Sunday, April 19, 2015

അർത്ഥാന്തരങ്ങൾ

നിലവിലെ ഒരു ചിത്രം വരച്ചു കാണിക്കാനാണ് ഞാൻ ഒരുമ്പെടുന്നത്,
സത്യത്തിൽ അതിന്റെ യാതൊരാവശ്യവും ഉണ്ടെന്ന് തോന്നിയിട്ടല്ല, എങ്കിലും വെറുതെ ഒരു മോഹം മനസിൽ നിറഞ്ഞത് പോലെ...
ഒറ്റപ്പെട്ടു കിടക്കുന്ന മരുഭൂമിയിൽ ഏകനായി എനിക്കെന്താണ് ജോലിയെന്ന് പലരും അന്വേഷിച്ചേക്കും. സത്യത്തിൽ, എനിക്കിവിടെ ജോലിയുണ്ടെന്ന് പറയാനാവില്ല, എന്നാൽ ഓരോ മാസം കടന്ന് പോകുമ്പോൾ എന്റെ കയ്യിലേക്ക് ശമ്പളമെന്ന പേരിൽ എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു തുക തന്നെ വന്നു ചേരാറുണ്ട്.
പരന്നു കിടക്കുന്ന മരുഭൂവിൽ ഇപ്പോൾ തണുപ്പ് കാലമാണ്. സിമന്റു കട്ടകൾ കൊണ്ട് കെട്ടിയുണ്ടാക്കിയ എന്റെ ഇടുങ്ങിയ മുറിയുടെ മേൽക്കൂരയുടെ മൂലയിൽ ഏതോ പ്രാവ് മുട്ടയിട്ടു വിരിയിച്ചിരിക്കുന്നു, നേരെ പിന്നിലെവിടെയോ നാട്ടിലെ കൂരാറ്റക്കിളിയെ പോലെ തോന്നുന്ന ഒരു കുഞ്ഞുകിളി മുട്ടയിട്ടിട്ടുണ്ടെന്ന് തോന്നുന്നു. ഇടക്കിടെ കീയോം കീയോം വിളികൾ കേൾക്കാം.
ഓരോ തണുപ്പ്കാലത്തിലും എന്റെ കുഞ്ഞു മുറിയിലെ നിശബ്ദതയുമായി യുദ്ധം ചെയ്യാനെന്നോണം അഥിതികൾ ഇവിടെയെത്താറുണ്ട്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് ചിറക് മുളച്ചുയരുമ്പോൾ ഒരു യാത്ര പറയാൻ പോലും നിൽക്കാതെ അവ സ്വന്തം വഴി തേടി പറന്ന് പോകും..
ഇവിടത്തെ ഭൂമി ശാസ്ത്രത്തെ സൂചിപ്പിച്ചില്ലെന്ന് തോന്നുന്നുണ്ട് അല്ലേ, കടൽ ജലത്തിനു മുകളിലൂടെ നടന്നു ചെന്ന്  ചുറ്റും നോക്കിയാൽ എന്താണ് കാണുന്നത്? കാഴ്ചയാണ് ഇവിടെയും, ചുറ്റു ഭാഗം പരന്ന് കിടക്കുന്ന മരുഭൂമി തന്നെ..
അവിടവിടെ കോൺക്രീറ്റ് പോസ്റ്റുകളിട്ട്  ഇരുമ്പുകമ്പികൾ വലിച്ച് കെട്ടി ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ സെൻസർ യന്ത്രങ്ങൾ ഘടിപ്പിച്ച ശക്തമായ ഒരു സെക്യൂരിറ്റി സിസ്റ്റമൊക്കെ കാണാം. മൂന്ന് നാലു കിലോമീറ്റർ അകലെയായി അവ്യക്തമായി കാണുന്ന മതിൽക്കെട്ടുകൾ ഇവിടത്തെ വ്യോമസേനയുടെ ആസ്ഥാനമാണ്.
ഇടുങ്ങിയ മുറി വ്യോമസേനാ ആസ്ഥാനത്തേക്ക് വല്ലപ്പോളും കടന്നുപോകുന്ന വാഹനങ്ങളെ, ആളുകളെ പരിശോധിച്ച ശേഷം കടത്തി വിടാനുള്ള ചെക്ക് പോയിന്റുകളിൽ ഒന്നാണ്. വ്യോമസേനാ ആസ്ഥാനത്തിന്റെ ഏഴ് ഗേറ്റുകളിൽ വളരെ കുറവ് മാത്രം ഉപയോഗിക്കുന്ന ഒരു ഗേറ്റാണിത്.
