Wednesday, May 27, 2015

വിഷവിത്തുകൾ ജന്മം കൊള്ളുമ്പോൾ

ഓരോ പള്ളിക്കാടുകളിലും ഞാൻ തേടാറുണ്ട്,
ഒരു ഖബർ..!,

കൊത്തിയെടുത്ത കരിങ്കല്ലിൽ വെളുത്ത കുമ്മായം പൂശിയ,
കറുത്ത അക്ഷരങ്ങളിൽ എന്റെ പേരു വായിക്കാവുന്ന
ഏറെ പഴക്കം ചെന്ന ഒരു ഖബർ..!

ഓരോ പൊതു ശ്മശാനത്തിലും ഞാൻ തേടുന്നുണ്ട്..
എരിക്കിൻ പൂവുകൾ പൂത്ത മരത്തിനു താഴെയായി,
ആരും കാണാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു കുഴിമാടം..!


സെമിത്തേരിക്ക് മുൻപിലൂടെ നടക്കുമ്പോൾ,
വിരലുകൾ കുത്തി ഉപ്പൂറ്റിയുയർത്തി പൊന്തി
കൽമതിലുകൾ കടന്നെന്റെ നോട്ടം പായും..
 വെളുത്ത മാർബിൾ കല്ലുകളിൽ
എന്നെ എഴുതി വെച്ച സുന്ദരമായൊരു കല്ലറ തേടി..

ശവമഞ്ചമേന്തിയ ഒരു വിലാപയാത്ര,
ദുഖഭാരമേറിയ മുഖങ്ങളുടെ അകമ്പടിയിൽ കടന്നെത്തുകയാണല്ലേ..?

അല്ല, അത് ഞാനല്ല,
വെള്ളയിൽ കുളിച്ച ആ ശരീരത്തിന്
എന്റെ രൂപവുമായി യാതൊരു സാമ്യവുമില്ലല്ലോ..

എങ്കിൽ തീർച്ചയായും ഞാനിതുവരെ മരിച്ചിട്ടുണ്ടാവുകയില്ല,
ഒരു പക്ഷെ ജനിച്ചിട്ടുമുണ്ടാവാനിടയില്ല.

ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യനോ
നാഥനോ അനാഥനോ സനാഥനോ എന്ന കാര്യത്തിൽ
വ്യക്തമായ ഒരറിവുണ്ടായിക്കാണുകയുമില്ല.
അല്ലെങ്കിൽ തന്നെ പിറവി കൊള്ളുക പോലും ചെയ്യാതെ
ഇതൊക്കെ എങ്ങനെ അറിയാനാണ്?

Tuesday, May 12, 2015

അപ്രത്യക്ഷർ

പ്രണയത്തിന്റെ ഒരു വശ്യഭാവത്തോടെ എന്റെ കൈകളിൽ അമർത്തി പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
“വരൂ ഹയാത്ത്, നമുക്ക് കടവിലിറങ്ങണംമുങ്ങാംകുഴിയിട്ട് പരസ്പരം തൊട്ടുകളിച്ചുകൊണ്ട് ഏറെ ദൂരം നീന്തിത്തുടിക്കണം, ഭൂമിയിൽ ഒരാളും കാണാത്ത ആഴത്തിൽ വെച്ച് പരസ്പരം പുണർന്നലിഞ്ഞു ചേരണം, പതിഞ്ഞമരുകയും കുതിച്ചുയരുകയും ചെയ്യുന്ന ശ്വാസോച്ഛാസത്തിന്റെ തള്ളിച്ചകൾ ജലോപരിതലത്തിൽ കുമിളകളായി കുമിഞ്ഞു പൊന്തട്ടെ, ജീവകണങ്ങളുടെ ഉൽഭവത്തിന് കാരണമായ ജലത്തിൽ വെച്ച് നമുക്കൊരു പുതുജീവന്റെ ഉൽഭവത്തിനായി ശ്രമിക്കാം.”  

ഞാനവളുടെ മുഖത്തേക്കും നീണ്ടു കിടന്ന മരുഭൂവിലേക്കും മാറി മാറി നോക്കി, കടവുകൾ, തിരമാലകൾ പോലെ ഉയർന്നും താഴ്ന്നും കിടക്കുന്ന മണൽതിട്ടകളെ കടവ് എന്ന് പറയാനാവുമോ? അഥവാ പറയാമെങ്കിൽ തന്നെ ഇവിടെ എവിടെയാണ് നീന്തിക്കുടിക്കുന്നത് പോയിട്ട് ഒന്ന് തൊണ്ടനനയ്ക്കാൻ കൂടി ഒരല്പം ജലം?

