Wednesday, April 24, 2013

റഹബ – പിശാചിന്റെ പുത്രി



സ്വപ്നങ്ങൾ മരവിച്ച മനസോടെ മുറിയിലെ അലമാരച്ചില്ലിലെ സ്വന്തം പ്രതിരൂപം നോക്കി നിൽക്കുകയാണ് റഹബ. ഏറെ നേരം നോക്കിനിന്നതിനു ശേഷവും ഒരല്പം പോലും സൌന്ദര്യം  ശരീരത്തിൽ ഒരിടത്തും കാണാൻ കണ്ടെത്താനാവുന്നില്ലെന്ന ചിന്ത അവളിൽ വല്ലാത്തൊരു വേദനയുണർത്തിയിട്ടുണ്ടെന്ന് തോന്നുന്നു.

ഒരുപക്ഷെ നാടും വീടും തനിക്കെഴുതി തന്ന നാമം സത്യമായിരിക്കുമെന്ന് നിമിഷത്തിൽ തോന്നിപ്പോയി. “ബിന്ദുൽ ശൈത്വാൻ”, ജനിച്ച നാൾ മുതൾ കേൾക്കുന്ന പദം.

വേദനപ്പെട്ട മനസോടെ സ്വയം ശപിച്ചുകൊണ്ട് മുറിയിൽ ജനല്പാളികൾക്കരികിലേക്ക് നീങ്ങി എന്തിനെന്നില്ലാതെ പുറത്തെ മണൽപ്പരപ്പിലേക്ക് മിഴിനീട്ടി നിന്നു റഹബ.

താഴെ നടക്കുന്ന വിവാഹാഘോഷത്തിന്റെ ബഹളം ഇപ്പോൾ അവളുടെ കാതുകളിൽ വന്നു തറക്കുന്നില്ല. നീണ്ടു നിവർന്നു മണല്പുതഞ്ഞു കിടന്ന മരുഭൂമിയിൽ ആരോ കുത്തിവെച്ചതുപോലെ തലയുയർത്തി നിന്ന മൂന്ന് കല്ലുകളുടെ ചരിത്രം തേടുകയായിരുന്നു അവളുടെ മനസ്സ്.

പൊടിക്കാറ്റുകളിൽ മണലരിച്ചു നടന്ന് വഴി തെറ്റിക്കാറുള്ള മരുഭൂവിൽ ദൂരയാത്രകൾ ചെയ്യുന്ന, കച്ചവടക്കാരനായ തന്റെ പിതാവിനും ഏറെ മുൻപേ യാത്ര ചെയ്തവർ വഴിക്കല്ലുകളായി നാട്ടി വെച്ചതാവാം അതെന്ന് തോന്നി, അല്ലെങ്കിലൊരു പക്ഷെ പണ്ടെന്നോ ജീവിച്ചു മരിച്ച പുണ്യാത്മാക്കളുടെ മീസാൻ കല്ലുകളാവാം. അവളോർത്തു.

ഒന്നുമല്ല റഹബാ.. നിന്റെ ചിന്തകൾക്കും എത്രയോ അകലത്തിലാണ് പ്രകൃതിയുടെ ഓരോ ചലനവും എന്ന് നിനക്കറിയാമോ? ഒരു മണൽത്തരിക്കു പോലും എത്രയോ ജോലികൾ ഭൂമിയിൽ ചെയ്തു തീർക്കാനുണ്ട് എന്നതാണ് സത്യം. അതുപോലെ മൂന്ന് കല്ലുകൾക്കും പ്രത്യേകമായൊരു ജോലിയുണ്ട്. നിനക്കിപ്പോളും അതറിയില്ലെന്നാണോ? മനുഷ്യ വർഗ്ഗത്തെയും ഭൂതവർഗ്ഗത്തെയും വേർതിരിക്കുന്ന ജോലിയാണ് കല്ലുകളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്.“

ജനല്പാളികളിലൂടെ വന്ന് അവളുടെ നിറമിഴികൾ തഴുകിയ കാറ്റ് അവളുടെ കാതിൽ ചൊല്ലുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ ചിന്തകൾ മനുഷ്യരിൽ നിന്നും ജിന്നുകളിലേക്ക് വഴിമാറി നടക്കുവാൻ പിന്നെ ഏറെ താമസമുണ്ടായതേയില്ല.

 എന്നെങ്കിലും ശപിക്കപ്പെട്ട ജന്മത്തിന് മോക്ഷം ലഭിച്ചേക്കുമെന്ന് അവൾ വെറുതെ ചിന്തിച്ചു. തന്റെ വികൃതമായ ഇരുണ്ട ശരീരത്തിനകത്തെ തെളിഞ്ഞ വെള്ളം പോലെ പ്രതിഫലിക്കപ്പെടുന്ന മനസിലെ പ്രണയം തേടി ജിന്നുകളുടെ രാജകുമാരൻ അരികിലണയുന്നത് അവൾ സ്വപ്നം കണ്ടു.