എന്റെ ജോലിയും ജീവിതവും തീറ്റയും കുടിയും ഉറക്കവും എല്ലാം റോഡ് ബാരിയറിനോട് ചേർത്ത് നിർമ്മിക്കപ്പെട്ട കൊച്ചു മുറിക്കുള്ളിൽ തന്നെയാണ്.
ഒറ്റയായി, ഏകനായി നിങ്ങളെങ്ങനെയാണ് ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത് എന്നാണോ ഇപ്പോൾ നിങ്ങൾ  ചോദിക്കാനൊരുങ്ങുന്നത്?
സത്യം പറഞ്ഞാൽ, മനുഷ്യരല്ലെങ്കിലും ജീവിതത്തിന് എന്നും ഒരു കൂട്ടുണ്ടാവാറുണ്ട്,
കുറെ ദിവസമായി എന്നെ ചുറ്റിപ്പറ്റി അവളുണ്ട്, ഒരു സുന്ദരിപ്പൂച്ച..
ഓരോ ദിവസം പുലരുമ്പോളും എന്റെ മുറിയുടെ വാതിൽക്കൽ വന്ന് എന്നെ നോക്കി അവളങ്ങനെ നിൽക്കുന്നത് കാണാം. ആദ്യമൊന്നും അവളെ ശ്രദ്ധിക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല.
ഇത്രത്തോളം മികച്ച ജന്മമായ ഞാൻ കേവലം ഒരു പൂച്ചയോട് കൂട്ടുകൂടാനോ കുശലം ചൊല്ലാനോ നിൽക്കുന്നതെന്തിനാണ്..?
പക്ഷെ, മനസ് മടുത്ത, ജീവിതത്തോട് വിരക്തിയും തന്നോട് തന്നെ ദേഷ്യവും തോന്നിയ ഒരു നാൾ മുതൽ ഞങ്ങൾ കൂട്ടാണ്..
കൂട്ട് എന്ന് പറയുമ്പോൾ ഒരുമിച്ചുണ്ണും, ഒരുമിച്ച് നടക്കും, കിടത്തം മാത്രം വേറെ വേറെയാണ്..
കിടത്തം വേറെയാക്കിയതിനു പിന്നിലും ഒരു കഥയുണ്ടെന്ന് പറയാം..
അന്ന് അവളെ കെട്ടിപ്പിടിച്ച് കിടക്കയിൽ കിടന്ന് സ്വപ്നം കാണാൻ തുടങ്ങിയപ്പോളാണ് അവളെന്റെ ദേഹത്ത് കയറി ചാടിമറിഞ്ഞ് കളിക്കാൻ തുടങ്ങിയത്.                                 തളിർത്തുവന്ന സ്വപ്നച്ചെടി വേരോടെ പിഴുതെറിയപ്പെടാൻ പ്രവർത്തനം കാരണമായതിനാൽ അന്നുമുതൽ ഞാനവളെ പുറത്താക്കുകയായിരുന്നു.
സാല്വിയ എന്ന പൂച്ചയെ കുറിച്ച് പറയുമ്പോൾ അവളൊരു വെറും പൂച്ചയാണെന്ന് കരുതരുത്.
ക്ഷമിക്കണം, നിങ്ങൾക്കവൾ ഒരു സാധാരണ പൂച്ച തന്നെയായിരിക്കാം എന്ന് തോന്നുന്നുണ്ട്, പക്ഷെ എനിക്കവളെ ഒരു വെറും പൂച്ചയായി കാണുക ബുദ്ധിമുട്ടാണ്..
ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ എന്നിൽ നിന്നും അപ്രത്യക്ഷമായ ദയ, കാരുണ്യം, ഇഷ്ടം, വാത്സല്യം, സ്നേഹം തുടങ്ങിയ വികാരങ്ങളെല്ലാം അല്പമായ അളവിലെങ്കിലും എന്നിൽ തിരിച്ചെത്തിച്ചത് അവളായതിനാൽ എനിക്കവൾ ഒരു അൽഭുത ജന്മമാണെന്ന് തോന്നാതെ തരമില്ലല്ലോ.
ഞാൻ ഒരു മനുഷ്യനായിരുന്നു, ഇപ്പോൾ ഒരു മനുഷ്യനാണോ എന്ന് ചോദിച്ചാൽ ഉറപ്പിച്ചു പറയുക വയ്യ, ഒരു പക്ഷേ മനുഷ്യരൂപം കൊണ്ട ഒരു പൂച്ചയാവാം, അല്ലെങ്കിലൊരു ഒട്ടകം..