എന്റെ ചിന്തകളെ, മുഖത്ത് വിടർന്ന ഭാവഭേദങ്ങളെ വകവെക്കാതെ അവൾ വീണ്ടും വിളിച്ചു,
വരൂ ഹയാത്ത്.”

അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെ പോലെ, എന്റെ കൈപിടിച്ചുകൊണ്ട് മുൻപിൽ നടന്ന അവളെ അനുഗമിച്ചു. നടത്തം അധിക ദൂരമെത്തും മുൻപേ ഞങ്ങൾക്കിടയിലൂടെ ചുട്ടുപഴുത്ത മണൽതരികളെ ഞെരിച്ചുടച്ചുകൊണ്ട് ഒരു കൂട്ടം ഒട്ടകങ്ങൾ കടന്നു പോയി, ഏറെ താമസിയാതെ തന്നെ,അടുത്തെവിടെയോ ജലാശയമുണ്ടെന്നറിയിച്ചുകൊണ്ട് ഏതാനും തരം പക്ഷിക്കൂട്ടങ്ങൾ തലക്ക് മുകളിലൂടെ കടന്നു പോയി. പെട്ടെന്ന് ആഞ്ഞടിച്ച ഒരു മണൽക്കാറ്റിൽ മുൻപിലെ ദൃശ്യങ്ങൾ അല്പനേരത്തേക്ക് മറക്കപ്പെട്ടു.

കുറുമ്പുകാട്ടി പിന്തിരിഞ്ഞ കാറ്റിനപ്പുറം മുഖം പൊത്തിയ കൈകൾ പിൻ വലിച്ചപ്പോൾ കണ്ടു, മതിൽക്കെട്ടുപോലെ ഞങ്ങളുടെ വശങ്ങളിൽ ദൂരക്കാഴ്ചകൾ മറച്ചു നിന്ന മണൽത്തിട്ടകൾ ഇടിഞ്ഞു വീണു കിടക്കുന്നു. വരണ്ടു കിടന്ന മരുഭൂവിൽ അകലെയായി തൊട്ടടുത്ത മണൽ തരികൾ പോലും ഇതുവരെ കണ്ടിട്ടില്ലെന്ന് തോന്നിയ ഒരു നീണ്ട ജലാശയം.

അത്യാഹ്ലാദത്തോടെ അവൾ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നടത്തത്തിന് വേഗം കൂട്ടി, അല്ല, എന്റെ കൈകളെ പിടിച്ചു വലിച്ചു കൊണ്ട് അവൾ ഓടുകയായിരുന്നു എന്ന് പറയുന്നതാവും സത്യം, ഞാനും വിശ്വസിക്കാനാവാത്ത ഒരൽഭുതക്കാഴ്ചയുടെ ആവേശത്തിലായിരുന്നു.

നടന്നടുക്കും തോറും മുന്നിൽ കണ്ട ജലാശയം അത്രത്തോളം അടുത്തായിരുന്നില്ലെന്ന് മനസിലായി. എത്ര നടന്നിട്ടും അടുത്തെത്താൻ കഴിയാതെ വന്നതും തെല്ല് നിരാശനായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി,

ഹയാത്ത്, നദിയെക്കുറിച്ച് ഏറെയൊന്നും നിനക്കറിയുമെന്ന് തോന്നുന്നില്ല, അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നീ ഒരിക്കലും നിരാശനാകുമായിരുന്നില്ല, വരൂ...ഒരു നിമിഷം പോലും നമുക്ക് പാഴാക്കുവാനില്ല

അവളുടെ വാക്കുകൾ മുന്നിൽ കാത്തിരിക്കുന്ന ഒരു വലിയ നിധിയിലേക്ക് നടന്നടുക്കുന്ന ആവേശം മനസിൽ നിറച്ചത് പോലെ തോന്നി, അത്യാവേശത്തോടെ മുൻപോട്ട് നടക്കുമ്പോൾ അല്പം മുൻപ് ഞങ്ങൾക്ക് മുൻപിലൂടെ കടന്നുപോയ ഒരൊട്ടക കുട്ടി കാലു മടങ്ങിയെന്ന പോലെ ഞങ്ങളുടെ പാതയിൽ വീണു കിടന്നു വെപ്രാളപ്പെടുന്നു. ഓമനത്വമുള്ള ആ ഒട്ടകകുഞ്ഞിനരികിൽ മുട്ടുകുത്തി ഇരിക്കാനാഞ്ഞതും അവൾ വിലക്കി,

