെളവന്റെ ബംഗ്ലാവ്



നിലാവും ഭൂമിയും  പ്രണയ സ്വകാര്യങ്ങൾ പങ്കു വെക്കുന്ന നേരത്ത് ഞാൻ ഇറങ്ങി നടന്നു. പാതിരാവിൽ ശബ്ദമുണ്ടാകാത്ത കാലടികൾ വെച്ച് മതിലുകളും ഇടവഴികളും ചാടിയും നടന്നും ഓടിയും ഞാൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.
ഈ നായ്ക്കളുടെ കുരകളെന്നെ ഭയപ്പെടുത്തുന്നില്ല എന്ന് പറയുന്നത് ഒരുപക്ഷെ നുണയാകാം, എങ്കിലും പേപിടിച്ച തെരുവ് നായ്ക്കളുടെ ശല്യം ഏറെയുള്ള ഇന്നാട്ടിൽ അത്രത്തോളം ഭയം എന്നിലുണ്ടെന്ന് പറയുക വയ്യ.

ഇത്രയും പറഞ്ഞതില്‍ നിന്നും  ഞാനൊരു നിശാ സഞ്ചാരിയായ  കള്ളനാണെന്ന് ധരിക്കരുത്, ഞാൻ ഒരു എഴുത്തുകാരനാണ്, സങ്കീർണ്ണമായ മനസുകളെ അറിഞ്ഞ് അവയിലെ സങ്കീർണ്ണതകളെ ഇഴ പിരിച്ച് കഥകളെഴുതുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.

അതെ, ആ ഭ്രാന്തന്‍റെ വീട് തന്നെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. അതി സങ്കീർണ്ണമായ മനസിനുടമയാണയാള്.ചിലപ്പോള്‍  ഭ്രാന്തനെന്നും, മറ്റു ചിലപ്പോൾ ബുദ്ധിമാനായ ഒരു മനുഷ്യനെന്നും മറ്റു പലപ്പോളും ക്രൂരനായ ഒരു തെമ്മാടിയെന്നും തോന്നിപ്പിക്കുന്ന  അയാൾ!

അയാളിലൊരു കഥയുണ്ട്. സങ്കീർണ്ണതകൾ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു മനസിന്റെ കഥ, അതെനിക്ക് വേണം. അയാളെ നേരിട്ട് അറിയാൻ ശ്രമിച്ചപ്പോളൊക്കെയും നിരാശയായിരുന്നു ഫലം. കള്ളത്തെമ്മാടി! അയാൾക്കെന്നെ അറിയില്ല, ചിലപ്പോളെങ്കിലും അയാളെക്കാൾ വലിയ ഭ്രാന്തനാണ് ഞാനെന്നും അയാൾക്കറിയില്ല.

വരിയായി വളർന്നു നിന്ന വാഴത്തൈകൾക്കരികിലൂടെ നടക്കുമ്പോൾ  എവിടെ നിന്നൊക്കെയോ ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ എന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അടുത്തെവിടെ നിന്നോ തെരുവു നായ്ക്കൾ കുരക്കുകയും ചെയ്യുന്നു. പക്ഷെ എന്റെ ഭ്രാന്തമായ ഈ ആവേശത്തെ ഭയം നിറച്ച് ഇല്ലാതാക്കാൻ അവക്കാവുമെന്ന് തോന്നുന്നില്ല.

ഹോ..  ഇതൊരു ഭയങ്കരൻ മാളിക തന്നെ, അകത്ത് കയറിപ്പറ്റുക എന്നത് തീർത്തും വിഷമകരമായ ജോലിയും. ഞാൻ അയാളുടെ ബംഗ്ലാവിനു ചുറ്റും അകത്തു കയറുവാൻ ഒരു പഴുതിനായി തിരഞ്ഞു നടന്നു.

ഈശ്വരാ, എന്റെ ലക്ഷ്യത്തിലേക്കുള്ള വാതിലുകൾ അടയുകയാണോ, മൂന്ന് തവണ ചുറ്റും വലം വെച്ചിട്ടും അകത്ത് കയറിപ്പറ്റാനുള്ള ഒരു വഴിയും എനിക്ക് കണ്ടെത്താനായില്ല.

ജനൽച്ചില്ലുകൾ തകർത്ത് അഴികളറുത്തോ, വാതിൽ പാളികൾ പൊളിച്ചോ അകത്ത് കടന്നാലോ എന്ന് ഞാൻ ചിന്തിക്കാതെയിരുന്നില്ല. പക്ഷെ അത് എന്റെ കഥയുടെ തുടർന്നെഴുതാനുള്ള ഭാഗങ്ങളെ ഇല്ലാതാക്കിയേക്കും. മറ്റൊരു വഴി തേടുക തന്നെ വേണം. അല്ലെങ്കിൽ പിന്നെ ഈ ശ്രമം ഉപേക്ഷിക്കുക മാത്രമേ തരമുള്ളൂ.

തലക്ക് മുകളിലൂടെ ഒരു നിശാപക്ഷി പറന്നു. എന്നെ വഴികാണിക്കാനെന്നവണ്ണം അത് അടുത്ത് നിന്ന തെങ്ങിൻ കയ്യിലിരുന്നു മൂളി. ഹോ  ഇത്രയും നേരം ഞാൻ തേടിയിട്ടും കാണാത്തൊരു വഴി ഒരു പക്ഷിക്കുഞ്ഞു കാട്ടിത്തന്നിരിക്കുന്നു.

ബംഗ്ലാവിലേക്ക് ചാഞ്ഞു നിൽക്കുന്ന ഒരു കൊന്നത്തെങ്ങായിരുന്നു അത്.  ഈ തെങ്ങിലൂടെ മട്ടുപ്പാവിലെത്തുക എത്ര എളുപ്പമാണ്.

എന്റെ രാത്രികാല അന്വേഷണങ്ങൾക്കുള്ള പണിയായുധങ്ങൾ അടങ്ങിയ സഞ്ചി തുറന്നു. സഞ്ചിയിൽ നിന്നും ചകിരി കയർ എടുത്ത് ഇഴ പിരിച്ച് വൃത്താകൃതിയിൽ ഞാനൊരു 'തളപ്പ്'  തീർത്തു. മറ്റൊരു ചൂടിക്കയർ കഷ്ണത്താൻ ആ സഞ്ചിയെ എന്റെ വയറിൽ ചേർത്ത് ബന്ധിച്ചു.

ബംഗ്ലാവിനു മുകളിലെത്തിയപ്പോൾ ശരീരമാസകലം ഉരഞ്ഞു പൊട്ടിയ നീറ്റലുണ്ടായിരുന്നു. വേദനകളെ അവഗണിക്കാനും പുതിയ കഥ കണ്ടെത്താനും മനസു പറഞ്ഞു.