ഒട്ടകവുമായി എനിക്കുള്ള ബന്ധം തുടങ്ങുന്നതും സാല്വിയയിലൂടെ തന്നെയാണ്, മരുഭൂമിക്ക് നടുവിൽ താബൂക്ക് കട്ടകൾ കെട്ടിയുണ്ടാക്കിയ ഇടുങ്ങിയ കുടുസ്സുമുറിക്ക് ചുറ്റും നിരന്ന് കിടന്ന മരുഭൂമിയിൽ അലഞ്ഞ് തിരിയുന്ന ഒട്ടകങ്ങളെ നിങ്ങൾ കാണുന്നില്ലേ..?
അതെ, വസ്ത്രധാരണം കൊണ്ട് സ്ത്രീയെന്നോ പുരുഷനെന്നോ വേഗത്തിൽ മനസിലാക്കാനാവാത്ത, തലയും പാതി മുഖവും ഷാൾ കൊണ്ട് കെട്ടി മറച്ച് നാട്ടിലെ സ്ത്രീകൾ ധരിക്കുന്ന സൽവാറ് പോലെ ഒന്നുകൊണ്ട് വസ്ത്രധാരണം ചെയ്ത പാകിസ്താനി മനുഷ്യനോടൊപ്പം അനുസരണയോടെ അലഞ്ഞു തിരിയുന്ന ഒട്ടകങ്ങൾ തന്നെ.
എനിക്ക് വെറുപ്പായിരുന്നു മനുഷ്യനോട്, എനിക്ക്  കുടിക്കാൻ കരുതി വെക്കുന്ന വെള്ളം ചോദിച്ച് അയാൾ മിക്കവാറും എന്റെ അടുത്ത് വരുമായിരുന്നു. ദാനം നൽകുന്ന ജലമാകട്ടെ ചില നിദ്രയെത്താത്ത രാത്രികളിൽ എന്നെ വല്ലാതെ ദാഹിച്ചവശാനാക്കിയിട്ടുമുണ്ട്.
അയാളെന്നോട് സംസാരിക്കാനും കൂട്ടുകൂടാനും വന്നപ്പോളെല്ലാം ഞാൻ അയാളെ ആട്ടിയകറ്റിയത് അയാളൊരിക്കലും ചോദ്യവുമായി വീണ്ടും ഇവിടെ എത്താതിരിക്കാൻ തന്നെയാണ്. അല്ലെങ്കിൽ തന്നെ മനുഷ്യർ, എനിക്ക് വെറുപ്പാണ് വർഗ്ഗത്തോട്..
സാല്വിയയിൽ നിന്നും നമ്മളേറെ വിട്ട് മറ്റൊരു വിഷയത്തിലേക്ക് കടന്നുപോയിട്ടുണ്ടെന്നാണ് തോന്നുന്നത് അല്ലെ?
സാല്വിയ ഏകാന്തമായ മരുഭൂവിൽ എത്തപ്പെട്ടത് എങ്ങനെയെന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്, ഒരു പക്ഷെ എന്നെ പോലെ സ്വന്തം വർഗ്ഗത്തിലെ ബുദ്ധിമാന്മാരെന്ന് സ്വയം വിശ്വസിക്കുന്ന മേലാളന്മാരാൽ ആട്ടിയകറ്റപ്പെട്ട് ഗതി കെട്ടലഞ്ഞ് വന്ന് ചേർന്നതാവാമെന്ന് ഞാൻ ചിന്തിച്ചു.
ഒരിക്കൽ അതേക്കുറിച്ച് ഞാൻ സാല്വിയയോട് ചോദിക്കുകയുണ്ടായി,
ങാവ്യൂ.. മ്യാവൂ.. എന്ന് വലിയ ശബ്ദത്തിൽ ചിരിച്ച് അവൾ ഒഴിഞ്ഞു മാറിക്കളഞ്ഞു. വികൃതിപ്പൂച്ച..!
അവളെന്നെപ്പോലെയല്ല, ബുദ്ധിമതിയാണ്.  എത്ര ആട്ടിയകറ്റപ്പെട്ടാലും അവളത് കാര്യമാക്കാറില്ല, ഇവിടെയുള്ള ജൈവവും അജൈവവുമായ എല്ലാ വസ്തുക്കളുമായും അവൾ കൂട്ടാണെന്ന് തോന്നുന്നുണ്ട്.
മരുഭൂമിയിൽ ചാഞ്ഞും ചരിഞ്ഞും വേഗത്തിൽ പറന്നകലുന്ന ഹൊബാറപ്പക്ഷികളോട് വരെ അവൾ കൂട്ടുകൂടാൻ ഓടിച്ചെല്ലുന്നത് കാണാറുണ്ട്, അവറ്റകൾ പക്ഷെ പിടികൊടുക്കാറില്ല, പറന്നകലും. കൊന്നുതിന്നാനാണെന്ന് കരുതി പേടിച്ച് പായുന്നതാവാം. പക്ഷെ സല്വിയക്ക് അവറ്റകളെ കൊല്ലാനാവുമോ? ഇല്ലെന്നാണ് എന്റെ വിശ്വാസം..