ഹയാത്ത്, എന്ത് വിഡ്ഡിത്തമാണ് നീ കാട്ടാനൊരുങ്ങുന്നത്? ലക്ഷ്യം തേടി മുന്നോട്ട് നടക്കുന്ന യാത്രയിൽ പലപ്പോളും കണ്ണടക്കേണ്ടതുണ്ട്., സമയവും ദൂരവും തമ്മിലുള്ള ശരിയായ മാനദണ്ഡം പാലിക്കാതെ നമുക്കവിടെ എത്താനാവുമെന്ന് തോന്നുന്നില്ല

ഞാൻ അവളെ നോക്കി അത് ശരിയാണെന്ന ഭാവത്തിൽ തലയിളക്കി. എങ്കിലും എനിക്കതിനെ സഹായിക്കാതിരിക്കാനാവുമായിരുന്നില്ല, മണൽ തരികളിൽ മുട്ടുകുത്തി നിന്നുകൊണ്ട് വീണു കിടന്ന ഒട്ടകക്കുഞ്ഞിന്റെ പിൻ കാലുകൾ മെല്ലെ തിരിച്ച് ശരിപ്പെടുപ്പെടുത്തുന്നതിനിടയിൽ അതെന്നെ ഒരു വട്ടം ചവിട്ടാനാഞ്ഞു..

ആ കാഴ്ച അവൾക്ക് സന്തോഷം നൽകിയിട്ടുണ്ടെന്ന് തോന്നുന്നു, അവൾ എന്നെ നോക്കി പരിഹാസച്ചിരിയോടെ പറഞ്ഞു.

“നോക്കൂ ഹയാത്ത്നീ ചെയ്യുന്നതെന്താണെന്ന് പോലും അതിനു മനസിലായിട്ടില്ല, നീ ചെയ്യുന്ന ഈ വലിയ സഹായത്തിന് യാതൊരു കൃതജ്ഞതയും അതിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല, അതൊരു മൃഗമാണ്, ഒരു വെറും മൃഗം..”

എനിക്കവളോട് ശക്തമായി വാദിക്കണമെന്നുണ്ടായിരുന്നു, എന്നാൽ ഞാൻ പറയാൻ ശ്രമിക്കുന്ന കാര്യങ്ങളെ ആ അർഥത്തിൽ അവൾക്ക് ഗ്രഹിക്കാനാവുന്നില്ലെങ്കിൽ ഒരു വെറും വാദപ്രതിവാദമുണ്ടാക്കിയേക്കാവുന്ന സമയനഷ്ടത്തെക്കുറിച്ച് ഞാൻ ബോധവാനായിരുന്നു.

ഏറിയ വേദനയാൽ ഒട്ടകക്കുട്ടി കാലുകളിട്ടടിക്കുന്നത് നിർത്തി, മുടന്തി മുടന്തിയെങ്കിലും മെല്ലെ അതെഴുന്നേറ്റു നിന്നു, പിന്നെ തന്റെ കൂട്ടർ ഓടിയ വഴിയെ ഓടാൻ തുടങ്ങി, ഒന്ന് പിന്തിരിഞ്ഞ് നോട്ടം കൊണ്ടെങ്കിലും ഒരു കൃതജ്ഞത അതെന്നെ അറിയിക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. ആ അവസരം മുതലാക്കിയിട്ടെന്നോണം അവൾ ചോദിച്ചു.

ഇപ്പോൾ മനസിലായല്ലോ.. സ്വന്തം വർഗ്ഗം പോലും ഉപേക്ഷിച്ചു കളഞ്ഞ ആ ഒട്ടകത്തെ ചികിത്സിച്ചതിന് എന്ത് പ്രതിഫലം കിട്ടി?”.

വ്യക്തമായി ഒരുത്തരം പറയാനുണ്ടായിരുന്നില്ല, അല്ലെങ്കിൽ തന്നെ മനസിൽ മാത്രം അനുഭവിക്കാനാവുന്ന സംതൃപ്തമായ ചില വികാരങ്ങളെ ഏതെങ്കിലും ഭാഷകൊണ്ട് വിവരിച്ചുകളയാമെന്ന് തോന്നുന്നത് തന്നെ വിഡ്ഡിത്തമാണല്ലോ.