നിലാവു കെട്ടുപോയ അമാവാസി രാത്രിയുടെ കറുത്ത മറയിൽ, ഉമ്മിയും അബ്ബായുമൊത്തുള്ള മരുയാത്രക്കിടെ, പേരുകൊണ്ടു കുപ്രസിദ്ധമായ ഏകാന്ത മരുഭൂവിൽ, ഒട്ടക്കപ്പുറത്ത് വിരിക്കപ്പെട്ട ചുവന്ന കമ്പിളിപ്പുതപ്പിൽ ജന്മം കൊണ്ടതിനാൽ ഒട്ടകത്തോളം ഉയരം കൂടിയവൾ, രാവിന്റെ ഇരുൾ വർണ്ണം നൽകപ്പെട്ടവൾ, ആൾക്കൂട്ടങ്ങളിലും ഏകാന്തവാസം വിധിക്കപ്പെട്ടവൾ, അവളാകുന്നു റഹബ, അവളെത്തേടി ജിന്നുകളുടെ രാജകുമാരൻ അണയുകയോ?
 
കണ്ടുപോയ ദിവാസ്വപ്നത്തിലെ അപാകതകളെക്കുറിച്ച് ബോധ്യം വന്നപ്പോൾ അവൾക്ക് സ്വയം പരിഹാസവും സങ്കടവും തോന്നി.

എന്തിനെന്നറിയാതെ, അലസമായി മുറിക്കു പുറത്തിറങ്ങി ഗോവണിപ്പടികളോരോന്നായി ചവിട്ടിയിറങ്ങി. അവസാന പടി ചവിട്ടിയിറങ്ങും മുൻപ് തന്നെ ഉമ്മി വേവലാതിയോടെ അരികിലേക്കോടിയെത്തി.

റഹബാ.. നീയെന്തിനാണിപ്പോൾ മുറി വിട്ട് പുറത്തിറങ്ങാനൊരുമ്പെടുന്നത്ഇന്ന് നിന്റെ അനിയത്തിയുടെ വിവാഹദിനമാണെന്ന കാര്യം നീ ഓർക്കാത്തതെന്താണ്മകളേ.. നിന്റെ ജീവിതം പോലെ മറ്റുള്ളവരുടെ ജീവിതവും ഉരുകിത്തീരുന്നത് കാണാനാണോ നീയാഗ്രഹിക്കുന്നത്?“

ഒന്നും പറഞ്ഞില്ല, ദയനീയമായി ഉമ്മിയുടെ മുഖത്തേക്ക് നോക്കി റഹബ.

മുറിയിലേക്ക് നടന്നേക്കൂ, നിനക്ക് വേണ്ടത് എന്താണെങ്കിലും അവിടെ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുന്നുണ്ട് ഞാൻ.”

ഉമ്മിയുടെ വാക്കുകൾ കല്പനയായിരുന്നോ, അപേക്ഷയായിരുന്നോ എന്ന് മനസിലായില്ല, ഒരക്ഷരം ഉരിയാടാതെ നടന്നിറങ്ങിയ പടവുകൾ ചവിട്ടിക്കയറി. മുറിയിലെത്തിയതും ഉള്ളിൽ വിങ്ങിക്കെട്ടിയ കാർമേഘം വർഷിച്ചു തലയിണകളെ കുളിപ്പിച്ചു.
ശപിക്കപ്പെട്ട ജന്മം തന്നെയാണ് തന്റേതെന്ന സത്യം ചെറുപ്പത്തിലെ മനസിലാക്കിയിട്ടുള്ളതാണ്. എന്നിട്ടും ചിലപ്പോളെങ്കിലും ബോധം, അറിയാതെ മനസിൽ നിന്നെങ്ങോട്ടോ ഒഴുകിപ്പോകും.
 അവൾ വീണ്ടും വീണ്ടും തന്റെ മനസിനോട്  വേദനയോടെ മന്ത്രിച്ചു. പിശാചിന്റെ പുത്രിയാണ് നീ.. പിശാചിന്റെ പുത്രി..

സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ കൊണ്ട് മാത്രം പിശാചിന്റെ താഴ്വര എന്നറിയപ്പെടുന്ന ഏകാന്ത മരുഭൂവിൽ പിറവി കൊണ്ടവരെല്ലാം പിശാചിന്റെ പുത്രിമാരാണ് എന്നത് വെറും അന്ധവിശ്വാസമാണെന്ന് തനിക്ക് മാത്രം അറിയാവുന്ന നഗ്നസത്യമാണെന്ന് അവളോർത്തു. അനുഭവിക്കപ്പെടുന്നവർക്കേ മാത്രമേ സത്യത്തെ തിരിച്ചറിയാനാവൂ.