എന്നാൽ എനിക്കവറ്റകളെ കൊന്ന് തിന്നാൻ കൊതിയാണ്, ഇവിടത്തെ അറബികളുടെ ഇഷ്ടഭക്ഷണമാണത്രെ ഹൊബാറകൾ, അതീവ സ്വാദിഷ്ടമായ ഹൊബാറകളുടെ മാംസം ഔഷധഗുണമുള്ളതും ആരോഗ്യവും യുവത്വവും നിലനിർത്താൻ പര്യപ്തവുമാണത്രെ, അതുകൊണ്ട് തന്നെ ഹൊബാറകളുമായി കൂട്ടുകൂടാൻ ഞാൻ അവളെ നന്നായി പ്രോത്സാഹിപ്പിക്കാറുണ്ട്.മുന്നിലേക്കും പിന്നിലേക്കും വളരെ വേഗതയിൽ തിരിഞ്ഞു പറക്കാൻ കഴിയുന്ന അവറ്റകളെ ചതിയിലൂടെയല്ലാതെ വേട്ടയാടുക ബുദ്ധിമുട്ടാണ്.
ഹൊബാറയുടെ മാംസത്തിന്റെ രുചി പറഞ്ഞുവന്നപ്പോളാണ് പഴയ ഒരു ചരിത്രം ഓർമ്മ വരുന്നത്. നിലവിലെ ഒരു ചിത്രം വരക്കാൻ ശ്രമിച്ച്, ചിത്രം ചരിത്രത്തിലേക്ക് വഴിമാറുന്നത് നല്ല ശീലമല്ലെന്ന് എനിക്കറിയാതെയൊന്നുമല്ല, എങ്കിലും വേരുകളെ അവഗണിച്ച് ഒരു പാഴ്മരത്തിന്റെ പോലും കഥപറയുന്നത് എങ്ങിനെയാണ്?
മലയാളനാടിനെക്കുറിച്ച് നിങ്ങൾ വാ തോരാതെ പറയാറുണ്ടല്ലോ, എനിക്കും പറയാനുണ്ട് ചിലതെല്ലാം,
 എന്റെ നാട്ടിൽ ഒരോ മഴക്കാലത്തും മരക്കൊമ്പുകൾക്കിടയിൽ നിന്നോ കുറ്റിച്ചെടികൾക്കിടയിൽ നിന്നോ ക്വക്ക്..ക്വക്ക്..ക്വക്ക്  ശബ്ദത്തിൽ കുളക്കോഴികൾ കരയുന്നത് കേൾക്കാം.
കുളക്കോഴിയെ കണ്ടിട്ടില്ലേ? മങ്ങിയ കറുപ്പ് നിറമുള്ള ദേഹവും,  മുഖം, കഴുത്തിന്റെ കീഴ് ഭാഗം, മാറിടം എന്നിവ തൂവെള്ളയുമാണ് അവക്ക്. ചെറിയ വാലിനടിയിൽ തവിട്ടുനിറം കലർന്ന ചുവപ്പ് നിറം കാണാം.
ഹൊബാറപ്പക്ഷികളുടെ മാംസത്തിന്റെ രുചി ഞാൻ കുളക്കോഴിയുടെ ഇറച്ചിയുടെ രുചിയുമായി സങ്കല്പിക്കാറുണ്ട് എന്നത് തന്നെയാവും ചിന്ത വളഞ്ഞ് പുളഞ്ഞ് കേരളത്തിലേക്ക് കടക്കുവാനുണ്ടായ കാരണം എന്ന് തോന്നുന്നു.
  വൈകുന്നേരവും ഒരു നേർത്ത മൂളലോടെ മഴ പെയ്യുണ്ടായിന്നു, കുളക്കോഴി വേട്ടക്ക് പറ്റിയ നേർത്ത മഴ, ഒന്നിനെ കിട്ടിയാൽ മസാല തേച്ച് ചുട്ടെടുത്ത് വർഗ്ഗീസേട്ടൻ രഹസ്യമായി വാറ്റുന്നതിൽ നിന്നും നൂറ് മില്ലിക്കൊപ്പം വിഴുങ്ങുന്ന സ്വപ്നം കണ്ട് നടക്കുന്ന നേരത്താണ് ഒരു രോദനം, ഒപ്പം ഒരു കൂട്ടം ആളുകളുടെ ഓട്ടത്തിന്റെ, കിതപ്പുകളുടെ, കാലടികളുടെ ശബ്ദം.
വേട്ടക്കാരാൽ വേട്ടയാടപ്പെട്ട, കടിച്ച് കുടഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു പെൺപക്ഷിയുടെ രോദനം.
കൌതുകം തന്നെയാണ് ആദ്യം തോന്നിയത്, മരണത്തോട് മല്ലടിക്കുന്ന ജീവന്റെ പിടച്ചിൽ കാണുക എന്തൊരു ഹരമാണെന്ന് നിങ്ങൾക്ക് മനസിലാവുകയില്ലെന്ന് തോന്നുന്നുണ്ട്..