മുകളിലെ ജനല്പാളി തുറക്കാൻ ഒരു വഴി വേണം, ഞാൻ ആ ജനലിനെ  സസൂക്ഷ്മം വീക്ഷിച്ചു. എന്തൊരു ഭാഗ്യം! ഇതിന്റെ കുഞ്ഞു വാതിൽ സ്ലൈഡിങാണ്. അങ്ങോട്ടും ഇങ്ങോട്ടും നീക്കി വെക്കാവുന്ന  രണ്ട് ചില്ലുകൾ. കൊള്ളാം, ഇത്രയും ഉയരത്തിലായതിനാൽ ആവണം ഇരുമ്പുകമ്പികൾ കൊണ്ട് ഇതിനെ കൂടുതൽ സുരക്ഷിതമാക്കി വെക്കാത്തത്.

ജനൽ പാളികളിലൂടെ ഞാൻ അകത്ത് കടന്നു. കെളവൻ തെമ്മാടി ഉറങ്ങുകയായിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ അയാൾക്കരികിലെത്തി. മുറിയിൽ അരണ്ട വെളിച്ചത്തിൽ ഒരു ചുവന്ന വൈദ്യുതവിളക്ക് കത്തുന്നുണ്ട്. കെളവന്റെ നെഞ്ചിൽ കിടക്കുന്ന ആ ഡയറി, അതിലായിരിക്കണം എന്റെ കഥ ഇരിക്കുന്നുണ്ടാവുക.

ഡയറി എടുക്കാൻ തുനിയുമ്പോൾ അയാളുണർന്നാൽ  മറ്റൊരു അന്വേഷണവും നടക്കുമെന്ന് തോന്നുന്നില്ല. ഞാൻ ആ മുറിയിൽ നിന്നും എന്റെ അന്വേഷണങ്ങൾക്കായി മറ്റു മുറികൾ ലക്ഷ്യമാക്കി നീങ്ങി.

ഇല്ല ഒന്നും കിട്ടിയില്ല. പക്ഷെ രസകരമായ കാഴ്ചകളാണ് ഈ മുറിയിൽ. നിരത്തി വെച്ച  കുപ്പികളില്‍  അനേകം വിത്തുകള്‍  ഇട്ടു വെച്ചിരിക്കുന്നു.  കുപ്പികളിൽ പല തരം പഴങ്ങളുടെ, പച്ചക്കറികളുടെ, വന്‍ മരങ്ങളുടെ വരെ  വിത്തുകൾ..

 ഈശ്വരാ ഈ വിത്തുകളാണോ കെളവന്റെ ഭക്ഷണം?

ഞാൻ അവിടെ നിന്നും  ഇറങ്ങി ഓരോ മുറിയും അരിച്ചു പെറുക്കി. ബാക്കി എല്ലാ മുറികളും ശ്യൂന്യമായിരുന്നു. ചിലതിൽ അലക്ഷ്യമായി കിടന്ന വസ്ത്രങ്ങളും അകസാധനങ്ങളും മാത്രം.

ഞാൻ കെളവന്റെ മുറിയിലേക്ക് തന്നെ നടന്നു. കെളവന്റെ മുറിയിൽ മേശപ്പുറത്ത് അനേക ദിവസത്തെ പത്രങ്ങൾ അടുക്കി വെച്ചിരുന്നു. ഞാൻ അതിലൊന്ന് കയ്യിലെടുത്തു. ആദ്യ പേജിൽ തന്നെ ചുവന്ന മഷി കൊണ്ട് വൃത്തം വരച്ച് വെച്ച വാർത്ത ഞാൻ വായിച്ചു. ഞാൻ അടിയിലെ രണ്ട് മൂന്ന് പത്രങ്ങൾ കൂടി കയ്യിലെടുത്തു സസൂക്ഷ്മം ശ്രദ്ധിച്ചു. അതെ, എല്ലാ ദിവസത്തെ പത്രത്തിലും വൃത്തം വരച്ചു വെച്ചിട്ടുണ്ട്.

ആ  മുറിയിൽ അധിക നേരം ഇരിക്കുന്നത് കെളവൻ പെട്ടെന്നുണർന്നാൽ എന്റെ  എല്ലാ പ്രയത്നങ്ങളും വ്യഥാവിലാക്കും  എന്നതിനാൽ ഞാൻ ആ പത്രങ്ങൾ എടുത്ത് അടുത്ത മറിയിലേക്ക് നടന്നു.

പണിയായുധങ്ങൾ നിറച്ച സഞ്ചിയിൽ നിന്നും പുസ്തകവും പേനയുമെടുത്ത് അയാൾ വൃത്തം വരച്ച് വെച്ച വാർത്തകളുടെ തലക്കെട്ട് എഴുതി വെച്ചു. ഓരോ തലക്കെട്ടിനു നേരെയും ആ വാർത്ത വന്ന പത്രത്തിന്റെ പേരും തിയ്യതിയും പേജ് നമ്പറും കുറിച്ചു വെക്കാൻ ഞാൻ മറന്നില്ല. അത് പിന്നീടുള്ള എന്റെ  ജോലി എളുപ്പമാക്കിയെക്കും .

പത്രക്കെട്ട് പഴയ പോലെ അതേ ക്രമത്തിൽ അയാളുടെ മേശക്ക് മുകളിൽ തന്നെ വെച്ചു.   അയാളെ ഉണർത്താതെ ഞാൻ വളരെ സൂക്ഷ്മതയോടെ അയാളുടെ നെഞ്ചിൽ നിന്നും ഡയറി കയ്യിലെടുത്ത് വായിച്ചു.