പിശാചിന്റെ പുത്രിമാരിൽ ഏറ്റവും വെറുക്കപ്പെട്ടവൾ താനായിരിക്കുമെന്ന് അവൾക്ക് തോന്നി. മറ്റുള്ളവരെപ്പോലെയല്ല, രൂപം കൊണ്ടും താനൊരു പിശാചിനിയാണെന്ന സത്യം അലമാരയിലെ പ്രതിബിംബം അവളെ മനസിലാക്കി കൊടുത്തിട്ടുണ്ട്.

ലോകം മുഴുവൻ എന്തു പറഞ്ഞാലും എന്തു തന്നെ വിളിച്ചാലും  സഹിക്കാനുള്ള ശക്തിയുണ്ട് അവൾക്ക്. എന്നാൽ ജന്മം നൽകിയ  മാതാപിതാക്കളിൽ നിന്നും പിശാചിന്റെ പുത്രിയെന്ന വാക്കു കേൾക്കുന്നതിനേക്കാൾ ഭേദം തിളച്ചു മറിയുന്ന എണ്ണച്ചട്ടിയിലേക്ക് എടുത്തെറിയപ്പെടുന്നതാണെന്ന് പലപ്പോളും അവൾക്ക് തോന്നിയിട്ടുണ്ട്.

ഹേ, ബുദ്ധികെട്ട മനുഷ്യക്കോലങ്ങളേ, നിങ്ങളുടെ അനാചാരങ്ങളും ഇരുണ്ട നിയമങ്ങളും ഞാൻ ഇതാ ഇന്ന് ഇവിടെ ഉപേക്ഷിച്ചു കളയുന്നു. കൂർത്ത കല്ലുകൾ വാരി നിങ്ങൾക്കെന്നെ എറിയാം, കയ്യും കാലും ചങ്ങലകളാൽ ബന്ധിച്ച് നിങ്ങൾക്കെന്നെ അഗ്നിയിലെറിയാം. എന്നാൽ പോലും ഇപ്പോൾ നിങ്ങളെനിക്ക് നൽകിക്കൊണ്ടിരിക്കുന്ന ശിക്ഷകളുടെ ഒരംശം പോലും അതാവുകയില്ല.“
ഭൂമിയുടെ ഏറ്റവും ഉയരത്തിൽ കയറി നിന്ന് ഉറക്കെ വിളിച്ചു പറയുവാൻ അവളുടെ മനസു കൊതിച്ചു. എന്നാൽ അത്, സ്വന്തം വീടിനകത്ത് പോലും ശകുനപ്പിഴയായി, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവളുടെ കൊതി വെറും അതിമോഹമെന്ന് ചിന്ത അവൾക്കില്ലാതെയൊന്നുമായിരുന്നില്ല.

മുറിയുടെ വാതിൽ തുറക്കപ്പെടുന്ന ശബ്ദം കേട്ട് മുഖമുയർത്തി നോക്കി. ഖദീജയാണ്.. വീട്ടിലെ ജോലിക്കാരി. ഈ ലോകത്തിൽ അവളെ അല്പമെങ്കിലും മനസിലാവുന്ന രേ ഒരാൾ.

ഭക്ഷണപ്പാത്രം മേശപ്പുറത്തെ വെച്ച് അവർ അവൾക്കടുത്തേക്ക് നടന്നു. അവളുടെ മുടിയിഴകളിലൂടെ തലോടി അവരവളെ വിളിച്ചു.

മോളേ..“
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. സ്വന്തം മാതാവിൽ നിന്നും ലഭിക്കാതെ പോവുന്ന സ്നേഹം ഖദീജയിലൂടെ അവളറിയുന്നുണ്ട്.
ഒരേ വണ്ടിക്ക് കെട്ടാവുന്ന കാളകളെപ്പോലെയാണവര്.. ബന്ധനങ്ങളുടെ രണ്ടു പര്യായങ്ങൾ. ഒന്ന് അടുപ്പും അടുക്കളയുമാണെങ്കിൽ മറ്റൊന്ന് മടുപ്പും ഏകാന്തതയുംഅവർക്ക് പരസ്പരം മനസിലാവാതിരിക്കാൻ തരമില്ലല്ലോ.

പാത്രത്തിൽ നിന്നും ഖദീജ ഒന്നരവയസുകാരിയായ ഒരു കുഞ്ഞിനെപ്പോലെ അവളെ ഊട്ടി. ഭക്ഷണം കൊടുത്ത് പാത്രവുമെടുത്ത് അവർ അടുക്കളയുടെ തിരക്കുകളിലേക്ക് നടന്നു. റഹബ വീണ്ടും ഏകാന്തതയുടെ കാവൽക്കാരിയാക്കപ്പെടുകയും ചെയ്തു.