രസകരമായിരുന്നു കാഴ്ച, ഒറ്റപ്പെട്ട, വള്ളിപ്പടർപ്പുകൾ പടർന്ന ഭൂതലത്തിലെ കിടന്നാൽ ഒരാൾക്ക് മുങ്ങാൻ വെള്ളമുള്ള ചെറിയ ഇടത്തോടിനുള്ളിൽ കൈകാലുകളിട്ടടിച്ചു കരഞ്ഞ സ്ത്രീരൂപത്തെ ഞാൻ ഏറെ നേരം നോക്കി നിന്നു. വേഗത കുറഞ്ഞ് കുറഞ്ഞ് കൈകാലുകളുടെ ചലനം നിലച്ചപ്പോൾ പക്ഷെ, കൌതുകമെന്നത് ഒരു സഹതാപത്തിലേക്ക് വഴിമാറിക്കഴിഞ്ഞിരുന്നുവോ എന്തോ? ഏയ്അതിനു വഴിയില്ല, എന്നാൽ ഉറപ്പിച്ചു പറയാനും വയ്യ.
വിധിയാണ്, വിധിയെ തടുക്കാൻ നമ്മൾക്കെന്താണ് അവകാശം,
കുറ്റബോധമോ ദുഖമോ ഭയമോ തോന്നിയിട്ടില്ലെന്നത് പക്ഷെ ഉറപ്പിച്ച് പറയാനാവുന്ന സത്യമാണ്. അവരുടെ ഇരയെ അവർ ഭക്ഷിച്ചു കഴിഞ്ഞിരിക്കുന്നു, അവളായിരുന്നില്ല എന്റെ ഇര, കുളക്കോഴികളുടെ മാംസത്തിന്റെ രുചി മറ്റൊന്നിനും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നതേയില്ല. ഞാൻ എന്റെ ഇരയെ ലക്ഷ്യമാക്കി നടന്നു.
പോലീസുകാരുടെ ബൂട്ടടി ശബ്ദം ഉമ്മറത്ത് പതിച്ച രണ്ടാമത്തെ നാൾ, എനിക്ക് പക്ഷെ അല്പം ഭയക്കേണ്ടി വരിക തന്നെ ചെയ്തിട്ടുണ്ട്.
വിലങ്ങുകൾ, മർദ്ധനങ്ങൾ, ജയിലറയിലെ ഏകാന്തത, ഒന്നും എന്നെ അത്രത്തോളമൊന്നും വിഷമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല, എന്നാൽ മഴക്കാലത്തെ കുളക്കോഴി മാംസത്തിന്റെ നഷ്ടം എനിക്ക് അസഹ്യമായിരുന്നു.
ദിവസങ്ങൾ എണ്ണിയിട്ടില്ല, എന്നോ ഒരിക്കൽ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ജയിലറയുടെ ഏകാന്തതയേക്കാൾ വലിയ ഏകാന്തത അനുഭവിക്കേണ്ടി വന്നത് നേരാണ്.
പിന്നീടെന്തൊക്കെയാണ് സംഭവിച്ചതെന്നറിയില്ലഅവരിൽ ആറിനെയും കൊന്ന് തള്ളിയത് ഒരു നേട്ടമാണ്. ആദ്യത്തെ കൊല മനസിൽ അടക്കാനാവാതെ പോയ ദേഷ്യമായിരുന്നെങ്കിൽ, പിന്നീടുള്ളതെല്ലാം രസകരമായ മരണവെപ്രാളം ആസ്വദിക്കുമ്പോഴുള്ള അനുഭൂതി തേടിയായിരുന്നു.
ഭയമാകുന്നുണ്ടോ നിങ്ങൾക്ക് ? എന്തിനാണത്.. സത്യത്തിൽ ഞാൻ കൊല ചെയ്യാത്ത ഒരു സ്ത്രീയുടെ പേരിൽ മാത്രമേ ഇപ്പോളും ഞാൻ കൊലപാതകിയായി അറിയപ്പെടുന്നുള്ളൂ.
കല്ലേറുകളേറ്റത് മുഴുവൻ ഭ്രാന്തിന്റെ പേരിലാണ്, ഭ്രാന്തനെയും നിങ്ങൾക്ക് പേടിയാണല്ലോ അല്ലെ?
ഞാൻ ചോദിക്കട്ടെ, നിങ്ങൾക്ക് പേടിയല്ലാത്തതെങ്കിലുമുണ്ടോ..? ഭീരുക്കൾ..!
എന്ത് ഭ്രാന്ത്, എനിക്ക് ഭ്രാന്താണെന്ന് പറയുന്നവനാണ് ഭ്രാന്ത്. താടിയും മുടിയും വെട്ടാതിരിക്കുന്നവന് ഭ്രാന്താണെന്നാണോ, അതോ നനച്ച് കുളിക്കാതിരുന്നാലാണോ ഭ്രാന്ത്?
