Thursday, August 14, 2014

ഒരു അപഹർത്താവിന്റെ ആത്മകഥ

                              ഒന്ന് :- ചില കശുവണ്ടി കാര്യങ്ങള്.

കൊലപാതകികളും, സ്ത്രീ പീഡകരും - ഇരകളും, കൊള്ളിവെയ്പുകാരനും, ഭീകരവാദികളും ആത്മകഥകളെഴുതിയത് വായിക്കാൻ ഇടയായതാണ്  ഒരു  ഉദ്യമത്തിന് ആധാരം.

ഒരു കള്ളന് ആത്മകഥ എഴുതുക എന്നത് വിവിധങ്ങളായ ജീവിതാനുഭവങ്ങളുടെ സമ്മേളനങ്ങൾ കൊണ്ട് എത്ര എളുപ്പമായതും വായനക്കാർക്ക് ഏറെ കൌതുകകരമായ വായന നൽകുന്നതും ആയിരിക്കുമെന്ന് ഞാൻ ചിന്തിക്കുന്നു. തീർച്ചയായും  വായനയിൽ കള്ളന്റെ കൌശല ബുദ്ധിയും കായികക്ഷമതയും സാഹസികതയും നിങ്ങൾ വായനക്കാരെ മുൾമുനയിൽ നിർത്തുകയും ഏറെ ചിന്തിപ്പിക്കുകയും അലസത വെടിഞ്ഞ് ഊർജ്ജ്വസ്വലനായ ഒരു മനുഷ്യനെ നിർമ്മിക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യും എന്നു തന്നെയാണ് എന്റെ അത്മാർഥമായ വിശ്വാസം.

ഇനി കഥയിലേക്ക് കടക്കാമെന്നു തോന്നുന്നു.

കൊല്ലവർഷം 1145 മേടം പന്ത്രണ്ട്, ക്രിസ്താബ്ദം 1970 ഏപ്രിൽ 25 നു പുലർച്ചെ ഏഴര മണിക്ക് നാലു മിനുറ്റ് ബാക്കി നിൽക്കെയാണ്  ഞാൻ ഭൂജാതനാവുന്നത്. ജന്മം തന്നെ കർമ്മം കൊണ്ട് വിസ്മയം നിറച്ചതു കൊണ്ടൊന്നുമല്ല, മറിച്ച് ഏതൊരുവനും തന്റെ ആത്മകഥയിൽ ജന്മദിനത്തെ സൂചിപ്പിച്ചു കണ്ടതു കൊണ്ട് മാത്രം ഞാനും എന്റെ ജന്മത്തീയതിയും സമയവും കുറിച്ചു എന്നു മാത്രം.

എന്റെ പേര്, അല്ലെങ്കിൽ വേണ്ട, ഒരു കള്ളന്റെ പേര് കള്ളൻ എന്ന് തന്നെയായിരിക്കുന്നതാവും ഉചിതം, എങ്കിലും ബാല്യത്തിലെ ചില അനുഭവ സാക്ഷ്യങ്ങളിൽ എന്നെ മറ്റൊരു നാമത്തിൽ ഞാൻ പറഞ്ഞുവെക്കുന്നുവെങ്കിൽ പ്രായം കുറഞ്ഞ, പക്വത ഇല്ലാത്ത, ഒരു ഉത്തമ കള്ളനാവുന്നതിനു മുൻപു ഏതൊരു സത്യസന്ധനായ കള്ളനും സംഭവിക്കുന്ന  അപരാധം മാത്രമായി കണ്ട് മാന്യ വായനക്കാർ മാപ്പു നൽകണമെന്ന് ആദ്യമേ അഭ്യർഥിക്കട്ടെ.

വിളഞ്ഞു നിൽക്കുന്ന മുണ്ടകൻ പാടങ്ങളോ, പുഞ്ചപ്പാടങ്ങളോ, കായ്കനികൾ പൂത്തുകായ്ച്ച തെങ്ങോ കവുങ്ങോ മാവോ പേരയോ ഞാവലോ അല്ല, പൂത്തു കായ്ച്ച് കുലകുലയായി നിൽക്കുന്ന കശുമാവിൻ തോട്ടങ്ങളാണ് കളവിന്റെ, മോഷണത്തിന്റെ പരിശീലന കളരിയായത് എന്ന ഓർമ്മ ഞാൻ സന്തോഷത്തോടെ ഇവിടെ പങ്കു വെക്കട്ടെ..!