“ എനിക്ക് ഭ്രാന്താണെന്ന് നാട്ടുകാർ പറയുന്നതിൽ ഞാൻ അസ്വസ്ഥനല്ല, ഭ്രാന്തൻ ശാസ്ത്രജ്ഞൻ എന്ന് അറിയപ്പെടാൻ തന്നെയാണ് എനിക്ക് താല്പര്യവും. അല്ലെങ്കിലും ജനങ്ങൾ മാറ്റങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്നവരാണ്, ഞാൻ എന്തിന് അവരെ നോക്കണം?  എനിക്കറിയാം പരിണാമത്തെ എത്ര സത്യസന്ധമായി തെളിയിക്കാൻ ശ്രമിച്ചാലും ഇത് തന്നെയായിരിക്കും ഫലം, കാരണം പരിണാമത്തിന്റെ ചെറിയ കാറ്റുകൾ വീശുന്നത് മൂലവും കടപുഴകി വീണേക്കാവുന്ന  ചില വിശ്വാസമരങ്ങളുണ്ടല്ലോ നാട്ടിൽ."
"പരിണാമത്തിന്റെ പുതിയ ദശയിൽ ജീവികൾക്കുണ്ടായേക്കാവുന്ന മാറ്റങ്ങളെ  പഠന വിധേയമാക്കുക എന്നത്  തീർത്തും ശ്രമകരമാണെന്ന ചിന്ത എനിക്കില്ലാതെയൊന്നുമല്ല, പക്ഷെ പുതിയ ജീവീയ മാറ്റങ്ങൾ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന അറിവ് തന്നെയാണ് ഈ പഠനവുമായി മുന്നോട്ട് നീങ്ങുവാൻ എന്നെ നിർബന്ധിതനാക്കുന്നത്. വ്യക്തമായ അറിവുകളില്ലാതാവുന്ന പക്ഷം പുതിയ പരിണാമത്തിൽ ജനം വലയുക തന്നെയായിരിക്കും ഫലം."
"എന്റെ ഇന്നത്തെ അന്വേഷണത്തില്‍ നിന്നും നെല്ലിമരങ്ങളിൽ നിന്നായിരിക്കും ഈ പുത്തൻ പരിണാമത്തിന്റെ തുടക്കം എന്ന കാര്യത്തിൽ എനിക്ക് തെല്ലും സംശയമില്ല. നാല്പത് മനുഷ്യരുടെ അല്ലെങ്കിൽ മനുഷ്യനിൽ നിന്നും പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നവരുടെ അനുഭവക്കുറിപ്പുകൾ ഈ സത്യം എന്നിൽ സംശയ ലേശമന്യേ  എഴുതി വെക്കുന്നുണ്ട്."
"ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്തുകൊണ്ടിരുന്ന നെല്ലിക്കായ്കൾ ആദ്യം മധുരിക്കുകയും പിന്നീട് കയ്ക്കുകയും ചെയ്തതാ‍യാണ് അനുഭവ സാക്ഷ്യം.  സത്യത്തിൽ അത് തന്നെയാണാവശ്യം. പുത്തൻ പരിണാമത്തിന് ഇളം നെല്ലി മരങ്ങളിൽ മുള്ളുകൾ കൂടി നിറച്ചു വെക്കേണ്ടതുണ്ട് “

കൊള്ളാമല്ലോ കിളവാ.. ഭ്രാന്തൻ ശാസ്ത്രജ്ഞൻ നല്ല പേരു തന്നെ, ഒരു മൈക്രോസ്കോപ്പു പോലും സ്വന്തമായില്ലാത്ത മഹാനായ ശാസ്ത്രജ്ഞൻ..ഹ ഹ ഹ ഹ ഹ

ഞാൻ ഡയറിയുടെ മറ്റു താളുകൾ മറിച്ചു നോക്കി പക്ഷെ ഇത്ര രസകരമായ ഒന്നും മറ്റു പേജുകളിൽ കണ്ടതേയില്ല.

ഡയറി അയാളുടെ കട്ടിലിൽ വെച്ച് ഞാൻ ഇറങ്ങി. ഇന്നത്തേക്ക് ഇത്രയും മതിയാവും. പത്രത്താളുകളിലെ അയാൾ ശ്രദ്ധിച്ച വാർത്തകളെ പഠിച്ച് അയാളുടെ ഡയറിയിലെ വാക്കുകളെ കൂടി കൂട്ടിച്ചേർത്ത് കഥക്കൊരു പേര് കൊടുക്കണം. നാളെ അയാളറിയാതെ അയാളുടെ ഒരു ദിവസത്തെ പ്രവര്‍ത്തികള്‍  മുഴുവൻ സസൂക്ഷ്മം വീക്ഷിക്കുക തന്നെ വേണം. ഞാൻ മനസിലോർത്തു.

എന്റെ മുറിയിലെത്തിയ ഞാൻ ഒരേ സമയം അസ്വസ്ഥനും അഹ്ലാദവാനുമായിരുന്നു. കെളവന്റെ കഥ എഴുതുവാൻ എനിക്കിനി അയാളുടെ ഒരു ദിവസത്തെ സസൂക്ഷ്മം ഒന്ന്  മാത്രം വീക്ഷിച്ചാൽ മതിയാവും.

***

ഇന്ന് രാവിലെ തന്നെ എനിക്ക് പുതിയ കഥയുടെ ശീർഷകം ഒത്തുകിട്ടി. കെളവന്റെ കഥക്ക് ഏറ്റവും യോജിക്കുന്ന പേര് “പരിണാമ കാലത്തെ നെല്ലിമരങ്ങൾ“ എന്ന് തന്നെ. കെളവൻ വൃത്തം വരച്ച പത്ര വാർത്തകൾ ഒന്നൊന്നായി ഞാൻ തിരഞ്ഞു  വായിച്ചു.

ട്രെയ്നിൽ പീഡനം
അച്ഛൻ മകളെ പീഡിപ്പിച്ചു,
മൂന്ന് വയസുകാരി പീഡിപ്പിക്കപ്പെട്ടു.
ആതുരാലയത്തിൽ യുവാവ് കെല്ലപ്പെട്ടു.
ഡൽഹി പീഡനം പ്രതിഷേധം ഇരമ്പുന്നു.
അമ്മ മകളെ വിറ്റത് അയ്യായിരം രൂപക്ക്..
സൂര്യനെല്ലി വീണ്ടും മുറുകുന്നു.
അമ്പത് രൂപയെ ചൊല്ലി തർക്കം, യുവാവ് കൊല്ലപ്പെട്ടു.
ഡൽഹിയിൽ സ്ഫോടന പരമ്പര,
ഹൈദരാബാദ് സ്ഫോടന പരമ്പര.

 ഈശ്വരാ ഈ വാർത്തകൾ എന്നെ ശരിക്കും ഭ്രാന്ത് പിടിപ്പിക്കുമെന്ന് തോന്നുന്നുണ്ട്. കെളവന്‍  ചുവപ്പ് മഷിയിൽ വരച്ചു വെച്ച വാർത്തകൾ എത്ര ക്രൂരമായ വാർത്തകളാണ്? ഞാൻ കൂടുതൻ വായിക്കാൻ ഒരുമ്പെടാതെ തന്നെ അവയെ തള്ളിക്കളഞ്ഞു. ഒരു കഥക്കായി പോലും ഇത്തരം വാർത്തകൾ വായിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല.
ഇത്രയും വേദനിപ്പിക്കുന്ന വാർത്തകൾ എന്നിട്ടും എന്തേ ഇന്നലെ എന്നെ തെല്ലും നോവിക്കാതെയിരുന്നത്?

എങ്കിലും പരിണാമത്തെ പഠിക്കാൻ എന്തിനാവും അയാള്‍ ഈ പത്രവാര്‍ത്തകളെ വൃത്തം വരച്ചിട്ടത്?
 മനുഷ്യന്റെ പരിണാമം??            ഈശ്വരാ എങ്കിൽ…..