രാത്രി ഏറെ വൈകിയിട്ടും അവൾക്കുറക്കം വന്നതേയില്ല, ജനല്പാളികൾ തുറന്ന് അവൾ പുറത്തേക്ക് നോക്കി. ഇരുട്ടിലും മൂന്ന് കല്ലുകൾ അവ്യക്തമായി അവൾക്ക് കാണാൻ കഴിഞ്ഞു. അവ തന്നെ മാടി വിളിക്കുന്നത് പോലെ അവൾക്ക് തോന്നി. മനുഷ്യരുടെ, ഒറ്റപ്പെട്ട ലോകത്ത് നിന്നും ജിന്നുകളുടെ സുന്ദരലോകത്തിലേക്കെത്താൻ അവളുടെ മനസു കൊതിച്ചു.
ഒരു സ്വപ്നത്തിലെന്ന പോലെ അവളുടെ കൈക മുറിയിലെ വാതിലിന്റെ സാക്ഷയിലേക്ക് നീണ്ടു. മുറി തുറന്ന് കോണിപ്പടികളിറങ്ങി അവൾ മണൽപ്പരപ്പിലൂടെ മൂന്നുകല്ലുകളെ ലക്ഷ്യമാക്കി നടന്നു.
മൂന്ന് കല്ലുകൾക്കടുത്തെത്തിയ അവൾ ചുറ്റിലും ആരെയോ തിരഞ്ഞു. സ്ഥലം ശ്യൂന്യമാണെന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു ഭാവപ്പകർച്ചയുണ്ടാക്കി. അവൾ ഉറക്കെ ഉറക്കെ ആരെയോ വിളിച്ചു നടന്നു.

ഹേ, സ്വപ്നങ്ങളുടെ കൊട്ടാരത്തിലെ രാജകുമാരിയാവാൻ എന്നെ വിളിച്ചവനെ, എന്തിനെന്നെ ഇനിയും പരീക്ഷിക്കുന്നു. ഇനിയും പിടിച്ചു നിൽക്കുവാൻ ഈയുള്ളവൾക്ക് കഴിയില്ല. ഇനിയൊരു തിരിച്ചു പോക്കും റഹബക്ക് ഇവിടെ നിന്നും ഉണ്ടാവുകയില്ല. അരികിൽ വരൂ.. എന്റെ ഹൃദയത്തിന്റെ തന്ത്രികൾ ഓരോന്നായി തകരുന്നത് അങ്ങ് കാണുന്നില്ലെന്നാണോ?“

ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പിക്കൊണ്ടിരുന്നുഏറെ നേരത്തെ തേടലുകൾക്ക് ശേഷം നിരാശയായ അവൾ മൂന്ന് കല്ലുകളിലെ നടുക്കല്ലിൽ തലചേർത്തു വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. പെട്ടെന്ന് സങ്കടം അടങ്ങാത്ത പകയായി രൂപാന്തരപ്പെട്ട നിമിഷത്തിൽ തന്റെ തല നടുക്കല്ലിൽ ആഞ്ഞടിച്ചു തകർക്കുവാനാഞ്ഞു . ശ്രമത്തിൽ നിന്നും പെട്ടെന്നുണ്ടായ ബോധോദയത്തിൽ എന്ന പോലെ പിന്മാറിക്കൊണ്ട് അവൾ പിറു പിറുത്തു.

ഇല്ല, റഹബ ഭീരുവല്ല, ധീരയാണ്. ഞാൻ ജീവിക്കുക തന്നെ ചെയ്യും, ഒരാൾക്കും തകർക്കാനാവാത്ത കട്ടിയുള്ളൊരു മനസ് ഞാനുണ്ടാക്കിയെടുക്കും. ഇനി പിറക്കാനിരിക്കുന്ന പിശാചിന്റെ പുത്രിമാർക്ക് വേണ്ടി ഞാൻ ജീവിക്കും. അവരുടെ നീറ്റലും വേദനയും എന്റേതാക്കി ഞാനവർക്കു തുണയാവും.“

പെട്ടെന്ന് വീശിയടിച്ച കാറ്റിൽ മണൽ തരികളുയർന്നു. അവ റഹബയുടെ ചുറ്റും വലം വെച്ചുകൊണ്ടു കൊണ്ടിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.

ഇല്ല റഹബാ, നീ ചിന്തിക്കുന്നതൊന്നും നടക്കാൻ പോകുന്നില്ല, നീ കരുതിയാലും ഇല്ലെങ്കിലും, റഹബ എന്ന മനുഷ്യപുത്രി ഇന്ന് ഇവിടെ അവസാനിക്കുകയാണ്. നീ ജന്മം കൊണ്ടത് മണൽതരികളിൽ നിന്നാണ്. നിന്നെ ജനിപ്പിച്ചതും നിന്റെ വിശപ്പടക്കിയതും നിന്നെ സ്നേഹിച്ചതും ഒന്നും മറ്റാരുമായിരുന്നില്ല, ഞാൻ തന്നെ, ഭൂമി. എന്നിൽ നിന്നും തുടങ്ങിയ നിന്റെ യാത്ര ഇന്ന് എന്നിൽ അലിഞ്ഞ്  അവസാനിപ്പിക്കുക തന്നെ വേണ്ടി വരും.“

മണൽതരികൾ സംസാരിക്കുന്നത് അവൾ വ്യക്തമായി കേട്ടു. കാറ്റിനു ശക്തികൂടി വന്നു. ത് അല്പ നേരത്തേക്ക്  റഹബയിൽ നിന്നും എന്റെ കാഴ്ച മറച്ചു പിടിച്ചു. മണൽതരികളടിച്ച് എന്റെ മിഴികളടപ്പിച്ചു.