നേർത്ത ഒരു കാറ്റിൽ മണൽതരികൾക്ക് ജീവൻ വെച്ചു, ജീവൻ കൊണ്ട ഏതാനും ചില തരികൾ എന്റെ ഞെരിയാണിക്ക് മുകളിൽ കാൽ രോമങ്ങളിലും തൊലിയിലുമായുരസി നേർത്ത സുഖമുള്ള ഇക്കിളി പടർത്തി വെറുതെ അരിച്ചു നടന്നു, ഞാൻ കാലിൽ നിന്നും വസ്ത്രമുയർത്തി അത് തട്ടിക്കളയുമ്പോൾ അവളെന്നെ രൂക്ഷമായി നോക്കി,

വിഡ്ഡിയാണ് ഹയാത്ത് നിങ്ങൾ, ശരിയായ വിഡ്ഡി, നഷ്ടമാവുന്ന ഓരോ നിമിഷത്തെയും കുറിച്ച് ഒട്ടും ബോധവാനല്ലാത്ത മനുഷ്യൻ, ഒരുപക്ഷെ ഞാനിതുവരെ കണ്ടവരിൽ വെച്ച് ഏറ്റവും മോശപ്പെട്ട മനുഷ്യൻ.”

എന്നെ അംഗീകരിക്കുകയും ലോകത്ത് മറ്റേതൊരു മനുഷ്യനേക്കാൾ ശ്രേഷ്ടനാണ് ഞാൻ എന്നതുപോലെയുള്ള വാക്കുകൾ കേൾക്കുകയും തന്നെയാണ് സുന്ദരിയായ അവളിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നത്  എന്നതിനാൽ അവളുടെ ആ വാക്കുകൾ എന്നെ ഏറെ വിഷാദമുഖനാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനിയുള്ള നടത്തത്തിൽ അവളിൽ ഉണ്ടാക്കിയ അസ്വസ്ഥതകൾ മാറ്റുന്ന തരത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

തലക്കു മുകളിലൂടെ പക്ഷികൾ കൂട്ടമായി പറന്നു പോയി, അവയിൽ വായാടികളായ ഏതാനും ചില പക്ഷികൾ തമ്മിൽ അവരുടെ ഭാഷയിൽ ഉറക്കെ സംസാരിക്കുന്നത് കേൾക്കാമായിരുന്നു, നിശബ്ദമായി നീങ്ങുന്ന യാത്രയെക്കാൾ രസകരമായിരിക്കും പരസ്പരം സംസാരിച്ചുകൊണ്ടുള്ള അത്തരം നടത്തമെന്ന് എനിക്ക് തോന്നി, മാത്രവുമല്ല, എനിക്കറിയാവുന്ന അറിവുകൾ മുഴുവൻ ഇവളെ അറിയിക്കേണ്ടതുണ്ട്, നേരത്തെ അവളുടെ മനസിലുണ്ടാക്കിയ മോശം ധാരണകളെ തിരുത്താൻ അതെന്നെ ഏറെ സഹായിക്കുകയും ചെയ്യുമെന്ന് തോന്നുന്നുണ്ട്.

ബദറുൽ മുനീറിന്റെയും ഹുസ്നുൽ ജമാലിന്റെയും കഥ കേട്ടിട്ടുണ്ടോ?”

അമ്മയുടെ മടിത്തട്ടിൽ കിടന്ന് കേട്ട കഥകളിലൊന്ന് പുറത്തിറക്കി എന്നെക്കുറിച്ചുള്ള അവളുടെ ധാരണമാറ്റാമെന്നോണം ഞാൻ ചോദിച്ചു.

ഞാൻ കേൾക്കാത്തതും അറിയാത്തതും അല്ലല്ലോ..”
താല്പര്യമില്ലാത്ത വിഷയം പോലെ  അവൾ പറഞ്ഞു.

ശരിയാണ്, അറേബ്യയിലെ ഏതു വീട്ടിലും ഈ ഒരു കഥ എത്രയോ കാലങ്ങളായി പറഞ്ഞുവരുന്നതാണല്ലോ, എത്ര മനോഹരമായ കഥകളും ഒരുപാട് തവണ കേൾക്കുക എന്നത് ശരിക്കും വിരക്തിയുണ്ടാക്കുന്നത് തന്നെയാണ്.

ഈ ഭൂമിക കണ്ടിട്ട് ലൈലയെ അഗാഥമായി പ്രണയിച്ച ഭ്രാന്തൻ കയ്സ് വരച്ചു വെച്ച ചിത്രങ്ങൾ പോലെ തോന്നുന്നുണ്ട്.”

അടുത്ത അടവുകളിലൊന്ന് പുറത്തിറക്കി എന്നിലെ മികവും തികവും വെളിവാക്കാനൊരുമ്പെട്ടതും അവൾക്ക് ദേഷ്യം വന്നിട്ടുണ്ടെന്ന് തോന്നുന്നുകൂർത്ത കണ്ണുകളോടെ എന്നെ നോക്കി അവൾ പറഞ്ഞു.