എനിക്ക് തല പെരുക്കുന്നത് പോലെ തോന്നുന്നുണ്ട്, ഞാൻ എഴുന്നേറ്റ് മുറിയിൽ കൂട്ടിലിട്ട വെരുകിനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരുന്നു. എവിടെ നിന്നൊക്കെയോ അലർച്ചകൾ കേൾക്കുന്നല്ലോ, ഒരു പിഞ്ചു പൈതലിന്റെ ദയനീയ നിലവിളി, ഞാനും നിങ്ങളും മനുഷരല്ലെ, എന്നെ ജീവിക്കാനനുവദിക്കൂ കരച്ചിലൊപ്പം കാതിൽ അലയടിക്കുന്ന അപേക്ഷകൾ.. ഇരു ചെവികളും പൊത്തി നിന്നു നോക്കി എന്നിട്ടും…
***  

പ്രഭാതം മുതൽ ഞാൻ കെളവനെ തന്നെ വീക്ഷിച്ചു നടക്കുകയാണ്, പക്ഷെ എന്നും കാണുന്ന വിചിത്രമെന്ന് തോന്നിയേക്കാവുന്ന ചിലതല്ലാതെ പുതിയതായി ഒന്നും ഞാൻ അയാളിൽ എനിക്ക് കാണാനായില്ല. സന്ധ്യ ചുവന്നു തുടങ്ങിയപ്പോൾ അയാൾ പട്ടണത്തിൽ നിന്നും തിരിച്ചു. അയാളുടെ വാഹനത്തെ പിന്തുടരാൻ ഒരു വാഹനം ഇല്ലാത്തത് കൊണ്ട് തന്നെ ഞാൻ പട്ടണത്തിൽ നിന്നും അയാളുടെ വീടെത്താൻ ഒരു മണിക്കൂറിലേറെ വൈകിയിട്ടുണ്ട്.

രാത്രിക്ക് കട്ടി കൂടുന്നത് വരെ ഞാൻ അയാളുടെ വാഴത്തോപ്പുകൾക്കപ്പുറം അക്വേഷ മരങ്ങൾക്കിടയിൽ ഒളിച്ചു നിന്നു. അയാൾ കിടന്നതിന് ശേഷം അയാളുടെ വീട്ടിനകത്ത് കയറണം അതായിരുന്നു എന്‍റെ ലക്‌ഷ്യം.

എന്നെ ഞെട്ടിച്ചു കൊണ്ട് അയാൾ വീണ്ടും  പുറത്തേക്കിറങ്ങി, ഭാരമുള്ളതെന്തോ അയാൾ പണിപ്പെട്ട് ചുമന്നു വരുന്നുണ്ടായിരുന്നു. അല്പം കൂടി അടുത്ത് അയാളുടെ വാഴത്തോപ്പുകളിലേക്ക് നീങ്ങിയതും ആ ഭാരമുള്ള വസ്തു നാല്പത് വയസോളം പ്രായം വരുന്ന ഒരു സ്ത്രീയായിരുന്നുവെന്ന് എനിക്ക് മനസിലായി. അയാൾ അത് വാഹനത്തിലേക്കിട്ട് അത് പോലെ മറ്റൊന്ന് കൂടി എടുത്തുവന്നു. അതൊരു പുരുഷനായിരുന്നു. അൻപത് വയസോളം പ്രായം തോന്നിക്കുന്ന ഒരാള്‍.

ഈശ്വരാ, ഞാന്‍ കൂടെയില്ലാത്ത  ഒരു മണിക്കൂറിനുള്ളിൽ ഇയാൾ എവിടെ നിന്നാണ് രണ്ട് മനുഷ്യരെ വേട്ടയാടിപ്പിടിക്കുകയും കൊന്ന് കളയുകയും ചെയ്തത്?

കാനന പാതയിലൂടെ അയാളുടെ വാഹനം നീങ്ങുമ്പോൾ അക്വേഷാ മരങ്ങൾക്കിടയിലൂടെ ഓടിക്കൊണ്ട് ഞാനതിനെ പിന്തുടർന്നു.
ഉയരമുള്ള പാറയിൽ നിന്നും വെള്ളം ചാടിക്കൊണ്ടിരിക്കുന്ന കൊക്കയിലേക്ക് അയാൾ ആ ശരീരങ്ങൾ ഓരോന്നായി വലിച്ചെറിഞ്ഞു.

വിശ്വസിക്കാനാവാതെ നിന്ന ആ മുഹൂർത്തത്തിൽ എന്റെ കാലുകൾ കരിയിലയിൽ പതറി ഞാൻ നിലത്ത് ഉരുണ്ടു വീണു.

കെളവൻ വാഹനത്തിനടുത്തു നിന്നും എന്റെ നേരെ നടന്നടുത്തു.
അയാളിപ്പോൾ എന്നെയും കൊല്ലുമെന്ന് എനിക്കുറപ്പായിട്ടുണ്ട്. ഞാൻ എഴുന്നേറ്റ് ഓടാനൊരു ശ്രമം നടത്തിയെങ്കിലും അതിന് മുൻപേ അയാൾ എന്റെ അരികിലെത്തിയിരുന്നു.

"ഉം.. കണ്ടോ നീ?"

"ക.. ക…. ണ്ടു.."

"എങ്കിലിനി മിണ്ടരുത്, മറന്നേക്കുക എല്ലാം ഇവിടെ,  ഇപ്പോൾ. ഇല്ലെങ്കിൽ നാളെ കിടക്കുന്നത് അവിടെയായിരിക്കും." അയാള്‍ ആ കൊക്കയിലേക്ക് വിരല്‍ ചൂണ്ടി.

ഞാൻ തലയാട്ടി, അയാൾ എന്നെ ഒന്നും ചെയ്യാതെ വാഹനത്തിനടുത്തേക്ക് നടന്നു പോയത് എന്നെ അൽഭുതപ്പെടുത്തി. അപ്പോളും പക്ഷെ ഞാൻ നന്നായി  പേടിച്ചു വിറക്കുന്നുണ്ടായിരുന്നു.
***
ഡൊക്ടർ സദാശിവനു മുൻപിലെ കസേരയിൽ ഇരുന്നപ്പോൾ ഡൊക്ടർ ഒരു ഭ്രാന്തനെപ്പോലെയാണ് എന്നെ നോക്കുന്നത് എന്നെനിക്ക് മനസിലായി.

"ഡൊക്ടർ, ഈയിടെ വല്ലാത്തൊരു മാനസികാവസ്ഥ, ഒന്നിലും  മനസുറക്കുന്നില്ല, പോരാത്തതിന് കണ്ണടച്ചാലും തുറന്നാലും ചിലരുടെ തേങ്ങലുകൾ ദയനീയമായ അപേക്ഷകൾ അവസാനത്തെ അലമുറകൾ, വന്നെന്റെ ചെവിയിൽ തറക്കും. പിന്നെ ഒരു തലവേദനയാണ്. തലവേദനയെന്നാൽ തലച്ചോറ് പൊട്ടിത്തകരുന്നത് പോലെയുള്ള വേദന."