പ്രധാനപ്പെട്ട കശുവണ്ടിക്കഥകളിൽ ചിലത് പറയുന്നതിന് മുൻപ് രണ്ടു വാക്ക്..

1970 ഏപ്രിൽ 25 - 1976 ആഗസ്റ്റ് 15 :-  കാലയളവ്  അവ്യക്തവും മങ്ങിയതും ക്ലാവു പിടിച്ചതുമായ ഓർമ്മകളായതിനാൽ സത്യസന്ധനായ ഒരു കള്ളന്, തന്റെ ആത്മകഥയിൽ ഇക്കാലയളവ് പ്രതിപാതിക്കുക എന്നത് തന്റെ ജീവിതത്തോടും തൊഴിലിനോടും സർവ്വോപരി  എഴുത്തിനോടും ചെയ്യുന്ന അനീതിയാവുമെന്നതിനാൽ മാന്യ വായനക്കാരോട്  കാലഘട്ടത്തെ വിവരിക്കാനാവാതെ പോകുന്നതിൽ എനിക്കുള്ള വേദനയും വിഷമവും അറിയിച്ചു കൊണ്ട് ക്ഷമ യാചിക്കുന്നു.

ശരി, എങ്കിലിനി കഥയിലേക്ക് കടക്കാം, കഥയല്ലിതൊരാത്മ കഥയെങ്കിലുമിക്കഥയിൽ...

1976 ആഗ്സ്റ്റ് 16. അന്ന് ആറുവയസായിരുന്നു എന്റെ പ്രായം, എരുമപ്പെട്ടി ഗവ. എൽ പി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി. വിദ്യാഭ്യാസത്തോട് സ്ഥായിയായുള്ള പുച്ഛം ജന്മം കൊണ്ടേ കിട്ടിയ വാസനയായിരുന്നു എന്ന് വേണം കരുതാൻ. അതുകൊണ്ട് തന്നെ സ്കൂളിൽ പോകുക എന്നത് വലിയ മടിയുള്ള ജോലിയായിരുന്നു

സ്കൂളിൽ ചെന്നാൽ തന്നെ ഉച്ച ഭക്ഷണത്തിനുള്ള മണിയടി കേൾക്കുമ്പോൾ പുസ്തക സഞ്ചിയും തൂക്കി ക്ലാസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടുക എന്നതാണ് ശീലം.വിരളമായി മാത്രമേ അക്കാലങ്ങളിൽ ഞാൻ നാലു മണി വരെ സ്കൂളിൽ ഇരുന്നിട്ടുള്ളൂ.പല മഹാന്മാരുടെയും സ്കൂൾ ജീവിത കാലഘട്ടങ്ങളിൽ ഇതുപോലെയോ ഇതിലും വലുതോ മറ്റു തരത്തിലുള്ളതോ ആയ കുസൃതികൾ വായിക്കാൻ ഇടയായതുകൊണ്ട് തന്നെ ഇതൊന്നും അത്ര മഹത്തായ കാര്യമാക്കി ഞാൻ വിളമ്പാൻ ഉദ്ദേശിക്കുന്നില്ല. എങ്കിലുംനാലുമണി വരെ സ്കൂളിൽ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്രത്തോളം വിഷമം പിടിച്ച ജോലിയായിരുന്നു  എന്ന് ഇവിടെ പറഞ്ഞറിയിക്കാൻ വേണ്ടി മാത്രം കുറിക്കുന്നു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ അതേ ആഴ്ചയിൽ തന്നെയാണെന്ന് തോന്നുന്നു, ഞാനും നാല് ബി ക്ലാസിലെ  ബാബുവും, രാധാകൃഷ്ണനും ചേർന്ന് പറങ്കിമാവിങ്കാട്ടിലേക്ക് അവസാനത്തെ  യാത്ര പോയത്. അക്വേഷാ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന വനത്തിന്റെ കവാടവും കടന്ന് വള്ളിപ്പടർപ്പുകളും മുൾച്ചെടികളും താണ്ടി പറങ്കിമാവുകൾ നിരന്നു നിൽക്കുന്ന ഉൾക്കാടിനുള്ളിലേക്ക് ഞങ്ങൾ കടന്നു ചെന്നു.