ഹയാത്ത്, ഒന്ന് നിർത്തുന്നുണ്ടോ നിന്റെ സംസാരം.വായിട്ടലക്കാതെ ഓരോ അടിയിലും മുന്നിലുള്ള ലക്ഷ്യം മാത്രം സ്വപ്നം കണ്ട് മുൻപോട്ട് നടക്കുക, നീ ചിന്തിക്കുന്ന അത്രത്തോളം നിസാരമായി നമുക്കാ നദിക്കരയിൽ എത്താനാവുമെന്ന ചിന്ത വെറുതെയാണ്. ഇത് മരുഭൂമിയാണ്, ഏത് നിമിഷവും അത്യൽഭുതങ്ങൾ കാട്ടാൻ മിടുക്കുള്ള മരുഭൂമി, ഒരായിരം വട്ടം മരീചികകൾ കൊണ്ട് നമ്മെ വിഡ്ഡിയാക്കാൻ കെല്പുള്ള മരുഭൂമി..”

ഞാൻ തീർത്തും നിശബ്ദനാക്കപ്പെട്ടു. എന്തിനിവളെ പിന്തുടരുന്നു എന്ന ചിന്ത എന്നിൽ തളർച്ചയും ക്ഷീണവും നിറച്ചു. പരിസരത്തെങ്ങും കൂട്ടില്ലാതെ ഒറ്റയായി  കൈകൾ നീട്ടിവിരിച്ചു ആരെയോ കാത്തുനിൽക്കുന്നത് പോലെ കാണപ്പെട്ട ഈന്തപ്പനച്ചുവട്ടിലേക്ക് അവളുടെ കൈപ്പടം വിടുവിച്ചു ഞാൻ നടന്നു ചെന്നു. വെയിലേറ്റ് വിയർത്ത ശരീരത്തിന് ഈന്തപ്പനയോലകളെ തഴുകി വന്ന കാറ്റ് വിശറിയായി, തണലിന്റെ നേർത്ത സുഖത്തിൽ കാലുകൾ നീട്ടിവെച്ച് ഞാനാ മരത്തിലേക്ക് പുറം ചേർത്ത് ചാരിക്കിടന്നു.

ഹയാത്ത്, ഹേ പടുവിഡ്ഡീ, നീയെന്താണീ കാണിക്കുന്നത്? താണ്ടിക്കഴിഞ്ഞ ദൂരത്തെക്കുറിച്ച് പോലും ബോധമില്ലാതായി എന്നാണോ? കണ്ണെത്തുന്ന ദൂരത്ത് ലക്ഷ്യം കാത്ത് നിൽക്കുമ്പോൾ തോന്നുന്ന ക്ഷീണവും വിശ്രമത്തിനുള്ള ആഗ്രഹങ്ങളും ബുദ്ധിമാനായ ഒരു മനുഷ്യന് ഒട്ടും ചേർന്നതല്ല.” എഴുന്നേറ്റ് വരൂ..”

വീണ്ടും അവളിൽ നിന്നും വന്ന വിഡ്ഡി വിളി എന്നിലെ രോഷം ആളിക്കത്തിച്ചു. നേരിട്ടൊരു അംഗത്തിനും വാദപ്രതിവാദങ്ങൾക്കും തയ്യാറായില്ലെങ്കിലും തണലിന്റെ സുഖത്തിൽ നിന്നും എഴുന്നേറ്റ് അവൾക്കൊപ്പം നടക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല,

അല്ലെങ്കിൽ തന്നെ എന്തിന്? ഇത്രത്തോളം ഔചിത്യബോധമില്ലാത്ത ഒരു സ്ത്രീക്ക് എത്രത്തോളം സൌന്ദര്യമുണ്ടായിട്ടെന്താണ്..?

ചുട്ടുപഴുത്ത മണൽതരികളെ ചവിട്ടിഞെരിച്ചുക്കൊണ്ട് അവൾ എന്റെ അരികിലേക്ക് നടന്നടുത്തു,
 അവളുടെ മുഖത്ത് അതുവരെ കണ്ട ദേഷ്യഭാവമുണ്ടായില്ലെന്ന് മാത്രമല്ല, ഏതൊരു പുരുഷനെയും ഒരൊറ്റ നിമിഷം കൊണ്ട് ആളിക്കത്തിക്കാനാവുന്ന വശ്യമായ ഒരു നോട്ടം അവളെന്റെ കണ്ണുകളിലേക്ക് തൊടുത്തുവിട്ടു. ഒരൊറ്റ നോട്ടത്തിൽ ഉള്ളിലുണ്ടായ രാസമാറ്റങ്ങളുടെ ഫലമായി എന്റെ സിരകളിലൂടെ ഒരു ഉഗ്രസർപ്പം പാഞ്ഞു നടക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു.