ഇല്ല അത് രണ്ടും ഭ്രാന്തല്ല, വിശപ്പടക്കാൻ പോലും പണമില്ലാതായ ഒരുവൻ താടിയും മുടിയും വെട്ടുന്നതെങ്ങിനെയാണ്.. ശവങ്ങളുടെ മണവും രുചിയും കലർന്ന ജലാശയങ്ങളിലെ വെള്ളത്തിൽ വൃത്തിയുള്ള മനുഷ്യൻ എങ്ങനെ കുളിക്കാനാണ്..?
സഹിക്കവയ്യാതായപ്പോൾ പുറപ്പെട്ടത് യാത്രകളിലേക്കായിരുന്നു, യാത്രകൾ, നിലക്കാത്ത യാത്രകൾ..! ഒന്നും മനസിലാവാത്ത, മനസിലാക്കാത്ത മനുഷ്യന്റെ പാഴ്യാത്രകൾ.. കഴിഞ്ഞുപോയതിൽ ഒടുക്കത്തെ യാത്രയാവട്ടെ എന്നെ ഈ മരുഭൂമിയിലെത്തിക്കപ്പെട്ടിരിക്കുന്നു..
വിഷയത്തിൽ നിന്നും വ്യതിചലിച്ചു പോയതിൽ ക്ഷമ ചോദിക്കുന്നു. ഭൂതകാല ചരിത്രത്തിൽ ജീവിക്കാനാവില്ലല്ലോ, വർത്തമാനത്തിലേക്ക് മടങ്ങി വന്നല്ലേ മതിയാവൂ..
സാല്വിയയിലേക്ക് തിരിച്ചു വരാം, ഒട്ടകങ്ങളെ അവൾക്കിഷ്ടമാണ്, ഒട്ടകങ്ങളെത്തുമ്പോൾ അവൾ മരുഭൂമിയിലേക്ക് കുതിച്ചോടും, ചിലപ്പോളൊക്കെ ഒട്ടകപ്പുറത്തേക്ക് വലിഞ്ഞ് കയറാൻ ശ്രമിക്കുന്നത് കാണാം. അതുകൊണ്ടാവണം, ഒട്ടകത്തെ മേയ്ക്കുന്ന പാകിസ്ഥാനിക്ക് അവളെ കണ്ണെടുത്താൽ കണ്ടുകൂടാ.. ഇടക്കയാൾ അവളെ ചീത്ത വിളിക്കുന്നത് അകലെ നിൽക്കുന്ന അയാളുടെ ചുണ്ടനക്കങ്ങളിലൂടെ കാണാനാവാറുണ്ട്.
കഴിഞ്ഞ വൈകുന്നേരത്തിലാണ് കുറെ ദിവസത്തിനു ശേഷം അയാൾ എന്റെ അരികിലേക്ക് വന്നത്. പൂച്ചയെ വളർത്തുന്നെങ്കിൽ അച്ഛടക്കത്തോടെ വളർത്തണമെന്ന് അയാളെന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു.
സാല്വിയയുടെ തന്തയോ തള്ളയോ ഞാനല്ലെന്ന് പറയണമെന്നുണ്ടായിരുന്നു, എങ്കിലും കൂട്ടുകാരിക്ക് വേണ്ടി, ക്ഷമയോടെ വെറുതെ ചിരിച്ചു കാണിച്ചതേയുള്ളൂ..
അയാൾക്കത് ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു, ശകാരങ്ങൾ ഏറ്റുവാങ്ങുമ്പോളും ചിരിക്കാനാവുന്നത് ഒരു പക്ഷെ അയാളുടെ നാട്ടിൽ മാന്യതയുടെ ലക്ഷണം ആയിരിക്കാം,
അയാൾ എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് പോലെ കണ്ടപ്പോൾ ചെറിയ രസം തോന്നിത്തുടങ്ങി..
മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാണല്ലോ. ഹൊബാറപ്പക്ഷികളെ പിടികൂടാനുള്ള വല്ല വിദ്യയും അയാളുടെ കൈവശം കാണുമെന്ന് തോന്നിയപ്പോൾ ഉണ്ടായൊരു രസമായിരിക്കാം അത്.