പറങ്കിമാവുകൾ എന്ന് പറയുമ്പോൾ വായനക്കാർക്ക് ഒട്ടും കൺഫ്യൂഷൻ വേണ്ട, പറങ്കിമാവുകളും കശുമാവുകളും ഒന്നു തന്നെയാണെന്ന് ഇതിനാൽ അടിവരയിടുന്നു.

കശുവണ്ടിയുടെ മൊത്തക്കച്ചവടക്കാർ ആയിട്ടൊന്നുമല്ല, മിഠായിയും ഐസും വാങ്ങാനും പൈസവെച്ച് തൊട്ടാതിരിഞ്ഞി കളിക്കാനും ഗോലി വാങ്ങാനും അല്പം ചില്ലറ പൈസ ഞങ്ങൾക്കും ആവശ്യമായിരുന്നല്ലോ. ബർമ്മക്കാരന്റെയും മലേഷ്യക്കരന്റെയും ഗൾഫുകാരുടെയും മക്കൾക്ക് വരെ അന്നൊന്നും പോക്കറ്റ് മണി കിട്ടാതിരുന്ന കാലത്ത് അത്യാവശ്യങ്ങൾക്ക് ഞങ്ങൾ കുട്ടികൾക്ക് കശുവണ്ടി മോഷണം മാത്രമായിരുന്നു ഏക ആശ്രയം.

ഉൾക്കാടിനകത്ത് നിശബ്ദരായി ഏകാഗ്രതയോടെ കശുവണ്ടി പറിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് രാധാ കൃഷ്ണൻ  ഓടിക്കോടാ ബാബുവേ“ എന്ന് വിളിച്ചു പറഞ്ഞ്  ജീവനും കൊണ്ട് ഓടിക്കളഞ്ഞു

ഞങ്ങൾ ഞെട്ടലോടെ തിർഞ്ഞു നോക്കി, കൊമ്പൻ മീശയുള്ള തടിച്ചുകൊഴുത്ത രണ്ട് ഫോറസ്റ്റ് ഓഫീസർമാർ ഞങ്ങൾക്ക് നേരെ ഓടി വരുന്നുണ്ടായിരുന്നു

 കാഴ്ചക്ക് ശേഷം മുന്നിലേക്കും പിന്നിലേക്കും നോക്കിയില്ല, ഞാനും ഓട്ടത്തിൽ അവരെ അനുഗമിച്ചു.

പഠിത്തത്തിൽ മോശമായിരുന്നെങ്കിലും പ്രായത്തിൽ പിറകിലായിരുന്നെങ്കിലും ഓട്ടത്തിൽ എന്നെ കടത്തിവെട്ടാൻ  അവർക്കാവുമായിരുന്നില്ല. രാധാകൃഷണനെയും ബാബുവിനെയും പിന്നിലാക്കി ഞാൻ ഓടിക്കൊണ്ടിരുന്നു. അല്പ ദൂരത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോൾ് അവരെ പിന്നിൽ കാണാനുണ്ടായിരുന്നില്ല. അവർ അത്രത്തോളം പിന്നിലായതു കൊണ്ടു തന്നെ അവർ അടുത്തെത്തുന്നതുവരെ അടുത്തുകണ്ട കുട്ടിക്കാട്ടിൽ ഞാൻ സുന്ദരമായി ഒളിച്ചിരുന്നു.

രണ്ടുമൂന്ന് മിനിറ്റുകൾക്ക് ശേഷം ഞാനിരിക്കുന്ന പൊന്തക്കാടിനു പത്തുപതിനഞ്ചു മീറ്റർ അപ്പുറത്ത് കൂടി  ബാബു ഓടിപ്പോവുന്നത്  എനിക്ക് കാണാമായിരുന്നു. പക്ഷെ കുറേ സമയം കഴിഞ്ഞിട്ടും രാധാകൃഷ്ണനെ കണ്ടതേയില്ല.