അവളുടെ നെറ്റിത്തടങ്ങളിൽ നിന്നും വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് തുള്ളികളായി പരിണമിച്ച് പുരികക്കൊടികൾക്കിടയിലൂടെ, മൂക്ക്പാലത്തിനു മുകളിലൂടെ അടഞ്ഞു കിടന്ന ചുണ്ടുകളിലൂടെ താടിക്കും കഴുത്തിനുമടിയിലേക്കിറങ്ങി വന്ന് അവളുടെ മഞ്ഞക്കുപ്പായത്തിനുള്ളിലേക്ക് ഇറങ്ങിപ്പോകുകയും കാർമേഘങ്ങൾക്കിടയിൽ മറഞ്ഞുപോകുന്ന നിലാവെളിച്ചം പോലെ അപ്രത്യക്ഷമാവുകയും ചെയ്തത് വല്ലാത്തൊരു കൌതുകത്തോടെ ഞാൻ നോക്കി നിന്നു.
എന്റെ നോട്ടവും ചിന്തകളും ഭാവനകളും, മറഞ്ഞു പോയ വിയർപ്പ് കണങ്ങളെ ഓർത്ത് നിന്നപ്പോൾ എന്റെ അരികിലേക്കുള്ള അവളുടെ രണ്ടടി നടത്തത്തിനപ്പുറം ജലകണങ്ങൾ അവളുടെ അടിവയറിനുമുകളിലൂടെ ഒലിച്ചിറങ്ങി പൊക്കിൾ ചുഴിയുടെ ആഴങ്ങളിൽ ലയിച്ചുചേരുന്നത് കാണാമായിരുന്നു

ഒരു വേള ഓടിച്ചെന്ന് അവളെ കോരിയെടുത്തുയർത്തി വയറിൽ ആയിരം ചുംബനങ്ങൾ വർഷിക്കാൻ എന്നിൽ ഭ്രമാത്മകമായൊരു ഉന്മാദമുണ്ടായി.കാതരയായൊരു ഉന്മാദഭാവത്തോടെ അവളും എന്നിലേക്ക് നടന്നടുത്തു, ലോകത്തിലെ സകല സൌന്ദര്യവും കൂടിച്ചേർന്ന് സ്ത്രീരൂപം പൂണ്ട് എന്റെ മുന്നിലേക്കടുക്കുന്ന ആ അനിർവ്വചനീയ നിമിഷത്തിന്റെ ലഹരയിൽ ഞാനൊരു അപ്പൂപ്പൻ താടിപോലെ ഭാരരഹിതനായി അന്തരീക്ഷത്തിലേക്ക് ഉയർന്ന് പൊങ്ങുന്നത് പോലെ തോന്നി,



എനിക്കു മുൻപിൽ അവൾ മുട്ടുകുത്തിയിരിക്കാനാഞ്ഞ നേരം അവളിലെ വിയർപ്പ് കണങ്ങളിലെ നിറഞ്ഞ സുഗന്ധം എന്റെ തലച്ചോറിനെ സുഖകരമായ ഒരു ലഹരിയുടെ ഏറ്റവും ഉത്തംഗശൃംഖത്തിലെത്തിച്ചു. എനിക്ക് മുൻപിൽ കാൽമുട്ടുകൾ കുത്തി കുനിഞ്ഞുകൊണ്ട് എന്റെ  എന്റെ കൈകൾക്ക് നേരെ കൈകൾ നീട്ടുമ്പോൾ അവളുടെ മാർവ്വിടത്തിന്റെ വശ്യസൌന്ദര്യത്തിൽ ഇമവെട്ടാനാവാതെ ഒരു കരിങ്കൽ പ്രതിമപോലെ ഞാൻ തരിച്ചു നിൽക്കുകയായിരുന്നു.

ലോകത്തിലെ ഏതൊരു പുരുഷനെയും അടിമയാക്കുവാൻ കഴിയുന്ന തരത്തിൽ വശ്യമായി എന്റെ വിരലുകളിൽ വിരലുകൾ കോർത്തുപിടിച്ച് അവളെഴുന്നേറ്റ് പ്രണയാതുരയായി എന്നെ വിളിച്ചു..
വരൂ ഹയാത്ത്..”