"ദിവസവും പത്രം വായിക്കുന്ന ശീലമുണ്ടെന്ന് തോന്നുന്നു ?" ഡൊക്ടർ എന്നെ സംശയത്തോടെ നോക്കി.

"ഉവ്വ് ഡൊക്ടർ, കുറച്ച് കാലമായി നിർത്തി വെച്ചതായിരുന്നു, പക്ഷെ ഈയിടെ ചില കാര്യങ്ങളുടെ റഫറൻസിനായി ഞാനത് വീണ്ടും തുടങ്ങിയിട്ടുണ്ട്. അതു പോട്ടെ എന്തിനാണ് ഡൊക്ടർ പത്രവായന അന്വേഷിക്കുന്നത്?"

"എന്റെ സുഹൃത്തെ, ഇവിടെ ഇതേ അവസ്ഥയിൽ എത്തിയ നാല്പതോളം രോഗികളുണ്ട്. അവരുടെയെല്ലാം പ്രശ്നങ്ങൾക്ക് കാരണം പത്രവായന തന്നെ.

"എങ്കിലും അതിനും അപ്പുറത്തെന്തോ ഉണ്ടെന്നും അത് മറച്ചു വെക്കുകയാണെന്നും താങ്കളുടെ മുഖഭാവം വ്യക്തമായി പറയുന്നുണ്ടല്ലോ. മറ്റെന്തോ ഒരു ഭയം കൂടി മുഖത്ത് നിഴലിക്കുന്നത് പോലെ."

"ഇല്ല, ഡൊക്ടർ, മറ്റൊരു ഭയവും എനിക്കില്ല.."

വൃദ്ധൻ ശാസ്ത്രജ്ഞനെയും അയാളുടെ ഭീഷണിയെയും കുറിച്ച് പറഞ്ഞാലോ എന്ന് തോന്നിയെങ്കിലും അത് പിന്നീട് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് തോന്നി ഞാൻ പറഞ്ഞു.


"സുഹൃത്തെ ഞാൻ നിങ്ങളെ ചികിത്സിക്കാനുള്ള ഡൊക്ടറാണ്. വർഷങ്ങളായി  രോഗികളെ അടുത്തറിയുന്ന ഒരു ഡൊക്ടർ. മാനസിക ഭാവങ്ങളെ നിങ്ങളുടെ മുഖത്ത് നിന്നും വായിക്കാൻ എനിക്കത്രയൊന്നും ആയാസപ്പെടേണ്ടതില്ല. ആത്മാർഥമായും താങ്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താങ്കൾ  ആഗ്രഹിക്കുന്നു എങ്കിൽ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുക."

അവസാനം കെളവനെക്കുറിച്ചും, കെളവന്റെ ബംഗ്ലാവിനെക്കുറിച്ചും കെളവന്റെ ഭീഷണിയെക്കുറിച്ചും ഞാൻ വ്യക്തമായി തന്നെ ഡൊക്ടറെ പറഞ്ഞു കേൾപ്പിച്ചു.

ഡൊക്ടർ പലപ്പോളും അവിശ്വാസത്തോടെ എന്നെ നോക്കുന്നത് എനിക്ക് കാണാമായിരുന്നു. എങ്കിലും മനസിൽ ഒളിപ്പിച്ചു വെച്ച രഹസ്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ എന്റെ മനസ് അല്പമൊന്ന് ശാന്തമായി.

"ശരി സുഹൃത്തെ, ഇന്ന് താങ്കൾ സമാധാനമായി തിരിച്ചു പൊയ്ക്കോളൂ. ഇക്കാര്യങ്ങളെ ഞാൻ വിശദമായി ഒന്നു പഠിക്കട്ടെ, നാളെ നമുക്കവിടം വരെയൊന്നു പോകാം."

"ഡൊക്ടർ, അത് വളരെ വിഷമം പിടിച്ച ഒന്നാണെന്ന് എനിക്ക് തോന്നുന്നു. അയാൾ ഒരു മനുഷ്യനെ കൊല്ലുന്നത് ഒരു പൂപറിക്കുന്ന ലാഘവത്തോടെയാണ്."

"ഭയപ്പെടാതിരിക്കൂ സ്നേഹിതാ, അയാൾ കൊല്ലുന്നെങ്കിൽ എന്നെ കൊന്നതിനു ശേഷം മാത്രമേ നിങ്ങളെ ഒന്ന് തൊടാൻ പോലും ഞാൻ അയാളെ അനുവദിക്കൂ“..
***
പ്രഭാതത്തിൽ ഡൊക്ടർക്കൊപ്പം കെളവന്റെ ബംഗ്ലാവ് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
ഞാൻ ചൂണ്ടിയ സ്ഥലത്തേക്ക് ഡൊക്ടർ നോക്കി, പക്ഷെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല.  ഞാന്‍ പറഞ്ഞു. ദാ അവിടെയായിരുന്നു ഡോക്ടര്‍.

“എന്റെ സുഹൃത്തെ, എവിടെ?  എവിടെ  താങ്കൾ പറഞ്ഞ ബംഗ്ലാവ്, എവിടെ വനത്തിനകത്തെ  വാഴത്തോപ്പുകള്‍ ? എനിക്കൊന്നും കാണാനാവുന്നെയില്ലല്ലോ.“

“ഇപ്പോള്‍ എനിക്കും ഒന്നും കാണാന്‍ ആവുന്നില്ല ഡോക്ടര്‍, പക്ഷെ സത്യമായും ഇന്നലെ വരെ അത് അവിടെ ഉണ്ടായിരുന്നതാണ്.ഒരിക്കലല്ല, പല  തവണ ഞാൻ അത് കണ്ടിട്ടുള്ളതാണ്. നോക്കൂ ഇതെന്ത് മറിമായമാണെന്ന് എനിക്ക് മനസിലാകുന്നതേയില്ല.“

എനിക്കിനി സ്ഥലം തെറ്റിയോ, വനത്തിനു ചുറ്റും ഞങ്ങൾ വളരെ നേരം കറങ്ങി നടന്നു, പക്ഷെ എനിക്കാ ബംഗ്ലാവ് കണ്ടു പിടിക്കാനായതേയില്ല.
ഡൊക്ടർ എന്നെ നല്ല പോലെ ചീത്ത വിളിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അയാളൊന്ന് വെളുക്കെ ചിരിക്കുക മാത്രമാണ് ചെയ്തത്
***

ഡൊക്ടറുടെ മുറിയിൽ അയാളുടെ മുൻപിലെ കസേരയിൽ ഇരുന്നപ്പോൾ അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. ഞാൻ ചിന്തിച്ചത് അയാളെക്കുറിച്ചായിരുന്നു. പട്ടണത്തിൽ ഞാൻ പലപ്പോളും കണ്ട വിചിത്ര സ്വഭാവമുള്ള കെളവനെക്കുറിച്ച്..

എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നെനിക്ക് മനസിലാവുന്നതേ ഉണ്ടായിരുന്നില്ല. കെളവൻ, കെളവന്റെ ബംഗ്ലാവ്, വാഴത്തോപ്പുകൾ, കെളവന്റെ ഡയറി, കെളവൻ ചുവന്ന മഷിയിൽ അടയാളമിട്ട പത്രങ്ങൾ, കെളവൻ കൊന്ന ആ സ്ത്രീയും പുരുഷനും, കെളവന്റെ വീട്ടിൽ കയറിപ്പറ്റാൻ ശ്രമിച്ചപ്പോൾ എന്റെ ശരീരത്തിൽ തെങ്ങിൽ ഉരഞ്ഞുണ്ടായ നീറ്റല്‍ . എല്ലാമെല്ലാം ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ്, അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ്.

എന്നിട്ടും ഒറ്റ രാത്രി കൊണ്ട് എവിടെപ്പോയി ആ ബംഗ്ലാവ്? കെളവന്‍  തെമ്മാടിയും?
=========

( E-മഷി മാഗസിനിൽ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച കഥ, ഈ മഷിയിലെ കൂടുതൽ വിഭവങ്ങൾ വായിക്കാൻ http://emashi.blogspot.ae/  )

35 comments:

  1. ഇ മഷിയിൽ വായിച്ചിരുന്നു .. നല്ല പ്ലോട്ട് .. വ്യത്യസ്ത അവതരണം .. ഒരു സസ്പെന്സ് ത്രില്ലർ .. നിഗൂഡത ഉള്ള കഥകൾ എനിക്കൊരുപാട് ഇഷ്ടമാണ് .. ആശംസകളോടെ

    ReplyDelete
  2. കയറ്റങ്ങളും തിരിവുകളും ഒക്കെയായി ഉദ്യോഗം ജനിപ്പിച്ചു കൊണ്ട് എന്തൊക്കെയോ ശക്തമായി പറഞ്ഞു എന്ന പോലെ തോന്നുന്നു .

    ReplyDelete
  3. ഒരു ഷെർലക് ഹോംസിന്റെ കഥ പോലെ തോന്നിച്ചു..
    നന്നായിട്ടുണ്ട്..
    ആശംസകൾ

    ReplyDelete
  4. വളരെ ആകാംക്ഷയോടെ അവസാനം വരെ വായിപ്പിക്കുന്ന അവതരണം ഉഷാറായി.

    ഒരെഴുത്തുകാരന്റെ മനസ്....
    പലപ്പോഴും പൂര്‍ണ്ണമാകാത്ത ചിന്തകള്‍ ചുമന്നു നടക്കുന്ന നമ്മിലെ ഭ്രാന്തന്‍ ശാസ്ത്രഞ്ജന്‍ ചില ശരികളും തെറ്റുകളും ചുമന്നു നടക്കുന്നു. പരിണാമം സംഭവിക്കുമ്പോള്‍ ആദ്യം അനുഭവപ്പെടുന്ന കയ്പും പിന്നീടുള്ള മധുരവും ചിന്തിച്ചു കൂട്ടുമ്പോഴും അതിന്റെ അവസാന ഫലത്തില്‍ സംശയം തന്നെ ബാക്കി. ഹൃദയമുള്ളവനില്‍ ഇപ്പോഴെത്തുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അവസാനം സ്ഥലകാലബോധം നഷ്ടപ്പെടുത്താനല്ലാതെ ഒന്നിനും കഴിയാതെ വരുന്നത് "നീ കണ്ടോ?" "എങ്കില്‍ ആരോടും മിണ്ടണ്ട" എന്ന് കേള്‍ക്കുമ്പോള്‍ നിശ്ശബ്ദനാകുന്നത് മനസ്സിലെ സ്വാര്ഥതയാണ്. ഒരു ബംഗ്ലാവിലെ നിഗൂഡതകള്‍ പോലെ എഴുത്തുകാരന്റെ മനസ്സ് പിടി തരാതെ.....

    ReplyDelete
  5. ഇ-മഷിയില്‍ വായിച്ചിരുന്നു. കഥ നന്നായിട്ടുണ്ട്

    ReplyDelete
  6. നന്നായിട്ടുണ്ട് . ഇന്നത്തെ കാലം അത്ര നല്ലതല്ല എന്ന് ഓരോ പത്ര വാര്ത്ത വായിക്കുബോഴും തോന്നിയിട്ടുണ്ട് . മനുഷ്യത്വം എന്നത് മനുഷ്യനിൽ ഇല്ലാതെ ആവുമ്പോൾ , മനുഷ്യൻ എന്ന പേര് തന്നെ മാറ്റേണ്ടി വരുമോ നാളെ ?

    ReplyDelete
  7. പത്ര വാര്‍ത്തകള്‍ വായിച്ചു ഭ്രാന്തായില്ലെങ്കിലാണ് അതിശയം. പൂ പറിക്കുന്ന ലാഘവത്തോടെ മനുഷ്യനെ കൊല്ലുന്ന വാര്‍ത്തകള്‍ ഏതെല്ലാം തരത്തില്‍ മനസ്സുകളെ താളം തെറ്റിക്കുന്നു. നല്ല കഥ. റൈനി എന്ന എഴുത്തുകാരന്‍ ഉയരങ്ങളിലേക്ക് .സന്തോഷം

    ReplyDelete
  8. കഥ ഗംഭീരമായി....., 'അശ്വഗന്ധം' പോലെ ആസ്വദിച്ച് വായിച്ചു. വളരെ നല്ല ആവിഷ്കാരം

    ReplyDelete
  9. അവതരണം കൊണ്ടും മികച്ചതായി,ഈ അത്ഭുതകഥ..ആശംസകള്‍

    ReplyDelete
  10. ഈ മഷിയില്‍ വായിച്ചു മാഷേ..കുറെ വഴികളിലൂടെയുള്ള യാത്രപോലെ ഇഷ്ട്ടപെട്ടു .