കാറ്റും കോളും അടങ്ങിയ നേരത്ത് എന്റെ കണ്ണുകൾക്ക് മുൻപിൽ റഹബ ജീവനില്ലാത്തെ വെറും ഉടലായി വിറങ്ങലിച്ചു കിടക്കുകയായിരുന്നു.
***

റഹബയുടെ മരണ (കഥക്ക്) ശേഷം:-

പലപ്പോളായി എന്റെ സ്വപ്നത്തിൽ വന്നു തന്റെ ജീവിത കഥ പകർന്ന റഹബയെ അന്വേഷിച്ചു ഞാൻ നടന്നു. മൂന്ന് കല്ലുകൾ കുത്തിവെച്ച മരുഭൂമി മാത്രമായിരുന്നു അവൾ ആകെ തന്റെ പ്രദേശത്തെ കുറിച്ച് തന്ന രൂപരേഖ. വർഷങ്ങളോളം മരുഭൂവിൽ മൂന്ന് കല്ലുകൾ നാട്ടിവെച്ച പ്രദേശം തേടി ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്നു. പലപ്പോളും നിരാശയായിരുന്നു ഫലം.

ഇന്ന് അജ്ബാനിലെ മസ്ജിദിൽ വെച്ചു പരിചയപ്പെട്ട വൃദ്ധനിൽ നിന്നും എനിക്ക് റഹബയുടെ സ്ഥലം ഇവിടെ അടുത്ത് തന്നെയാണെന്ന ഒരേകദേശ ധാരണ കിട്ടിയിട്ടുണ്ട്. എന്നാൽ മണല്പുതഞ്ഞ് കല്ലുകൾ ഒരുപക്ഷെ ഭൂമിക്കടിയിൽപ്പെട്ടു പോയിരിക്കാമെന്ന് അയാളെന്നെ ഓർമ്മിപ്പിച്ചു.

അയാളുടെ അറബി ഭാഷ എനിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് കൊണ്ട് തന്നെ അയാൾ പറയുന്നതിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ മനസിലാക്കാനായുള്ളൂ.

റഹബ എന്ന പേര് അവൾക്ക് ഞാൻ നൽകിയതിനാൽ റഹബയുടെ ജീവിത കഥ ഞാൻ അയാളെ പറഞ്ഞു കേൾപ്പിച്ചുകൊണ്ട് ചോദിച്ചു.

ഇങ്ങനെ ഒരു സ്ത്രീയെക്കുറിച്ച് അങ്ങേക്കറിയാമോ?“
അയാൾ ഏറെ നേരം ചിന്തിച്ചിരുന്നതിനാൽ എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.

ഇടക്ക് അത്യാഹ്ലാദത്തോടെ അയാൾ പറഞ്ഞു.

താങ്കൾ പറഞ്ഞ സ്ത്രീയാണോ എന്നറിയില്ല, ഏതാണ്ട് ഇതേ പോലെ ഒരു സ്ത്രീ ഇവിടെ ജീവിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത് വളരെ പണ്ടാണ്. എന്റെ വല്യുപ്പാപ്പയുടെയും മുൻപത്തെ തലമുറയായിരിക്കും അത്. എന്നുവെച്ചാൽ കുറഞ്ഞത് ഇരുനൂറ്റി അൻപത് വർഷം മുൻപ്.“

പൂർവ്വികരിൽ നിന്നും കേട്ടറിഞ്ഞ കഥകൾ അയാൾ എന്നോട് പറഞ്ഞു.

സത്യം,  അത് റഹബയാണ്. എത്ര കൃത്യതയോടെയാണ് ഓരോ കാര്യങ്ങളും അയാൾ പറഞ്ഞുവെച്ചത്.

അയാളോട് യാത്ര ചൊല്ലി നടന്നത് മരുഭൂമിയിലേക്കായിരുന്നു. പ്രദേശത്തെ ഓരോ മണൽതരിയും രിച്ചു പെറുക്കുകയാണ് ഞാൻ ഇപ്പോൾ.

ഒരുപാട് തേടി നടന്നതിനവസാനം മൂന്ന് കല്ലുകൾ ഇതാ എന്റെ മുന്നിൽ നിൽക്കുന്നു. ഒരു മണൽക്കാറ്റിനും ല്ലുകളെ മണൽത്തട്ടിനടിലേക്ക് താഴ്ത്തിക്കളയുവാനായിട്ടില്ല.