അവളുടെ കൈകളിൽ തൂങ്ങി മുൻപ് നടന്ന അതേ അനുസരണയോടെ ഞാനവളെ അനുഗമിച്ചു. മുൻപില്ല്ലാത്ത തരം ഒരടിമത്തം അപ്പോൾ എന്റെ മനസിലും തലച്ചോറിലും രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ലൈലാ - മജ്നുവിലോ ബദറുൽ മുനീറിലോ ഹുസ്നുൽ ജമാലിലോ പോലും ലോകം കണ്ടിട്ടില്ലാത്തത്രയും പ്രണയാർദ്ര വികാരഭാവത്തിൽ ചാവി കൊടുത്തു നടക്കുന്ന പാവകളെ പോലെ യാന്ത്രികമായ മുന്നോട്ടുള്ള പ്രയാണം കണ്ടിട്ടാവണം തലക്ക് മുകളിലൂടെ പറന്ന് പോയ പക്ഷികൾ ഏറ്റവും നന്നായി നിശബ്ദത പാലിച്ചു. അവയിലോരോന്നും മൂർത്തമായ ഒരസൂയയോടെ ഞങ്ങളെ നോക്കുന്നുണ്ടാവുമെന്ന് എനിക്ക് തോന്നായ്കയില്ല. ആ പ്രണയത്തിന്റെ വശ്യതയിൽ ആദരവ് തോന്നിയിട്ടാവണം ചുട്ടു പഴുത്തുകിടന്ന മരുഭൂമിലൂടെ കുഞ്ഞു തണുപ്പ് കണികകളെ വഹിച്ച് ഒരു ഇളം കാറ്റ് കടന്നു വന്നു.

മുന്നിലേക്കുള്ള നടത്തത്തിന് യാതൊരു വിഷമതകളും അനുഭവപ്പെടുന്നുണ്ടായതേയില്ല, ഏറെ താമസിയാതെ ഈ ലോകത്തിലെ ഏറ്റവും വശ്യമായ സൌന്ദര്യത്തിന്റെ ഓരോ അണുവിലും എന്റെ ഉച്ഛ്വാസ-നിശ്വാസങ്ങളുടെ ഇളം ചൂട് നൽകുന്ന, ലോകത്തിലെ ഏറ്റവും വശ്യവും വന്യവുമായേക്കാവുന്ന ഒരു രതിയുടെ കൂടിച്ചേരുലുകളിലെ സ്വപ്നങ്ങളിൽ ഞാൻ ബന്ധിക്കപ്പെട്ടിരിക്കണം.

അനേകം കോലാടുകളെയും ചെമ്മരിയാടുകളേയും തെളിച്ചുകൊണ്ട് എതിരെ നിന്നും തലപ്പാവു ധരിച്ച ഒരാട്ടിടയനെ അകലെ നിന്നും കാണാനായതും വർദ്ധിച്ച സന്തോഷത്തിൽ അവളെന്റെ വിരലുകളിൽ അമർത്തി ഞെരിച്ചു കൊണ്ട് പറഞ്ഞു.



“കാണുന്നില്ലേ ഹയാത്ത്, നാം വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് തോന്നുന്നുണ്ട്, നാം അന്വേഷിച്ചുവന്ന നദിയിൽ നിന്നും ജലപാനം കഴിഞ്ഞ് തിരിച്ച് നടക്കുന്നതാണ് ഇവരെന്ന് തോന്നുന്നുണ്ട്

ഏറ്റവും മുൻപിൽ കോലാടുകളും പിന്നീട് ചെമ്മരിയാടുകളും ശേഷം ആട്ടിടയനുമായി വന്നുകൊണ്ടിരുന്ന ആ ജാഥ ഞങ്ങളുടെ ഏറ്റവുമടുത്തേക്ക് അടുത്ത് തുടങ്ങുമ്പോൾ അയാൾ പാടിക്കൊണ്ടിരുന്ന, അത്ര തന്നെ പരിചിതമല്ലാത്ത പഴക്കം ചെന്ന ഒരു അറബിക്കവിതയുടെ വരികൾ കാതുകൾക്ക് ശ്രാവ്യമായിത്തുടങ്ങി..

ഒരു യാത്ര, ഒരേയൊരു യാത്ര,
ഏറെദൂരമെന്ന്തോന്നിപ്പിക്കുന്ന,                                                                                              
അത്രയേറെയൊന്നുംദൂരമില്ലാത്ത,                                                                                           
ഒരു യാത്ര, ഒരേയൊരു യാത്ര,
ഓരോ അടിയിലും ഓരോചുവടിലും                                                                                           അടിമയാകുന്നു മനുഷ്യാ നീ                                                                                               വിഡ്ഡിയായ ഒരടിമയാകുന്നു                                                                                                     നിന്നെ  പിന്തുടരുന്നത് മരണമാകുന്നു,                                                                    
നീ പിന്തുടരുന്നതോ മരണം തന്നെ

പരസ്പരം വഴി മുറിച്ച് കടന്ന് പോകുമ്പോൾ ഓരോ ആടുകളുടെയും നോട്ടം എന്നിലേക്കാണെന്ന് തോന്നി, ആട്ടിടയൻ ഉത്തരം കണ്ടുപിടിക്കാനാവാത്ത നനുത്ത ഒരു ചിരി സമ്മാനിച്ചു എന്നെക്കടന്ന് പോയതും അയാളുടെ കവിത പെട്ടെന്നവസാനിച്ചത് പോലെ തോന്നി.