സസൂക്ഷ്മം, എന്നെ ആരും കാണാതിരിക്കത്തക്കവണ്ണം വള്ളിപ്പടർപ്പുകൾക്കിടയിലൂടെ കുറ്റിക്കാടുകൾക്കിടയിലൂടെ ഞാൻ പിന്നിലേക്ക് നടന്നു. നൂറോ നൂറ്റിപ്പത്തോ മീറ്റർ വന്ന വഴിക്ക് സമാന്തരമായി നടന്നുകാണണം, രാധാകൃഷ്ണനെ ഫോറസ്റ്റ് ആപ്പീസർമാർ ചോദ്യം ചെയ്യുന്നത് എനിക്ക് കാണാമെന്നായി. ഒരിക്കലും അവരെന്നെ കാണാതിരിക്കാൻ ഞാൻ ശ്രദ്ധാപൂർവ്വം ഇടതൂർന്ന കുറ്റിക്കാട്ടിലേക്ക് നീങ്ങി കുനിഞ്ഞിരുന്നു.

"പറയെടാ.. എന്തിനാ നീ ഇവിടെ വന്നേ?" കറുത്ത് തടിച്ച ആപ്പീസർ അവനെ ചോദ്യം ചെയ്യുകയാണ്

"ഒന്നൂല, വെർതെഅവൻ കണ്ണീരൊലിപ്പിച്ചു കൊണ്ടു പറഞ്ഞു..

"വെർതെയാ? കശുവണ്ടി കക്കാൻ വന്നതല്ലേടാ?" ആപ്പീസർ കണ്ണുരുട്ടി..

അവനൊന്നും പറഞ്ഞില്ല, ദയനീയമായി അയാളെ നോക്കി കെഞ്ചി..

"പീറ്ററേ.. നീയ് കൊറച്ച് പച്ചണ്ടി ഇങ്ങ്ട് പൊട്ടിച്ച് വാ.." അയാൾ അടുത്ത് നിന്ന ഫോറസ്റ്റ് ആപ്പീസറോട് പറഞ്ഞു.

"നിനക്കൊക്കെ ഇനി ഒരിക്കലും അണ്ടി കക്കാൻ തോന്നാതിരിക്കാനുള്ളത് ഞാൻ തരുന്നുണ്ട്."

അയാൾ അവന്റെ രണ്ട് കൈകളും പിന്നിലേക്ക് ചേർത്തുപിടിച്ചു, പീറ്റർ അയാൾ പറിച്ചു വന്ന കശുവണ്ടി അവന്റെ ചുണ്ടിലേക്ക് ചേർത്തമർത്തി

"ഉം.. തിന്നെടാഅയാൾ അലറി

 അവൻ തലവെട്ടിച്ചു..

ദേഷ്യം തോന്നിയ അയാൾ അവന്റെ വായിലേക്ക്  നാലഞ്ചു കശുവണ്ടി തിരുകി കയറ്റി വായും മൂക്കും പൊത്തി കല്പിക്കുകയാണ്..

"തിന്നെടാ നീ തിന്നെടാ.. അണ്ടി കക്കാനുള്ള പൂതി നിനക്ക് ഇതോടെ തീരണം.."

ശ്വാസം കിട്ടാതെ അവൻ കൈകാലുകളിട്ടടിച്ചു. അവന്റെ വെപ്രാളം കൂടിയപ്പോൾ അയാൾ അവന്റെ മൂക്കും വായും പൊത്തിയ കൈ മെല്ലെ അയച്ചു.

ചക്ക വെട്ടിയിട്ടതു പോലെ രാധാകൃഷ്ണൻ നിലത്തു വീണു.  വായിൽ നിന്നും നുരയും പതയും വന്നു, ഇടക്കിടെ അവന്റെ കൈകാലുകൾ ഒന്ന് പിടഞ്ഞുകൊണ്ടിരിക്കും, ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ ശരീരം പൂർണ്ണമായും നിശ്ചലമായി..   

"കൈവിട്ട് പോയല്ലോ പീറ്ററേ.. " രാധാകൃഷ്ണന്റെ മുഖത്ത് മൂക്കിനടുത്ത് കൈ വെച്ചുകൊണ്ട് കൊമ്പൻ മീശക്കാരൻ ഫോറസ്റ്റ് ആപ്പീസർ വെപ്രാളപ്പെട്ട് പറഞ്ഞു.

"നമ്മളൊന്നും കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, നമുക്ക് പോകാം സാറേ... "പീറ്റർ ആഫീസറുടെ കൈ പിടിച്ച് മെല്ലെ നടന്നു നീങ്ങി.


തുടരും...