മൂന്ന് കല്ലുകൾക്ക് മുൻപിൽ മരണ സമയത്ത് റഹബ ഇരുന്നത് പോലെ തന്നെ ഞാൻ ഇരുന്നു.

അവിടെ ഞാൻ റഹബയെ കാണുകയായിരുന്നു. അവളുടെ അവസാന നിമിഷങ്ങൾ മണൽതരികൾ മറച്ചു പിടിച്ച രംഗം എനിക്കു മുൻപിൽ തെളിഞ്ഞു വന്നു.

ചുറ്റും കാറ്റിന് ശക്തി വർദ്ധിച്ചു. മണൽതരികൾ ഇളകി ചിരിച്ചു. ഈ കാറ്റിന്റെ ലക്ഷണം എന്താണെന്ന് എനിക്ക്  മനസിലാവുന്നതേയില്ല.

ഞാൻ മെല്ലെ എഴുന്നേറ്റു. യാന്ത്രികമായി എന്റെ കൈകൾ അടുത്തു കിടന്ന ഒരു കല്ലിലേക്ക് നീണ്ടു. ആരോ എന്റെ കൈപിടിച്ചു ചെയ്യിക്കുന്നത് പോലെ കല്ല്കൊണ്ട് ഞാൻ മൂന്നുകല്ലുകളിലെ  നടുക്കല്ലിനെ തട്ടിക്കൊണ്ടിരുന്നു. ഒരു മണിക്കൂറിനകം തന്നെ കല്ല് ഒരു മീസാൻ കല്ലിന്റെ രൂപമായി വന്നു. യാന്ത്രികമായി തന്നെ അല്പനേരത്തേക്ക് എന്റെ കൈകളുടെ ചലനം നിലച്ചു. എനിക്ക് അൽഭുതം തോന്നി.

വീണ്ടും എന്റെ കയ്യിലെ കല്ല് മീസാൻ കല്ലിന്റെ പ്രതലത്തിലേക്ക് നീണ്ടു. ഒരു യന്ത്രം പോലെ അത് കല്ലിന്റെ പ്രതലത്തിൽ കല്ലുകൊണ്ട് കൊത്തിക്കൊണ്ടിരുന്നു. അല്പ സമയത്തിനുള്ളിൽ തന്നെ കല്ലിൽ അറബി ഭാഷയിൽ ഒരു വാചകം പതിഞ്ഞു കഴിഞ്ഞിരുന്നു.

എനിക്കൽഭുതം വർദ്ധിച്ചുഎന്റെ പേര് അറബി ലിബിയിൽ എഴുതാൻ ഏറെ ശ്രമിച്ചിട്ടും പരായപ്പെട്ട കാര്യം എനിക്കോർമ്മ വന്നു.

വായിക്കാൻ കഴിഞ്ഞില്ലെങ്കിലും വാചകം ഞാൻ ഏറെ നേരം നോക്കി നിന്നു.

എനിക്ക് ചിരി വന്നു.

ഏയ് കള്ളീ, നാളത്തെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ നീയെന്നെ കൂട്ട് പിടിക്കുകയായിരുന്നു അല്ലെ?“    ഞാൻ ചിരിച്ചു.

നിന്റെ ഇല്ലാത്ത കഥകൾ നാളെ ഒരു ചരിത്രമായി എഴുതപ്പെട്ടേക്കാം.അങ്ങനെ  നീ ഇനി വീണ്ടും ഭൂമിയിൽ പിറവി കൊള്ളും. വേണം റഹബാ, നീ ഇനിയും പിറവി കൊള്ളണം. പിശാചിന്റെ പുത്രിയായല്ല, മനുഷ്യപുത്രിയായി, മണ്ണിന്റെ സ്നേഹം മനസിലുള്ളൊരു സ്നേഹപുത്രിയായി മാത്രം!

ഞാൻ എഴുന്നേറ്റ് നടന്നു. ഒരു അന്വേഷണം പൂർത്തിയായിരിക്കുന്നു. നാട്ടിലേക്കുള്ള എന്റെ യാത്രക്ക് അധിക ദിവസങ്ങൾ അവശേഷിക്കുന്നില്ല. പുതിയ അന്വേഷണങ്ങൾ തുടങ്ങുന്നത് വരെ വിശ്രമിക്കാനുള്ള അതിയായ ആഗ്രഹത്തോടെ, ഒരന്വേഷണത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന്റെ നിർവൃതിയോടെ ഞാൻ എന്റെ യാത്രക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നു.
***

26 comments:

  1. പിശാചിന്റെ പുത്രിയുടെ കഥ ഇഷ്ടമായി രഹബായുടെ നൊമ്പരങ്ങള്‍ വല്ലാതെ ഹോണ്ട് ചെയ്യുന്നു. നല്ല കഥ. ആശംസകള്‍.