എന്തൊക്കെയോ ഉറപ്പ് വരുത്താനെന്ന പോലെ പിന്നിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം, അവിടെ  ശ്യൂന്യമായ മരുഭൂമി.! വളരെ പെട്ടെന്ന് അപ്രത്യക്ഷമായ കുറെ ആടുകളും ഒരാട്ടിടയനും..!!

അമ്മയുടെ മടിത്തട്ടിൽ നിന്നു തുടങ്ങി കൈപിടിച്ചു നടക്കുന്ന  സുന്ദരിയുടെ സുന്ദരമായ അധരങ്ങളിൽ നിന്നുവരെ കേട്ട മരുഭൂമിയുടെ അത്ഭുതക്കാഴ്ചകളുടെ ഒരു നേർചിത്രം എന്റെ തലച്ചോറിൽ ഒന്നിലേറെ ചോദ്യങ്ങൾ നൽകി കണ്ണുകളിലൂടെ കടന്നുപോയി.

തലച്ചോറിൽ തിളച്ചുമറിഞ്ഞ ചോദ്യങ്ങൾ മറന്ന് കളയാൻ പ്രേരിപ്പിക്കുന്ന തരത്തിൽ കണ്മുന്നിൽ ജലാർദ്രമായ മണൽതിട്ടകൾ കാണാനായി, വേഗത്തിൽ നടന്ന് തണുത്ത ജലപാളികളിലൊന്നിൽ കാൽ വെക്കാൻ തുനിയവേ പിന്നിൽ നിന്നും ശക്തമായ ഒരു തള്ളലുണ്ടായി, അവളുടെ കൈകൾ എന്നെ ആഴമറിയാത്ത ആ നദിയുടെ ആഴങ്ങളിലേക്ക് തള്ളിവീഴ്ത്തുമ്പോൾ ഒരു നേർത്ത കരച്ചിൽ പോലും പുറത്തേക്ക് വന്നതേയില്ല.എന്റെ ശരീരം ആ നദി അതിന്റെ ആഴങ്ങളിലേക്ക് പിടിച്ചു വലിക്കവേ, ഒരു രക്ഷ കൊതിച്ചെന്ന പോലെ എന്റേ നോട്ടം കരയിലേക്ക് നീണ്ടു. അവളുടെ രൂപമോ ശബ്ദമോ ആ കരയിൽ അവശേഷിപ്പിക്കാതെ മറ്റൊരു ഇരയെ തേടി അവൾ ഇറങ്ങിക്കഴിഞ്ഞിരിക്കണം എന്നെനിക്ക് മനസിലായി.

സംഹാര രുദ്രയായ ഒരു രാക്ഷസിയെപ്പോലെ ആ ജലസരണി എന്റെ ശരീരത്തെ ഭൂരിഭാഗവും വിഴുങ്ങി നിൽക്കവേ, കരയിൽ ഒരു ഒട്ടകക്കുഞ്ഞ് മാത്രം തീവ്രമായ വേദനയോടെ എന്റെ കണ്ണുകളിലേക്ക് കണ്ണുകൾ കോർത്തുനിന്നിരുന്നു.

ഒരു നിമിഷത്തിന്റെ ഏതാനും ചില മാത്രകളിലെ ആ കാഴ്ചകൂടി മറയുമ്പോൾ എവിടെ നിന്നോ ചാരതയും കറുപ്പും ഒരുക്കൂടി സംഗമിച്ച് എന്റെ ലോകത്തിന് ഒരു ശ്യൂന്യത മാത്രം ബാക്കി വെച്ചു കഴിഞ്ഞിരുന്നു.

പതിഞ്ഞമരുകയും കുതിച്ചുയരുകയും ചെയ്യുന്ന ശ്വാസോച്ഛാസത്തിന്റെ തള്ളിച്ചകൾ ജലോപരിതലത്തിൽ കുമിളകളായി കുമിഞ്ഞു പൊന്തിത്തുടങ്ങുമ്പോൾ ഒന്നിൽ നിന്നും മറ്റൊന്നായി മാറുന്ന സർവ്വസാധാരണമായ ഒരു പ്രതിഭാസത്തിന് ഞാൻ വിധേയനായിക്കഴിഞ്ഞിരുന്നു
***