അറിഞ്ഞുവന്നപ്പോൾ ഞാനും അയാളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെ കാണുന്നില്ല, വലിയൊരു വ്യത്യാസമുള്ളത് അകലെ ഒരു നാട്ടിൽ അയാൾക്കൊരു വീടും വീട്ടുകാരുമുണ്ട് എന്നത് മാത്രമാണ്. വേട്ടയുടെ കാര്യത്തിൽ കേമനായിരുന്നത്രെ, നിങ്ങളെപ്പോലെ ഭീരുവല്ല, അവസാനത്തെ പിടച്ചിലുകൾ ആസ്വദിക്കാൻ കഴിവുള്ളവൻ തന്നെ.
ഇന്ന് രാവിലെ ഒട്ടകങ്ങളെയും സാല്വിയയെയും മരുഭൂവിൽ വിട്ട് ഞങ്ങളൊരു യാത്ര പോയി, വല്ലപ്പോളുമാണ് പട്ടണവുമായുള്ള ബന്ധമുള്ളൂ, മനുഷ്യരാണവിടെ മനുഷ്യർ,ബുദ്ധി കെട്ടവര്..! എന്തിനാണവരുമായി ഒരു ബന്ധം നിലനിർത്തുന്നത്?
തിരിച്ച് വാഹനത്തിനടത്തേക്ക് നടന്നടുക്കുമ്പോളാണ് വഴിയിൽ അവളെ ഞാൻ വീണ്ടും കണ്ടത്.
അതേ മുഖം, അതേ നിറം, അതേ പൊക്കം, പക്ഷെ അവൾ അന്നത്തേത് പോലെ നഗ്നയായിരുന്നില്ല. കൈകാലുകൾ നിലത്തിട്ടടിക്കുന്നുമില്ല, പക്ഷെ ദീനഭാവം അതിപ്പോളും അവളുടെ മുഖത്ത് തന്നെയുണ്ട്.
അവളെ ചൂണ്ടി പാകിസ്താനി എന്നെ നോക്കി പറഞ്ഞു.
പാവം, ഏതെങ്കിലും അറബി വീട്ടിൽ വേലക്ക് വന്നതാവും, പീഡനം സഹിക്കാനാവാതെ ഇറങ്ങിപ്പോന്നതാവും. ഇനി ഇതിന്റെ ഗതി എന്തായിരിക്കുമോ എന്തോ?“ അവൻ പോക്കറ്റിൽ നിന്നും പത്ത് റിയാലെടുത്ത് അവൾക്ക് നേരെ നീട്ടി..
അവളത്  നന്ദിയോടെ വാങ്ങുമ്പോൾ അവന് നൽകിയ ഒരു ചിരി എന്റെ കണ്ണിൽപ്പെട്ടു..
അവൻ അവളോട് പാസ്പോർട്ടിനെ കുറിച്ച് ചോദിക്കുന്നത് കേട്ടു. അവളുടെ മുഖം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു.
പടച്ചവനെ, എന്ത് രസമാണിത്, മരണവെപ്രാളത്തെക്കാൾ സുഖകരമായ കാഴ്ച ഇത് തന്നെയാണെന്ന് തോന്നുന്നു.
ഞാൻ പറഞ്ഞു. “സുഹൃത്തെ ഒരു നിമിഷം നിൽക്കൂ..“  ഒരോട്ടം ആവശ്യമാണെന്ന് തോന്നി
പാകിസ്താനി എന്നെ ഒന്നും മനസിലാവാത്തത് പോലെ നോക്കി..
അല്പ നേരം കൊണ്ട് തിരികെയെത്തി, കയ്യിൽ കരുതിയ നോട്ടുകൾ അവളുടെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവളെന്നെ അൽഭുതത്തോടെ നോക്കി ചിരിച്ചു.
ഒട്ടും കൂടുതലില്ല, ഒരു പത്തു റിയാലിന്റെ ചിരി മാത്രമേ അവളുടെ കയ്യിലുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നുണ്ട്.
മുറിയിൽ തിരിച്ചെത്തുമ്പോൾ സാല്വിയ ഓടി വന്ന് മടിയിൽ കയറി ഇരുന്നു.
പതിവിനു വിപരീതമായി ഞാൻ അവളെ സ്നേഹാർദ്രമായി തഴുകിയത് കൊണ്ടാവണം അവളെന്നെ സൂക്ഷിച്ചൊന്നു നോക്കി.
നോട്ടത്തിൽ നിന്നും അവൾക്കെന്തൊക്കെയോ പറയാനുള്ളത് പോലെ എനിക്ക് തോന്നി,
ഞാൻ ചോദ്യ ഭാവത്തോടെ അവളെ നോക്കി,
അവൾ ചിരിയോടെ പറഞ്ഞു.. “ങ്യാവൂ.. മ്യാവൂ..”
ഞാൻ അവളെ നോക്കി പറഞ്ഞു.