    ReplyDelete
  2. കഥ വായിച്ചു
    റഹബ എന്നത് ആരായിരുന്നു?
    എന്തെങ്കിലും കഥകളെയോ ഐതിഹ്യത്തെയോ ആസ്പദമാക്കി എഴുതിയതാണോ?
    മണല്‍ത്തരികള്‍ സംസാരിക്കുന്നതൊക്കെ വായിച്ചപ്പോള്‍ കോയലോയുടെ ആല്‍കെമിസ്റ്റ് ഓര്‍മ്മ വന്നു.

    ഇനിയും വരാം. ഇനിയും വായിയ്ക്കേണ്ടിയിരിയ്ക്കുന്നു

    ReplyDelete
    Replies
    1. സന്തോഷം,വായനക്ക് നന്ദി അജിത്തേട്ടാ,
      റഹബ ഒരു ഐതിഹ്യമോ പാടിപ്പറഞ്ഞിരുന്ന കഥയോ അല്ല, വെറുമൊരു ഭാവന മാത്രം.

      Delete
  3. മനോഹരം... ആശംസകൾ.. പിശാചിന്റെ പുത്രിയൊ മനുഷ്യ പുത്രിയൊ.. നമ്മുക്ക് ചുറ്റും ഇത്തരം പുത്രിമാരെ കാണാം.. ഒരുപക്ഷെ അവരെ നമ്മളറിയാൻ ശ്രമിക്കാറുമില്ലാ..

    ReplyDelete
  4. rainy ... നിങ്ങൾ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു . എന്തൊരു ചടുലതയാണ് കഥയ്ക്ക് ... (ചില ഭാഗങ്ങൾ വായിച്ചിട്ടും ഇപ്പോഴും മനസിലാക്കാൻ എന്റെ ബുദ്ധിക്ക് സാധിച്ചിട്ടില്ല ); ഒന്നൂടെ വായിക്കട്ടെ .
    നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ്‌ ....... വളരെ മികച്ച എഴുതുകാരൻ

    ReplyDelete
  5. ഏതോ അറേബ്യൻ നാടോടിക്കഥയിലെ സങ്കൽപ്പമാണ് റഹബ എന്ന രീതിയിൽ വായിച്ചു തീർത്തപ്പോഴാണ് അതൊരു ഭാവനാസൃഷ്ടിയാണെന്ന കഥാകാരന്റെ വിശദീകരണം കാണുന്നത്..... അതോടെ ഈ കഥയെക്കുറിച്ചും, അതെഴുതിയ കരവിരുതിനെക്കുറിച്ചും എനിക്കുള്ള ആദരവ് ഇരട്ടിയാവുന്നു.....

    കഥ നീണ്ടുപോവുമ്പോഴും പതറാതെ സൂക്ഷിച്ച കൈയ്യടക്കം തന്നെ ഈ കഥയിലെ ഏറ്റവും ശ്രദ്ധേയമായത് .....

    ReplyDelete
  6. ഹബയുടെ കഥ...!!!
    അതെ.. റഹബയ്ക്ക് മണ്ണിന്‍റെ സ്നേഹം മനസ്സിലുള്ള
    മനുഷ്യപുത്രിയുടെ പുനര്‍ജന്മം ആശംസിക്കുന്നു.

    അഭിനന്ദനങ്ങള്‍

    ReplyDelete
  7. എഴുത്ത് മികച്ചത്

    കുപ്രസിദ്ധമായ മരുഭൂമിയില്‍ ഒട്ടകപ്പുറത്തു ജന്മം കൊണ്ട ഇരുളിന്റെ നിറമുള്ള വിരൂപിണി..

    പിശാചിന്റെ പുത്രിയെന്നും ശപിക്കപ്പെട്ടവളെന്നും സ്വന്തം മാതാപിതാക്കള്‍ പോലും കരുതിയവള്‍...

    അടഞ്ഞ വാതിലുകള്‍ക്ക് പുറകില്‍ ആസ്തിത്വത്തെ സ്വയം ചോദ്യം ചെയ്തുകൊണ്ടും സംഭവിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത മായിക സ്വപ്ന ലോകത്ത് സഞ്ചരിച്ചും ഉരുകി തീര്‍ന്ന റഹബ മനസ്സില്‍ ഒരു നോവാവുന്നു. ഭാഷയും ആഖ്യാനത്തിലെ വേറിട്ട ശൈലിയും ചാരുത നല്‍കുന്ന നല്ല കഥ.

    ReplyDelete
  8. രൈനീ ഇനിയും വായിക്കേണ്ടിയിരിക്കുന്നു ... നമുക്കോ സമയക്കുറവും .... ശെരിക്കു മനസ്സിലായില്ല . മുകളിലെ വിശദീകരണങ്ങളിൽ തൃപ്തനും അല്ല .

    ReplyDelete
  9. ഭാവനയുടെ ചിറകിൽ
    ഒരു നല്ല ചിത്രം കണ്ടു,
    അഭിനന്ദനങ്ങൾ .....