    ReplyDelete
  11. വ്യത്യസ്ഥമായ അവതരണത്തിലൂടെ ശ്രദ്ധേയമായ റൈനിയുടെ മറ്റൊരു കഥ... മടുപ്പില്ലാതെ കഥയുടെ അവസാനം വരെ എഴുത്തുകാരന്‍റെ മനസ്സിനൊപ്പം യാത്ര ചെയ്യാനായി. ആശംസകള്‍

    ReplyDelete
  12. നല്ല കഥ റെയ്നി.
    കഥക്കായി ഭ്രാന്തമായി അലയുന്ന എഴുത്തുകാരന്റെ മനസ്സിനെ പത്രവാര്‍ത്തകള്‍ വേദനിപ്പിക്കുന്നില്ല എന്ന് ഒരിടത്ത് പറയുന്നുണ്ട്. ആ ഭ്രാന്തില്ലാത്ത അവസ്ഥയിലാണ്‌ അയാള്‍ക്ക് ഡോക്ടരുടെ ആവശ്യം വരുന്നതും. അതായത് എഴുതുവാന്‍ ഒന്നുമില്ലാത്തത്തത്, അല്ലെങ്കില്‍ ഒന്നും എഴുതാതിരിക്കുന്നത് കഥാകൃത്തിനെ സംബന്ധിച്ച് മരണ തുല്യമാണ്.

    ReplyDelete
  13. ആദ്യമായി വായിക്കുന്നു ഇത് റൈനി ,
    മുറിയാത്ത മാനസിക കണങ്ങളേ ചേര്‍ത്ത്
    വച്ച് ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു ...
    ഒരു മനസ്സിന്റെ സഞ്ചാരങ്ങളിലൂടെ , ഇന്നിന്റെ
    ആകുലകളില്‍ ചഞ്ചലപെടുന്ന ചിലതിന്റെ നേര്‍ രൂപം ..!
    ഈ കാലത്തിന്റെ പത്ര വാര്‍ത്തകള്‍ പൊലും നമ്മുടെ മനസ്സിനേ
    നമ്മുക്കതീതമായ തലങ്ങളിലേക്കെത്തിക്കും , ഈ കഥക്ക് ഒരുപാട് ആഴമുണ്ട്
    ഒരു കഥക്കുള്ള ആഴത്തിനപ്പുറം , പലതും മനനം ചെയ്ത്ടുക്കാന്‍ പര്യാപ്തമായ
    പലത്തിന്റെയും പല മുഖങ്ങള്‍ . പക്ഷേ ചിലര്‍ക്ക് അതു ഭ്രാന്തന്‍ ചിന്തകളോ
    കാടത്തമോ , മാനുഷികമായ മൂല്യങ്ങളൊ ആയിരിക്കില്ലെന്നു മാത്രം ...
    നാം ഇന്നലെ കണ്ട പലതും നേരു തന്നെ , മനസ്സിന്റെ തൊന്നലുകള്‍ക്കപ്പുറം
    അതു നേരായി തുടരുമ്പൊഴും ഇന്നിന്റെ കാഴ്ചയില്‍ അതു മറയപെട്ടുപൊയാലും
    നമ്മൊട് സംവേദിച്ച , നമ്മളേ മദിക്കുന്ന ചിലത് , അതിനുത്തരം മനസ്സ്
    തേടി കൊണ്ടിരിക്കും .. പ്രീയ കൂട്ടുകാരന്‍ വരച്ചിട്ട ചിത്രം ചിന്തനീയം ...
    വായിച്ച് കഴിയുമ്പൊള്‍ , ഉള്ളില്‍ എന്തൊ ഒരു മിടിപ്പുണ്ട്
    വേര്‍തിരിച്ചറിയുവാന്‍ കഴിയാത്തൊരു മിടിപ്പ് , എനിക്കിതില്‍ നിന്നും
    നൂറു കഥയെഴുതാന്‍ തൊന്നുന്നു സഖേ , ഹൃദയത്തില്‍ നിന്നും
    അഭിനന്ദനങ്ങള്‍ ................. സ്നേഹപൂര്‍വം

    ReplyDelete
  14. കഥ രണ്ടു തവണ വായിക്കേണ്ടി വന്നു ശെരിക്കും തലയില്‍ കേറാന്‍ ,രണ്ടാം വായന കൂടുതല്‍ ആഴത്തില്‍ കഥയെ മനസ്സിലാക്കാന്‍ സാധിച്ചു ..ബൂലോകത്ത് ഇപ്പോള്‍ കൂടുതലും ഇങ്ങിനെ "ഭാഷ കട്ടികൂടിയ" കഥകളാണ് വരുന്നത് എന്ന് തോന്നുന്നു .

    ReplyDelete
  15. നന്നായി എഴുതി...അഭിനന്ദനങ്ങള്‍...:)

    ReplyDelete
  16. പത്ര വാര്‍ത്തകള്‍ താളം തെറ്റിക്കുന്ന മനസ്സുകള്‍ ..
    ഇന്ന് മിക്ക വാര്‍ത്തകളും ചുവപ്പ് വൃത്തങ്ങളില്‍ അടയാളപ്പെടുത്തെണ്ടിയിരിക്കുന്നു

    പ്രമേയം പുതിയത്, ആഖ്യാനം മികച്ചത്, ഉപയോഗിച്ച ശൈലിയും ഭാഷയും വളരെ നല്ലത്.

    എഴുതുക ... എഴുതിത്തെളിയുക

    ReplyDelete
  17. സുപ്രഭാതം..
    ആവേശത്തോടെയുള്ള വായന നല്‍കി..
    റൈനീ...പറയാതിരിക്കാന്‍ വയ്യ, ഓരോ കഥയിലൂടേയൂം എഴുത്തുകാരന്‍റെ മികവ് തെളിഞ്ഞുകൊണ്ടേയിരിക്കാണ്‍....അഭിനന്ദനങ്ങള്‍...!!

    ReplyDelete
  18. നേരത്തെ വായിച്ചിരുന്നു. കഥ ഇഷ്ടായി.

    ReplyDelete
  19. ആശംസകൾ....ഇതിൽ ഒളിഞ്ഞു കിടക്കുന്ന നിഗൂഡാതകൾ പലർക്കും എന്നപോലെ എനിക്കും മനസ്സിലായില്ല 1,മുറിയിൽ കണ്ട വിത്തുകൾ, 2,പരിണമത്തിന്റെ തുടക്കൊ നെല്ലിമരങ്ങളിൽ നിന്നാണെന്ന കിളവന്റെ ചിന്ത... പിന്നെ കെളവൻ എന്നതിനേക്കാൾ കിളവൻ എന്നല്ലേ നല്ലതു... എന്തായാലുമ്രസകരമായ എഴുത്ത്..........പത്ര വാർത്തകൾ മനുഷ്യനിൽ വരുത്തുന്ന മാറ്റം വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്.........എഴുതുക.ഇനിയും..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. This comment has been removed by the author.