സാല്വിയ, ഇനി നിന്റെ ങ്യാവൂ വിളികൾ കൊണ്ട് നിനക്കെന്നെ പറ്റിക്കാൻ കഴിയില്ല പൂച്ചേ.. കാരണം, പൂച്ചകളുടെ ഭാഷ എനിക്ക് മനസിലാവാൻ തുടങ്ങിയിട്ടുണ്ട്, സ്നേഹത്തിന്റെ ഭാഷയും..”

19 comments:

  1. നഷ്ടപ്പെട്ടതിനെ, ഇനിയും തീരെ നഷ്ടപ്പെടാത്ത ഇടങ്ങളില്‍ നിന്ന് കണ്ടെടുത്ത് കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയപ്പെടുന്ന നഷ്ടബോധത്തിന്റെ തിരിച്ചറിയലാണ്.

    ReplyDelete
    Replies
    1. അതെ റാംജിയേട്ടാ, പക്ഷെ തിരിച്ചറിവുകൾക്കെടുക്കുന്ന സമയം ഒരുപാടാണ് എന്നത് ഖേദകരമാവുന്നു.. സ്നേഹം..!

      Delete
  2. സ്നേഹത്തിന്റെ ഭാഷയ്ക്ക് ലിപികളില്ല.

    കഥ വായിച്ചപ്പോള്‍ അത് ഉറപ്പായി

    ReplyDelete
    Replies
    1. ലിപികളില്ലാത്ത സ്നേഹത്തിന്റെ ഭാഷ പഠിച്ചെടുക്കാനായാൽ ലോകം എത്ര സുന്ദരമാവും അല്ലെ അജിത്തേട്ടാ..

      Delete
  3. രണ്ടു ദേശങ്ങളില്‍ രണ്ടു കാലങ്ങളില്‍
    അതേ ഇരകളുടെ പുനസമാഗമം..
    ജീവിതാനുഭവം പകര്‍ന്നുകൊടുത്ത തിരിച്ചറിവുകള്‍. ഒറ്റപ്പെടലിലും തെളിയുന്ന ചില മരുപ്പച്ചകള്‍...
    കഥയുടെ സന്ദേശം വ്യക്തമാണ്. അല്‍പംകൂടി വെട്ടിയോരുക്കമായിരുന്നു എന്നാ അഭിപ്രായമുണ്ട്.

    ReplyDelete
    Replies
    1. ഇ- മഷിയിലേക്ക് അയച്ച ശേഷം വെട്ടിയൊരുക്കാൻ ഒരുങ്ങിയില്ല എന്നത് സത്യമാണ്. സന്തോഷം വായനക്കും പ്രോത്സാഹനത്തിനും..

      Delete
  4. ഹൃദ്യമായ ഭാഷ.. ഹൃദ്യമായ അവതരണം..

    ReplyDelete
    Replies
    1. നിങ്ങളൊക്കെ വായിക്കാനെത്തുക, ഒരുവാക്ക് മിണ്ടുക ഒരുപാട് സന്തോഷമാണ്. നന്ദി ഇക്കാ..

      Delete
  5. കഥ ഇഷ്ടപ്പെട്ടു.
    ഹൃദ്യമായിരിക്കുന്നു അവതരണം.
    ആശംസകള്‍

    ReplyDelete
    Replies
    1. നിങ്ങളെപ്പോലെ പരന്ന വായനയുള്ളവർ സ്ഥിരമായി എത്തിക്കാണുന്നതിൽ സന്തോഷം മറച്ച് പിടിക്കാനാവില്ല, നല്ല വാക്കുകൾക്ക്, നല്ല പ്രോത്സാഹനങ്ങൾക്ക്, തിരുത്തലുകൾക്ക്, ഒരുപാട് നന്ദിയുണ്ട് തങ്കപ്പൻ സാർ

      Delete
  6. ഒരു നനുത്ത വേദന സമ്മാനിച്ച കഥ. മനുഷ്യനു സ്നേഹിക്കാന്‍ മനുഷ്യന്‍ തന്നെ വേണമെന്നില്ല.

    ReplyDelete
    Replies
    1. സ്നേഹം വെട്ടത്താൻ സർ, വീണ്ടും കാണുന്നതിൽ.. മനുഷ്യൻ സ്നേഹിച്ച് ജീവിക്കട്ടെ മനുഷ്യരെയും ഇതര ജീവജാലങ്ങളെയും.. നല്ല വാക്കുകൾക്ക് സ്നേഹം സന്തോഷം നന്ദി സർ

      Delete
  7. അതിരുകളില്ലാത്ത സ്നേഹം... നന്നായിട്ടോ

    ReplyDelete
  8. നമ്മെപോലെ തന്നെ അതുങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി.

    ReplyDelete
  9. കഥ നന്നായി ട്ടോ . എല്ലാവരും ബ്ലോഗിലേക്ക് തിരിച്ചു വരുനന്തു കാണുമ്പോൾ സന്തോഷം .

    കൂടെ ആ പഴയ "അശ്വഗന്ധം " ഒരിക്കൽ കൂടെ അറിഞ്ഞു ട്ടോ .
    സ്നേഹാശംസകൾ

    ReplyDelete
  10. എഴുത്ത് ഇഷ്ട്ടമായി- ആശംസകള്‍

    ReplyDelete
  11. മരുഭൂമി പറയുന്ന കഥകൾ നിയ്ക്ക്‌ വളരെ ഇഷ്ടമാണു..
    മണതരികളിൽ നിന്നുയരുന്ന ചുടുനിശ്വാസങ്ങളും പ്രണയതീഷ്ണതകളും ജീവിതസത്യങ്ങളും ഒരുപോലെ പറയുവാനായി കഥയിൽ..
    നല്ല വായനയ്ക്ക്‌ നന്ദി അറിയിക്കട്ടെ..ആശംസകൾ

    ReplyDelete
  12. ദേശകാലന്തരങ്ങള്‍ കടന്ന് നാമെവിടെ എത്തിയാലും നമുക്ക് മനസ്സിലാവുന്നതും നമ്മേ മനസ്സിലാക്കുന്നതുമായ ഭാഷയാണ് ...... സ്നേഹഭാഷ...... ആ ഭാഷയിൽ തന്ന ആശംസകൾ.... നേരുന്നു.....

    ReplyDelete