    ReplyDelete
  10. ആകാംക്ഷാഭരിതമായ രചന. ഇതിൽ ദു:ഖവും, പ്രണയനൈരാശ്യവും, അപകർഷതാബോധവും എല്ലാം അടങ്ങിയിട്ടുണ്ട്‌. ആശംസകൾ

    ReplyDelete
  11. പാവം രഹബ.
    ശരിക്കും സംഭവം പോലെ തന്നെ എഴുതിയിരിക്കുന്നു.
    സ്നേഹിക്കപ്പെടാന്‍ ആര്‍ക്കാണ് കൊതിയില്ലാത്തത്.
    മനോഹരം.

    ReplyDelete
  12. മനോഹരമായ ഭാഷയാണ് കഥയിലുടനീളം.

    തിരസ്കരിക്കപ്പെട്ട അല്ലെങ്കില്‍ വിഭ്രാന്തിയില്‍ അകപ്പെട്ട നായികാ കഥാപാത്രത്തിന്റെ മനോ വിചാരങ്ങളിലൂടെയുള്ള കഥാകാരന്റെ യാത്ര അത്ഭുതാവഹമാണ്. കാല്പനിക ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകാനുള്ള റെയ്നിനിയിലെ ക്രാഫ്റ്റ്മാന്‍റെ നൈപുണ്യം മുന്‍പും കണ്ടിട്ടുള്ളതാണ് എങ്കിലും അത് ഏറ്റം അനുഭവ വേദ്യമായത് ഈ കഥയിലാണ്.

    കഥക്കുള്ളില്‍ ഒരു കഥയില്ല എന്ന് വായനക്കിടെ തോന്നിയിരുന്നു അതുകൊണ്ടുതന്നെയാണ് പ്രമേയത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാത്ത മികച്ച കൈയ്യടക്കം ആദ്യാവസാനം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞതും.

    അഭിനന്ദനങ്ങള്‍ സുഹൃത്തേ......

    ReplyDelete
  13. മനോഹരമായ കാല്പനിക ചിത്രങ്ങള്‍ സമ്മാനിച്ച കഥ. നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍ .......

    ReplyDelete
  14. വിരൂപിയായ ഒരുവളുടെ ആത്മ സംഘർഷങ്ങളിലൂടെ വായനക്കാരനെ കൈപിടിച്ചു കൊണ്ടുപോകുന്ന അവതരണം. നല്ല കയ്യടക്കം. അഭിനന്ദനങ്ങൾ..
    "ഏയ്‌ കള്ളീ..." എന്നുതുടങ്ങുന്ന വാചകം അതുവരെയുള്ള കഥയുടെ ഭാഷയോടു യോജിക്കാത്ത പോലെ.

    ReplyDelete
  15. രഹബയെ സ്നേഹിച്ചു പോകുന്നു ! ,സൗന്ദര്യമാണു സ്നേഹിക്കപ്പെടാനുള്ള യോഗ്യതയെന്നു വിശ്വസിക്കുന്നവരുടെ ലോകത്തിന് അവളുടെ മനസ്സ് അറിയില്ലല്ലോ ,എല്ലാ ആശംസകളും .

    ReplyDelete
  16. കുറെ അറബിക്കഥകൾ വായിച്ചത് കൊണ്ടാണന്നു തോന്നുന്നു
    ഒരു അറബിക്കഥയുടെ ടെച്ചു തോന്നി
    നല്ല കഥ
    ആശംസകൾ
    ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു

    ReplyDelete
  17. മനോഹരമായി കഥ പറഞ്ഞു.റഹബ ഒരു നൊമ്പരമായി മനസ്സില്‍ പതിഞ്ഞു.

    ReplyDelete
  18. തലക്കെട്ട് കണ്ടപ്പോള്‍ തന്നെ പേടിയാകുന്നു . ഞാന്‍ നാളെ വായിച്ചു അഭിപ്രായം പറയാം കേട്ടോ

    ReplyDelete
  19. റഹബയുടെ കഥ നന്നായിരിക്കുന്നു...

    ആശംസകള്‍

    ReplyDelete
  20. ശരിക്കും മനസ്സില്‍ തട്ടുന്ന രചന റൈനീ...വല്ലാതെ സ്പര്‍ശിച്ചു.

    ReplyDelete
  21. നല്ല കഥ ..റഹബ മനസ്സ് നോവിച്ചു കൊണ്ട് കടന്നു പോയി

    ReplyDelete
  22. നല്ല കഥ ..റഹബ മനസ്സ് നോവിച്ചു കൊണ്ട് കടന്നു പോയി

    ReplyDelete
  23. എങ്ങനെയാണ് കിനാവേ ഈ പേരിടുന്നത് ... ? 'റഹബ....' കേള്‍ക്കാന്‍ തന്നെ ഒരു സുഖം.

    ReplyDelete
  24. വായിച്ചു...ബാക്കി അവിടെ

    ReplyDelete