      Delete
  20. കഥ നേരത്തെ വായിച്ചിരുന്നു. അവതരണ ഭംഗി മികച്ച് നിൽക്കുന്നു. വർത്തമാന കാലത്തെ സംഭവവികാസങ്ങൾ ആരെയും ഒരു തരം ഭ്രാന്തിന്റെയവസ്ഥയിലേക്ക് കൊണ്ട് പോവുക തന്നെ ചെയ്യും. ചിലയിടങ്ങളിൽ അല്പം പരത്തിയത് പോലെ തോന്നിയെന്നതൊഴിച്ചാൽ വായനാസുഖം നൽകിയ സൃഷ്ടി. അഭിനന്ദനങ്ങൾ റൈനി.

    ReplyDelete
    Replies
    1. പരത്തി എഴുതിയത് മനപ്പൂർവ്വം തന്നെയാണ്. കാരണം ഈ പരത്തൽ ഈ കഥയിൽ ഇല്ലെങ്കിൽ അത് ഇപ്പോൾ ഉള്ള പരത്തലിനെക്കാൾ ബോറടിയാവും ഉണ്ടാക്കുകയെന്നാണ് ഇതെഴുതുമ്പോൾ എനിക്ക് തോന്നിയത്. കാരണം ഈ കഥയിലെ കെളവനെ ഒരാളായല്ല, പല തരം ചൂഷക വർഗ്ഗത്തെയും അപ്പോൾ തന്നെ ആ ചൂഷണത്തെ അവർ എന്തു രീതിയിലാണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത് എന്നതിനെയും അങ്ങനെ പല കാര്യങ്ങളാണ് കെളവൻ എന്ന കഥാപാത്രത്തിന് നൽകിയത്.ഒപ്പം നെഗറ്റീവ് വാർത്തകളെ ആസ്വദിക്കുന്നവരെയും അത് വായിച്ച് മാനസിക വ്യഥ അനുഭവിക്കുന്നവരെയും പറയാൻ കൂടി ശ്രമിച്ചു. .കഥയാവട്ടെ അപ്പോൾ തന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാനും ശ്രമിച്ചു. ഒരു വമ്പൻ പരീക്ഷണത്തിനൊക്കെ മുതിർന്ന ഒരു അഹങ്കാരം. പിന്നെ ഇതൊക്കെ എത്രത്തോളം വിജയിച്ചു എന്നത് വായനക്കാരന്റെ കമന്റുകളാണ് പറയേണ്ടത് :)

      Delete
  21. കഥയിലെ വ്യത്യസ്തത കുറെ അധ്വാനമുണ്ടാക്കുന്ന വായനയാണ് നല്‍കിയത്. തീര്‍ച്ചയായും ഒരിക്കല്‍ക്കൂടി വായിക്കും...

    നന്നായി എഴുതീട്ടുണ്ട്. നിഗൂഡതകള്‍ അത്ര എളുപ്പമാകാത്തപ്പോള്‍ പോലും...അഭിനന്ദനങ്ങള്‍.

    ReplyDelete
  22. ഞാൻ ഇതു 'ഇ-മഷി' യിൽ വായിച്ചായിരുന്നു
    അതിൽ വായിച്ചപ്പോൾ നീളകുടുത്തൽ പോലെ തോന്നിയായിരുന്നു
    ഇപ്പോൾ വീണ്ടും ഒന്നുംകുടെ വായിച്ചു .ശരിക്കും എനിക്ക് ഇപ്പോലാ വായനാ സുഖം തോന്നിയത്
    ആശംസകൾ

    ReplyDelete
  23. അഭിനന്ദനങ്ങൾ റൈനി.. കഥ നന്നായി പറഞ്ഞു. മനോവിഭ്രാന്തി എന്നത് ഇതെ രീതിയിൽ പറഞ്ഞു വെച്ച കഥകളിലെ സ്ഥിരം കാരക്ടർ അണോന്നൊരു സംശയം..

    ReplyDelete
  24. അകെ കുഴപ്പിച്ച കഥ. നല്ല ഇടിവെട്ട് കഥ.

    http://velliricapattanam.blogspot.in/2013/03/blog-post.html

    ReplyDelete
  25. വായിച്ചിരുന്നു,
    നല്ലൊരു കഥ, കഥ പല തരത്തിൽ നല്ല ഒരു വായന സുഖം നൽക്കുന്നു എന്നതിൽ സംശയമില്ല

    ReplyDelete
  26. ആകാംക്ഷയോടെ വായിച്ചു. റൈനിയില്‍ മൊത്തത്തില്‍ ഒരുമാറ്റം വന്നല്ലോ. എന്തായാലും വ്യത്യസ്ത പുലര്‍ത്തുന്ന ശൈലി നല്ലത് തന്നെ.

    ReplyDelete
  27. നല്ല കഥ തന്നെ - ഒരു നിര്ദേശം .... എഴുത്തുകാരനിലൂടെ നീങ്ങുന്ന കഥ വ്യക്തമാണ് ... " ഞാൻ " എന്ന ആവര്ത്തനം അരോചകമായി തോന്നി . ( എന്റെ അഭിപ്രായം ) . ആശംസകൾ .

    ReplyDelete
    Replies
    1. തീർച്ചയായും തുടരെഴുത്തുകളിൽ ശ്രദ്ധിക്കാം. നന്ദി സ്നേഹിതാ

      Delete
  28. നല്ലൊരു കഥ, ആശംസകൾ

    ReplyDelete
  29. കഥയെഴുതാനറിയാവുന്ന ഒരെഴുത്തുകാരന്റെ സ്പർശം വായനയിൽ ഉടനീളം അനുഭവിക്കാനാവുന്നു. മലയാളകഥയുടെ രൂപഭാവഘടനയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന താങ്കളിൽ നിന്ന് ഇനിയും മികച്ച കഥകൾ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല....

    സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവുന്നു എഴുത്തുകാരന്റെ മനസ്സ്. നമ്മുടെ കാലത്തെ വാർത്തകൾ ജാഗരൂകമായ മനസ്സുകളെ താളം തെറ്റിക്കുന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.....

    വിഷയത്തോടുള്ള സമീപനത്തിൽ വ്യത്യസ്ഥത കൊണ്ടുവരാനായതാണ് ഈ കഥയുടെ ഏറ്റവും വലിയ മികവ്.....

    ReplyDelete
  30. കമന്റ്സ് വായിച്ചു കഥ വായിച്ചപ്പോൾ കൂടുതൽ മനസ്സിലാക്കി വായിച്ചു. നല്ല അവതരണം

    ReplyDelete
  31. ഈ മഷിയിൽ വായിച്ചപ്പോൾ പല പ്രയോഗങ്ങളും മനസിലായില്ലായിരുന്നു .. ഇവിടെ കമെന്റുകളും ചേർത്ത് വായിച്ചപ്പോഴാണ് തലയിൽ കേറിയത് .. ഉപയോഗിച്ച ശൈലി നന്നായി..

    അഭിനന്ദനങ്ങൾ ..

    ReplyDelete